2010, നവംബർ 5, വെള്ളിയാഴ്‌ച

ഐബസ് ഓണാക്കാൻ

വിക്കികളിലൊഴികെ മിക്കയിടത്തും മലയാളം ടൈപ്പിങ്ങിന് ഐബസ്സാണ് ഉപയോഗിക്കുന്നത്. സ്കിം ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല ഉപയോഗിക്കണമെന്ന് തോന്നിയിട്ടുമില്ല. വിക്കിയിലെ ടൂൾ, കീമാൻ എന്നിവയിലേത് പോലെ തൽസമയം എല്ലാ അക്ഷരങ്ങളും വരുന്ന രീതിയിലല്ല എന്നത് തുടക്കത്തിൽ ഒരു കല്ലുകടിയായി തോന്നിയെങ്കിലും പിന്നെ ശരിയായി.

ഐബസ് പ്രവർത്തിപ്പിക്കാൻ തുടക്കത്തിൽ ഞാൻ ചെയ്തുവന്നിരുന്നത്: System->Preferences->Keyboard Input Methods ക്ലിക്ക് ചെയ്യുകയാണ്. പക്ഷെ അപ്പോൾ മൂന്ന് വിൻഡോകളിലായി Yes, OK, Close എന്നീ ബട്ടണുകൾ ഞെക്കേണ്ടി വരും. ഐബസ് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ ഉബുണ്ടുവിൽ വേറെ ബട്ടണുകളൊന്നും കാണുന്നുമില്ല. ഇനി എന്റെ കണ്ണിൽപ്പെടാത്തതായിരിക്കുമോ?

ഐബസ് പെട്ടെന്ന് പ്രവർത്തിപ്പിക്കാൻ രണ്ട് വഴികൾ പറഞ്ഞു തരാം. ഒന്ന് സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസും സ്റ്റാർട്ടാക്കുന്നതാണ്, മറ്റൊന്ന് പാനെലിലെ ബട്ടൺ വഴി സ്റ്റാർട്ടാക്കുന്നത്.

സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസ്സും സ്റ്റാർട്ടാക്കാനായി:
1. System->Preferences->Startup Applications ഞെക്കുക
2. തുറന്നുവന്ന "Startup Application Preferences" വിൻഡോയിലെ 'Add' ബട്ടൺ ഞെക്കുക.
3. വന്ന വിൻഡോയിൽ
Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon
എന്ന് നൽകുക. 'Add' ഞെക്കുക.

(കടപ്പാട് പ്രവീണിന്റെ പോസ്റ്റ്)

ആവശ്യമുപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക എന്ന രീതിയാണെന്റേത്, അതോണ്ട് മുകളിൽ പറഞ്ഞ രീതി ഞാൻ പ്രാവർത്തികമാക്കിയിട്ടില്ല. സിസ്റ്റത്തിന്റെ ഓണാകുന്നതിന്റെ കൂടെ അത്യാവശ്യമല്ലാത്ത പ്രോഗ്രാമുകൾ പ്രവർത്തിക്കുന്ന രീതി ഇഷ്ടമല്ലാത്തതിനാൽ ഐബസ് ഓണാക്കാനായി പാനെലിൽ ഒരു ബട്ടൺ ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി:

1. (മുകളിലെ) പാനലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ "Add to Panel..." ഞെക്കുക.
2. "Add to Panel" വിൻഡോയിലെ ലിസ്റ്റിൽ ഏറ്റവും മുകളിലായി കാണുന്ന "Custom Application Launcher" തിരഞ്ഞെടുത്ത് 'Add' ഞെക്കുക.
3. വന്ന വിൻഡോയിൽ
Name: IBus
Command: /usr/bin/ibus-daemon -d
Comment: Start IBus
എന്ന് നൽകുക.

4. ഇനി 'OK' ഞെക്കിയാൽ കാര്യം കഴിയുമെങ്കിലും, പാനെലിൽ വരുന്ന ബട്ടണിന്റെ ഐക്കൺ ഐബസ്സിന്റേതാക്കായാൽ നല്ലതായിരിക്കും. അതിനായി ഇടതുവശത്തായി കാണുന്ന ഐക്കൺ ബട്ടണിൽ ഞെക്കുക. വരുന്ന വിൻഡോയിൽ നിന്ന് ibus.svg എന്ന ഐക്കൺ തിരഞ്ഞെടുക്കുക. 'Open' ഞെക്കുക, 'OK' ഞെക്കുക.



പാനലിൽ ഐക്കൺ വന്നിട്ടുണ്ടാകും.

.

2010, നവംബർ 4, വ്യാഴാഴ്‌ച

മാവെറിക്ക് മീർകാറ്റും മലയാളവും

ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ ഐബസ്സിൽ സ്വതേ മലയാളം ലഭ്യമല്ല. വെറും ഒരു കമാന്റ് വഴി മലയാളം ലഭ്യമാക്കാമാക്കാവുന്നതേയുള്ളൂ.

sudo apt-get install  ibus-m17n

എന്ന കമാന്റ് ടെർമിനലിൽ ടൈപ്പ് ചെയ്താൽ മതി, ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക. കൂടെ കെട്ട് കണക്കിന് മറ്റ് ഭാഷകളുടേയും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാളായിട്ടുണ്ടാകും.


ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അതൊക്കെ പരിഹരിച്ച് പ്രവീൺ മുൻപ് പോസ്റ്റിയിരുന്നു. അത് പുതുക്കാൻ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്ന് ടൈപ്പ് ചെയ്യുക.

ബസ്സിലൊക്കെ പോസ്റ്റിയാൽ പിന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും അതോണ്ടാണ് ഇവിടെ ഒരു പോസ്റ്റായി ഇടുന്നത്.

ഓഫ്: അപ്പാച്ചെയുടെ ഡോക്യുമെന്റ് റൂട്ടിലെ പെർമിഷൻ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ /var ന് കീഴിലുള്ള മൊത്തം ഫോൾഡറിന്റേയും ഫയലുകളുടേയും പെർമിഷനുകൾ അബദ്ധത്തിൽ മാറി മറിഞ്ഞ് അൽകുൽത്തായി. പിന്നെ ഒന്നിനും പറ്റുന്നില്ല, സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാമെന്ന് വെച്ചപ്പൊ  ഗ്നോമും പെർമിഷനില്ലാന്നും പറഞ്ഞ് പണിമുടക്കി, കൈവിട്ടു എന്ന് തോന്നിയപ്പോൾ പരീക്ഷണത്തിന് കമാന്റ് ലൈനിൽ കയറി /var ന് കീഴിലെ നീക്കാൻ പറ്റുന്ന ഫോൾഡറൊക്കെ കളഞ്ഞു! അതോടെ sudo കമാന്റും പണിയെടുക്കൽ നിർത്തി. പിന്നെ ഉബുണ്ടു പുതുതായി ഇൻസ്റ്റാൾ ചെയ്യുകയല്ലാതെ വഴിയില്ലെന്നായി. അങ്ങനെ പുതുതായി ഇൻസ്റ്റാളിയപ്പോൾ ഇതും ചെയ്യേണ്ടി വന്നു.

2010, നവംബർ 1, തിങ്കളാഴ്‌ച

ലൂസിഡ് -> മാർവിക്

ദീർഘകാലപിന്തുണയുള്ള പതിപ്പുകൾ പുറത്തിറങ്ങിയാൽ മാത്രമേ, ഉബുണ്ടുവിന്റെ അപ്ഡേറ്റ് മാനേജർ, ഓപ്പറേറ്റിങ് സിസ്റ്റം മൊത്തത്തിൽ പുതുക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ 10.04 ലൂസിഡ് ലിങ്ക്സ് ഉപയോഗിക്കുന്നവർക്ക് പുതിയ പതിപ്പായ 10.10 മാർവിക് മീർക്കറ്റ് ലഭിക്കണമെങ്കിൽ അപ്ഡേറ്റ് മാനേജറിൽ ചെറിയ ക്രമീകരണം വരുത്തി അപ്ഡേറ്റ് ചെയ്താൽ മതിയാകും. ചെയ്തുകൊണ്ടിരിക്കുന്ന പണികൾക്ക് തടസമൊന്നും വരാതെ, പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് തനിയെ പുതുക്കപ്പെടും.

അപ്ഡേറ്റ് മാനേജർ എടുക്കുന്നതിന് System->Administration->Update Manager അതിലെ Settings ബട്ടൺ അമർത്തുക. താഴെക്കാണുന്ന രീതിയിൽ Release upgrade എന്നയിടത്ത് Long term support releases only എന്നതു മാറ്റി Normal releases എന്നത് തിരഞ്ഞെടുക്കുക. തുടർന്ന് അപ്ഡേറ്റ് മാനേജറിലെത്തിയാൽ പുതിയ റിലീസ് ഇൻസ്റ്റോൾ ചെയ്യണോ എന്നാവശ്യപ്പെടും.

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.