2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഉബുണ്ടു 11.04 : നാറ്റി നർവാൾഉബുണ്ടുവിന്റെ പുതിയ പതിപ്പ് 11.04 പുറത്തിറങ്ങി. നാറ്റി നർവാൾ എന്നു പേരിട്ടിരിക്കുന്നഈ പതിപ്പ് 2011 ഏപ്രിൽ 28-നാണ് പുറത്തിറങ്ങിയത്. പതിപ്പിന്റെ നമ്പറായ 11.04 എന്നതിലെ 11 എന്നത് 2011 എന്ന വർഷത്തേയും 04 എന്നത് ഏപ്രിൽ മാസത്തെയും സൂചിപ്പിക്കുന്നു. അടുത്ത പതിപ്പ് 2011 ഒക്ടോബർ മാസം പുറത്തിറങ്ങും. ഉബുണ്ടുവിന്റെ കഴിഞ്ഞ പതിപ്പുകളിൽ നിന്ന് ആദ്യം കാണുന്ന മാത്രയിൽ തന്നെ നിരവധി പ്രത്യേകതകളുമായിട്ടാണ് ഈ പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്.

ഡൗൺലോഡ്


എല്ലാ തവണത്തെയും പോലെ ഇത്തവണയും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ഉബുണ്ടു ഡൗൺലോഡ് ചെയ്യുന്നതിനു ഉബുണ്ടൂവിന്റെ ഔദ്യോഗിക സൈറ്റിലുള്ള കണ്ണി സന്ദർശിച്ചാൽ മതിയാകും. ടോറന്റ് പോലുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്നതിനു ഈ കണ്ണി ഉപയോഗിക്കുക. ഇങ്ങനെ ഡൗൺലോഡ് ചെയ്ത ISO ഇമേജ് ഒരു സി.ഡിയിലേക്ക് പകർത്തിയോ അല്ലെങ്കിൽ പെൻഡ്രൈവിലേക്ക് പകർത്തിയോ ഇൻസ്റ്റാൾ ചെയ്യാം.

ഉബുണ്ടു 10.10 ഉപയോഗിക്കുന്നവർക്ക് 11.04 നേരിട്ട് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യാം. അതിനായി ആദ്യം alt+f2 കീകൾ പ്രസ് ചെയ്യണം തുറന്നു വരുന്ന വിൻഡോവിൽ update-manager -d എന്നു ടൈപ്പ് ചെയ്ത് Run അമർത്തുക. തുടർന്ന് Upgrade എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിശദമായി അറിയുന്നതിനു ഈ കണ്ണി ഞെക്കുക.

സവിശേഷതകൾ

നാറ്റി നെർവാളിന്റെ സവിശേഷതകൾ താഴെ പറയുന്നു.

  • ലിനക്സ് കേർണലിന്റെ ഏറ്റവും പുതിയ പതിപ്പായ 2.6.38-8-generic കേർണൽൽ
  • സാധാരണ ഉപയോഗിച്ചു വരുന്ന ഡെസ്ക്ടോപ്പിനു പകരം യൂനിറ്റി ഡെസ്ക്ടോപ്പ്
  • ഇതുവരെ ഉപയോഗിച്ചിരുന്ന ഓപ്പണോഫീസ് ഓഫീസ് സ്യൂട്ടുകൾക്കു പകരം ലിബ്രെ ഓഫീസ്
  • ബാൻഷീ മീഡിയ പ്ലേയർ എന്ന പുതിയ മീഡിയ പ്ലേയർ


ഇതിൽ സാധാരണ ഒരു ഉപയോക്താവിനെ സംബന്ധിച്ചെടുത്തോളം പ്രധാനമായി കാണുന്ന വ്യത്യാസം യൂനിറ്റി ഡെസ്ക്ടോപ്പ് തന്നെയായിരിക്കും. ഒരു സാധാരണ യൂസറെ സംബന്ധിച്ചെടുത്തോളം ഇതുവരെ ഉപയോഗിച്ചുവന്ന ഡെസ്ക്ടോപ്പ് സമ്പ്രദായങ്ങളിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നം സ്വാഭാവികമായി ഉണ്ടാകും. ഉബുണ്ടു നാറ്റി നെർവാൾ ആദ്യമുപയോഗിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം ഈ ഗൂഗ്‌ൾ ബസ്സിൽ വിവരിച്ചിരുന്നു.

യഥാർത്ഥത്തിൽ യൂനിറ്റി ഡെസ്ക്ടോപ്പ് ലാപ്പ്ടോപ്പുകൾക്കോ ഡെസ്ക്ടോപ്പുകൾക്കോ പകരം നോട്ടുബുക്കുകൾക്കോ , ടച്ച് സ്ക്രീൻ ഉപയോഗിക്കാവുന്ന ടാബ്‌ലറ്റുകൾക്കോ ആണു കൂടുതൽ ഇണങ്ങുക.

യൂനിറ്റി ഡെസ്ക്ടോപ്പിന്റെ പ്രവർത്തനമറിയാൻ ഈ യുട്യൂബ് വീഡിയോ കാണുക.യൂനിറ്റി ഡെസ്ക്ടോപ്പ് എങ്ങനെ ഒഴിവാക്കാം?

പ്രവർത്തിപ്പിച്ചു ശീലം വരുന്നതു വരെ യൂനിറ്റി ഡെസ്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത തോന്നാം. ഞാൻ നേരത്തെ എന്റെ ബസ്സിൽ സൂചിപ്പിച്ചതു പോലെ അപ്‌ഗ്രേഡ് ചെയ്യണ്ടായിരുന്നു എന്നു വരെ ചിന്തിച്ചേക്കാം. വിഷമിക്കേണ്ട. ഒരു നിമിഷം കൊണ്ട് നിങ്ങളുടെ പഴയ ഉബുണ്ടു ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് തന്നെ മടങ്ങിയെത്താം. അതെ അപ്‌ഗ്രേഡ് ചെയ്താലും. അതെങ്ങനെയെന്ന് താഴെ വിശദീകരിക്കുന്നു.

ആദ്യം നിങ്ങൾ ഉപയോഗിച്ചു വരുന്ന യൂസർ ലോഗൗട്ട് ചെയ്യണം. ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ യൂസർ നേം ഞെക്കുക. താഴെ കാണുന്ന പാനലിൽ Unity 2D എന്നെഴുതിക്കാണാം. അതുമാറ്റി ഉബുണ്ടു ക്ലാസിക് തെരഞ്ഞെടുക്കുക. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും തെരഞ്ഞെടുക്കുക. സാധാരണ ലോഗിൻ ചെയ്യുന്നതു പോലെ പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക. സാധാരണ ഉപയോഗിച്ചു വരുന്ന ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് നിങ്ങൾ മാറിയിട്ടുണ്ടാകും. :)

ഉബുണ്ടു 10.10-ലേതു പോലെ വിൻഡോയിലെ ബട്ടണുകൾ ഇതിലും മാക് ഒ.എസിലേതു പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. അതുമാറ്റി പഴയ രീതിയിലാക്കണമെങ്കിൽ ഈ കണ്ണിയിൽ പറയുന്നതു പോലെ ചെയ്യൂ.
മലയാളം

കമ്പ്യൂട്ടറിൽ മലയാളം സാധാരണ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആദ്യം നോക്കിയത് മലയാളം സപ്പോർട്ടാണ്. പഴയ പതിപ്പുകളിലേതു പോലെ 11.04-ഉം യൂനികോഡ് 5.0 അധിഷ്ഠിതമായ മലയാളം ഫോണ്ടുകൾ തന്നെയാണുപയോഗിച്ചിരിക്കുന്നത്. ഇതു കാരണം മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ചില്ലക്ഷരങ്ങൾക്കു പകരം ® എന്നാകും കാണുക. അതൊഴിവാക്കാൻ യൂനികോഡ് 5.1 അധിഷ്ഠിതമായ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തുപയോഗിക്കുക. ഫോണ്ട് സജ്ജീകരണത്തെക്കുറിച്ച് കൂടുതലറിയാൻ എന്റുബുണ്ടുവിലെ ഈ പോസ്റ്റ് കാണുക.

മലയാളം ടൈപ്പ് ചെയ്യാൻ ലിപിമാറ്റരീതികളായ മൊഴിയോ, സ്വനലേഖയോ, അല്ലെങ്കിൽ ഇൻസ്ക്രിപ്റ്റോ ഉപയോഗിക്കാം. ഓൾട്ടെർനേറ്റീവ് ഇൻപുട്ടിനായി ഐബസ് ആണ് ഉബുണ്ടുവിലുള്ളത്. ഇത് ലോഗിൻ ചെയ്യുമ്പോൾ തന്നെ പ്രവർത്തന സജ്ജമാകാൻ താഴെ വിവരിച്ചിട്ടുള്ളതു പോലെ ചെയ്യുക.

System > Preferences > Startup Applications


Add എന്ന ബട്ടൺ ഞെക്കുക

Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon


എന്നു നൽകുക, ലോഗൗട്ട് ചെയ്ത് ലോഗിൻ, റീസ്റ്റാർട്ട് എന്നിവയിലേതെങ്കിലും ചെയ്യുക. അതിനു ശേഷം കണ്ട്രോൾ+സ്പേസ് അടിച്ചാൽ ഐബസ് പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം മലയാളം ലഭ്യമാകണമെന്നുണ്ടെങ്കിൽ ഐബസിൽ മലയാളം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി എന്റുബുണ്ടുവിലെ ഈ പോസ്റ്റ് സന്ദർശിക്കുക.

കൂടുതൽ വായനയ്ക്ക്


ഒരു പുതിയ ഉബുണ്ടു അനുഭവം ആശംസിക്കുന്നു.