2011, ജൂലൈ 15, വെള്ളിയാഴ്‌ച

മോണിറ്റർ ഓഫാക്കലും ലോക്കിടലും

ചില അവസരങ്ങളിൽ സ്ക്രീൻ ഓഫാക്കിയിടുന്നത് നല്ലതാണ്. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളിൽ ഊർജ്ജോപയോഗത്തിൽ മുന്നിൽ നിൽക്കുന്ന ഭാഗമാണ് മോണിറ്റർ. കമ്പ്യൂട്ടറിനോട് നേരിട്ട് സംവേദനം നടത്തേണ്ടതില്ലാത്ത അവസരങ്ങളിൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാതെ ഊർജ്ജലാഭത്തിനു വേണ്ടി അങ്ങനെ ചെയ്യാവുന്നതാണ്. അതിനു വേണ്ടി ഈ കമാന്റ് ഉപയോഗിക്കാം (ഹാർഡ്‌വെയർ പിന്തുണയില്ലാത്ത പഴയ സിസ്റ്റങ്ങളിൽ ഇത് ചിലപ്പോൾ പ്രവർത്തിക്കില്ല.)

xset dpms force off

മൗസൊന്ന് അനക്കുകയോ കീബോർഡിലെ കീകളിലൊന്ന് അമർത്തുകയോ ചെയ്താൽ മോണിറ്റർ ഓണാകുകയും ചെയ്യും. മോണിറ്റർ ഓഫാക്കിയിടുക മാത്രമാണ് ഇതുവഴി ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാധാരണഗതിയിൽ തന്നെയായിരിക്കും.

കമ്പ്യൂട്ടറിന്റെ പ്രവർത്തന വേഗം നമ്മുടെ കൈവേഗത്തേക്കാൾ വളരെ കൂടുതലായതിനാൽ ചിലപ്പോൾ‌ ഈ കമാന്റടിച്ചാൽ മോണിറ്റർ ഒന്ന് ചിമ്മി തുറന്നെന്ന് വരും. കമാന്റ് പ്രവർത്തിക്കുന്നതിനിടയിൽ നടന്ന കീബോർഡിലേയോ മൗസിലെയോ പ്രവർത്തനങ്ങൾ കാരണമാകും അത്. അതൊഴിവാക്കാൻ ഈ കമാന്റ് പ്രവർത്തിക്കുന്നതിന് മുൻപ് അൽപസമയത്തെ ഇടവേള നൽകുന്നത് നന്നായിരിക്കും, എതാണ്ട് ഒന്നോ രണ്ടോ സെക്കന്റ് മാത്രം, അതിനായി:

sleep 2 && xset dpms force off

എന്ന് ഉപയോഗിക്കാം. 2 സെക്കന്റ് നേരം കഴിഞ്ഞ് മാത്രം മോണിറ്റർ ഓഫാക്കാനുള്ള നിർദ്ദേശം നടപ്പിലാക്കുകയാണിത്. അതുവഴി കീബോർഡിൽ നിന്നും മൗസിൽ നിന്നുമൊക്കെ കൈയ്യെടുക്കാനുള്ള സമയം അനുവദിക്കുന്നു.

നേരത്തേ പറഞ്ഞത് പോലെ മൗസിൽ തൊടുമ്പോൾ തന്നെ മോണിറ്റർ പഴയപടിയാകുന്നതിനാൽ ഇതു ചെയ്ത് നമ്മൾ പുറത്ത് പോയാൽ ആർക്കും കമ്പ്യൂട്ടർ നേരിട്ട് ഉപയോഗിക്കാം അതൊഴിവാക്കാൻ സ്ക്രീൻ ലോക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഗ്നോം പണിയിടം ഉപയോഗിക്കുന്നത് സിസ്റ്റങ്ങളിൽ ആദ്യം,

gnome-screensaver

എന്ന കമാന്റ് നൽകി നോക്കുക, അപ്പോൾ screensaver പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ,

gnome-screensaver-command -l

എന്ന കമാന്റ് വഴി സ്ക്രീൻ ലോക്ക് ചെയ്യാം. സാധാരണ ഉബുണ്ടു വിതരണത്തിലെ "Lock Screen" (ഷോർട്ട്കീ: Ctrl+Alt+L) എന്ന മെനുഐറ്റത്തിന് സമാനമാണ് ഇത്.

മുകളിൽ വിവരിച്ച രണ്ട് കമാന്റുകളും ഒറ്റവരിയിലാക്കിയാൽ:

gnome-screensaver-command -l && sleep 2 && xset dpms force off

സ്ക്രീൻ ലോക്ക് ചെയ്യുകയും രണ്ട് സെക്കന്റ് നേരത്തെ ഇടവേളക്ക് ശേഷം മോണിറ്റർ ഓഫാകുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ പിന്നീട് മൗസനക്കുകയോ മറ്റോ ചെയ്താൽ പാസ്‌വേഡ് നൽകാനുള്ള സ്കീനായിരികും ഉണ്ടാവുക.

ഈ കമാന്റിങ്ങനെ ഇടക്കിടെ ടൈപ്പ് ചെയ്യുന്നതൊഴിവാക്കി ഡെസ്ക്ടോപ്പിൽ ഒരു ബട്ടണോ മറ്റോ ആയി ചേർത്താൽ ഒരു ബട്ടൺ ക്ലിക്ക് വഴി കാര്യം സാധിക്കാം.

അതിനായി ആദ്യം ഈ കമാന്റ് ടെക്സ്റ്റ് എഡിറ്റർ തുറന്ന് പേസ്റ്റ് ചെയ്യുക ശേഷം ഒരു ഫയലായി സേവ് ഫയൽ സിസ്റ്റത്തിൽ എവിടെയെങ്കിലും സൗകര്യമുള്ളിടത്ത് സേവ് ചെയ്യുക, 'lock.sh' എന്നോ മറ്റോ പേര് നൽകാവുന്നതാണ്. ശേഷം ഫയലിനെ എക്സിക്യൂട്ടബിൾ ആക്കുക. ലളിതമായ ഒരു കമാന്റ് വഴി എക്സക്യൂട്ടബിൾ ആക്കാവുന്നതാണ്:

chmod 744 lock.sh

അല്ലെങ്കിൽ ഫയലിൽ മൗസിന്റെ വലത് ബട്ടൺ അമർത്തി 'Properties' ഐറ്റം എടുത്ത് വരുന്ന ഫയൽ പ്രോപ്പർട്ടീസ് വിൻഡോയിലെ 'Permissions' എന്ന ഭാഗത്ത് താഴെയുള്ള 'Allow executing file as program' എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്ത് അടക്കുക.

ശേഷം ഡെസ്ക്ടോപ്പിലെ പാനലുകളിലെവിടേയെങ്കിലും മൗസിന്റെ വലത് ബട്ടൺ ക്ലിക്കി കിട്ടുന്ന മെനുവിലെ 'Add to Panel...' ഞെക്കുക. തുറന്ന് വന്ന 'Add to Panel' വിൻഡോയിലെ മുകൾ ഭാഗത്തുള്ള 'Custom Application Launcher' തിരഞ്ഞെടുത്ത് 'Add' ബട്ടൺ ഞെക്കുക. വരുന്ന വിൻഡോയിലെ 'Command' എന്ന ഭാഗത്തെ 'Browse' ബട്ടൺ ഞെക്കി സേവ് ചെയ്ത് ഫയൽ (lock.sh) തിരഞ്ഞെടുക്കുക. 'Name', 'Comment' എന്നിവയിൽ ആവശ്യമുള്ള വിവരങ്ങൾ നൽകുക (ചിത്രം കാണുക). ആവശ്യമെങ്കിൽ ഐക്കണും മാറ്റാവുന്നതാണ്.



ശേഷം 'Close' ഞെക്കുക. പാനലിൽ ബട്ടൺ വന്നിട്ടുണ്ടാകും. ഇനി ഈ ബട്ടണിൽ ഞെക്കി മോണിറ്റർ ലോക്കാക്കുകയും ഓഫാക്കുകയും ചെയ്യാം.

ഗ്നോം പണിയിടം ലോക്ക് ചെയ്യുന്ന കമാന്റാണ് മുകളിൽ നകിയിരിക്കുന്നത്. മറ്റ് പണിയിടങ്ങൾ ഉപയോഗിക്കുന്നവർ അതിനായുള്ള കമാന്റ് ഉപയോഗിക്കേണ്ടി വരും.

ഇതിനേക്കാൾ അൽപം കടന്ന ഒരു മെനു ഐറ്റം ഉബുണ്ടുവിൽ സ്വതേ ലഭ്യമാണ്, 'Restart', 'Shutdown' എന്നിവയുടെ കൂടെ കാണുന്ന 'Suspend' എന്ന മെനുഐറ്റമാണത്. അത് ഞെക്കിയാൽ മോണിറ്റർ കൂടാതെ ഹാർഡിക്സ് തുടങ്ങിയവയും ഓഫാകും, കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിർത്തിവെക്കും. പ്രോഗ്രാമുകൾ പ്രവർത്തിക്കില്ല. കീബോർഡിൽ ക്ലിക്കിയാൽ പഴയപടിയാകുകയും ചെയ്യും.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.