2012, മാർച്ച് 11, ഞായറാഴ്‌ച

ഗ്നോം ഡു

പലർക്കും ഉപകാരപ്പെട്ടേക്കാവുന്ന ഒരു സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണിവിടെ. നിങ്ങളിൽ ചിലർ അതുപയോഗിക്കുന്നുമുണ്ടാകാം. ഗ്നോം ഡു (Gnome Do) എന്ന ആപ്ലിക്കേഷൻ ലോഞ്ചറാണിനെകുറിച്ചാണ് പറയുന്നത്.

സാധാരണ രീതിയിൽ ഒരു ആപ്ലിക്കേഷൻ തുറക്കുന്നത് ആപ്ലിക്കേഷൻ മെനുവിൽ പോയോ ഡെസ്ക്ടോപ്പിൽ ഉള്ള ഷോർട്ട്കട്ടിൽ ക്ലിക്ക് ചെയ്തോ ആണ്. ഇടക്കിടെ തുറക്കേണ്ട ആപ്ലിക്കേഷനുകൾ മെനുവഴി പോയി തുറക്കാൻ മിക്കവരും മിനക്കെടാറില്ല അതിനാൽ ഡെസ്ക്ടോപ്പിലോ പാനലുകളിലൊന്നിലോ ഷോർട്ട് കട്ട് വയ്ക്കും. ഗ്നോം ഡു ഉപയോഗിക്കുകയാണെങ്കിൽ അത്തരം ഷോർട്ട്കട്ടുകൾ വയ്ക്കേണ്ടി വരില്ല. പാനലിലുള്ള ഗ്നോം ഡു ബട്ടണിൽ ക്ലിക്ക് ചെയ്ത് (അല്ലെങ്കിൽ വിൻഡോസ് കീ + സ്പേസ് കീ എന്ന ഷോർട്ട്കട്ട് ഉപയോഗിക്കുകയുമാകാം) വരുന്ന വിൻഡോയിൽ ഏതാനും ആപ്ലിക്കേഷന്റെ പേരിലെ ഏതാനും അക്ഷരങ്ങൾ ടൈപ്പ് ചെയ്ത് കൊടുത്താൽ മതി.നിങ്ങൾ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളുമായി താതാമ്യം പുലർത്തുന്ന ആപ്ലിക്കേഷന്റെ ഐക്കൺ അതിൽ തെളിയും, ശേഷം എന്റർ അടിച്ചാൽ ആ ആപ്ലിക്കേഷൻ തുറക്കുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങൾക്ക് ഫയർഫോക്സ് തുറക്കണമെങ്കിൽ 'F' അടിക്കുമ്പോൾ വന്നില്ലെങ്കിൽ ഐക്കൺ വരുന്നത് വരെ ബാക്കിയുള്ള അക്ഷരങ്ങളോരോന്നും ടൈപ്പ് ചെയ്യാം.നിങ്ങൾ ഇടക്കിടെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾക്ക് ഗ്നോം ഡു മുൻഗണന നൽകുമെന്നതിനാൽ. അത്തരം ആപ്ലിക്കേഷനുകൾ മിക്കവാറും ഒന്നോ രണ്ടോ കീ അമർത്തുന്നതോടുകൂടി തുറക്കാവുന്നതാണ്. ഉദാഹരണത്തിന് ജി-എഡിറ്റ് ഇടക്കിടെ തുറക്കുന്നതാണെങ്കിൽ ഏതാനും ഉപയോഗങ്ങൾക്ക് ശേഷം 'g' എന്നടിക്കുന്നതോടുകൂടിതന്നെ ജി-എഡിറ്റിന്റെ ഐക്കൺ തെളിയും.ഇനി നിങ്ങൾ അക്ഷരങ്ങൾ അടിച്ചിട്ടും ആവശ്യമുള്ള ആപ്ലിക്കേഷന്റെ ഐക്കൺ തെളിഞ്ഞില്ല (ആപ്ലിക്കേഷന്റെ പേര് പൂർണ്ണമായും ടൈപ്പ് ചെയ്താൽ എന്തായാലും തെളിയും) എങ്കിൽ അതുവരെ അടിച്ച അക്ഷങ്ങളുമായി യോജിച്ച് പോകുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കാണിക്കാൻ കീബോർഡിലെ താഴെക്കുള്ള ആരോ കീ അമർത്തുക.

ഗ്നോം ക്ലാസിക്ക്, XFCE തുടങ്ങി പാനലുകളുള്ള ഡെസ്ക്ടോപ്പുകളിൽ ഗ്നോം ഡു വളരെ ഉപകാരപ്രദമാണ്.
ഡെസ്ക്ടോപ്പുകളിലോ പാനലുകളിലോ ഷോർട്ട്കട്ടുകൾ കൊണ്ട് നിറക്കാതെതന്നെ ലളിതമായി ആവശ്യമുള്ള ആപ്ലിക്കേഷനുകൾ പെട്ടെന്ന് തുറക്കാൻ ഇത് സഹായിക്കുന്നു. ഗ്നോം 3, യൂണിറ്റി ഡെസ്ക്ടോപ്പുകളിൽ ആപ്ലിക്കേഷൻ ലോഞ്ചറുകൾ സ്വതേ ഉണ്ടെങ്കിലും അവയ്ക്കുപകരം ഗ്നോം ഡു ഉപയോഗിക്കാവുന്നതാണ്.

ഗ്നോം ഡുവിന്റെ സൈറ്റ്: http://do.davebsd.com/