ഗ്രബ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗ്രബ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 16, വെള്ളിയാഴ്‌ച

ഒരു ചെറിയ ഉബുണ്ടു 12.10 സെക്യുർ ബൂട്ട് പ്രശ്നം


എന്റെ ലെനോവോ Z570 ലാപ്‌ടോപ്പിൽ പുതിയ ഉബുണ്ടു 12.10 കണ്ടൽ കൃഷ്ണന്റെ (Quantal Quetzal) ലൈവ് ഡി.വി.ഡി.യും ലൈവ് യു.എസ്.ബി. ഡ്രൈവും ബൂട്ടു ചെയ്യുന്നുണ്ടായിരുന്നില്ല. ഡി.വി.ഡി.യിൽ നിന്നോ ഫ്ലാഷ് ഡ്രൈവിൽ നിന്നോ ബൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴൊക്കെ secure boot not enabled എന്ന് മെസേജ് ഒന്നു മിന്നി കാണുകയും ബൂട്ടിങ് തടസ്സപ്പെട്ട് നിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. പുതിയ മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പോലെ ഉബുണ്ടുവും സെ‌ക്യുർ ബൂട്ട് സജ്ജമാണ്. സെക്യുർ ബൂട്ട് പിന്തുണയില്ലാത്ത എന്റെ പഴയ മെഷീനിൽ അതാണ് ഗ്രബ് കിട്ടാത്തതിനു കാരണമെന്ന് മനസ്സിലായെങ്കിലും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ എവിടെ നിന്നും കിട്ടിയില്ല. ഒടുവിൽ രണ്ടും കല്പിച്ചു പ്രയോഗിച്ച പൊടിക്കൈ പ്രവർത്തിച്ചു.

അതിങ്ങനെയാണ്: ആദ്യമായി ഉബുണ്ടു ഇൻസ്റ്റലേഷൻ മീഡിയം ഇട്ട ഫ്ലാഷ് ഡ്രൈവ് മറ്റെവിടെയെങ്കിലും തുറക്കുക (ഞാൻ എന്റെ ലിനക്സ് മിന്റ് ഉപയോഗിച്ച് തുറന്നു). എന്നിട്ട് /boot/grub/ എന്ന ഡയറക്ടറിയിലെ grub.cfg എന്ന ഫയൽ കണ്ടുപിടിക്കുക. ആ ഫയൽ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തുറക്കുക.

അതിൽ നിന്നും സെക്യുർ ബൂട്ടിനാവശ്യമായ മോഡ്യൂളുകൾ ലോഡ് ചെയ്യുന്ന

if loadfont /boot/grub/font.pf2 ; then
    set gfxmode=auto
    insmod efi_gop
    insmod efi_uga
    insmod gfxterm
    terminal_output gfxterm
fi

എന്ന ഭാഗം നീക്കം ചെയ്യുക. സേവ് ചെയ്യുക. വീണ്ടും ഫ്ലാഷ് ഡ്രൈവിൽ നിന്ന് ബൂട്ട് ചെയ്യുക. ആശംസകൾ

കുറിപ്പ് 1: ഉബുണ്ടുവിലെ യു.ഇ.എഫ്.ഐ. ബൂട്ടിങ്ങിനെകുറിച്ചറിയാൻ ഈ താൾ കാണുക: https://help.ubuntu.com/community/UEFIBooting

കുറിപ്പ് 2: ഇത് മുമ്പ് ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്. പക്ഷേ ഇവിടെയിടാനും മാത്രം അറിവ് ഈ വിഷയത്തിലില്ലാത്തതിനാൽ അതിനു തുനിഞ്ഞില്ല. എന്നാലും അന്നു തൊട്ട് ഈ പ്രശ്നം മറ്റെവിടെയെങ്കിലും കാണുന്നുണ്ടോയെന്ന് കിട്ടുന്ന കമ്പ്യൂട്ടറുകളിലൊക്കെ ഉബുണ്ടു ബൂട്ട് ചെയ്യിക്കാൻ ശ്രമിച്ച് നോക്കിയിരുന്നു. ഒരിടത്തും കണ്ടില്ല. ഒടുവിൽ ഇന്ന് വൈകുന്നേരം ഒരു സുഹൃത്തിന്റെ സുഹൃത്തിന്റെ z570 ലാപ്‌ടോപ്പിൽ ഇട്ടപ്പോൾ കണ്ടു. ഉബുണ്ടു ഫോറത്തിലിട്ട സംശയത്തിൽ ബയോസ് അപ്‌ഡേറ്റ് ചെയ്താൽ പ്രശ്നമുണ്ടാകില്ലെന്ന സൂചന കണ്ട് ബയോസ് അപ്‌ഡേറ്റ് ചെയ്ത് നോക്കിയെങ്കിലും അതും ഫലിച്ചില്ല. ഒടുവിൽ ഈ പൊടിക്കൈ തന്നെ പ്രവർത്തിച്ചു. 


2010 ജൂലൈ 9, വെള്ളിയാഴ്‌ച

പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ

ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.

ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാ‍ധിക്കും.

അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

GRUB

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

Ubuntu Tweak
കടപ്പാട്: www.ubuntu-tweak.org
ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക. ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.

നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞു.

പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു. അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.