ഐബസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഐബസ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 9, ശനിയാഴ്‌ച

ലോക്കാൽസും ഐബസും


ഈയിലെ ഉബുണ്ടു വീണ്ടും ഇൻസ്റ്റോൾ ചെയ്തതിനു ശേഷം വന്ന ഒരു പ്രശ്നം. ഐബസിന്റെ പ്രിഫറൻസസ് വിൻഡോ കിട്ടുന്നില്ല. നെറ്റിൽത്തപ്പിയപ്പോൾ പലർക്കും ഈ പ്രശ്നമുണ്ടെങ്കിലും ശരിയാക്കാനുള്ള വഴിയൊന്നും കിട്ടിയില്ല.

ഇത്തവണ 12.04-ൽ ഇൻസ്റ്റോൾ ചെയ്തപ്പോൾ മലയാളമായിരുന്നു ഇന്റർഫേസ് ഭാഷയായി തിരഞ്ഞെടുത്തത്. പരിഭാഷ അത്ര പോര എന്നു തോന്നിയതുകൊണ്ടും, പകുതി മാത്രം പരിഭാഷപ്പെടുത്തി നിൽക്കുന്നതുകൊണ്ടും സെറ്റിങ്സിൽപ്പോയി മലയാളം എടുത്തുകളഞ്ഞിരുന്നു. ഇതാണ് ഐബസ് പ്രിഫറൻസസ് വരാത്തതിന് കാരണമെന്ന്, പിന്നീട് മലയാളം ഇൻസ്റ്റോൾ ചെയ്ത് നോക്കിയപ്പോഴാണ് മനസിലായത്.

മലയാളം പിന്നെയും എടുത്തുകളഞ്ഞ്,

sudo dpkg-reconfigure locales

എന്ന കമാൻഡ് കൊടുത്ത് ലോക്കാൽസ് വീണ്ടുമൊന്ന് കോൺഫിഗർ ചെയ്തപ്പോൾ കാര്യം ശരിയായി.

2012 ഡിസംബർ 29, ശനിയാഴ്‌ച

മൊഴി കീബോർഡ്


മൊഴി കീബോർഡ് ചെറുതായി പുതുക്കുന്നു.

പുതിയ സൗകര്യങ്ങൾ:


  1. +Shiju Alex  ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം L ഉപയോഗിച്ചും മ്ല, പ്ല തുടങ്ങിയ അക്ഷരങ്ങളെഴുതാനുള്ള സൗകര്യം. (ഇത്  മൊഴിയുടെ നിയമത്തിൽ കണ്ടില്ലയെങ്കിലും കൂടി, ഇങ്ങനെയും ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നതിനാൽ ചേർക്കുന്നു.)
  2. n^ എന്നു ടൈപ്പ് ചെയ്ത് തീയതി അടയാളം (൹) ചേർക്കാനുള്ള സൗകര്യം.
  3. $# എന്നു ടൈപ്പ് ചെയ്ത് രൂപയുടെ ചിഹ്നം (₹) ചേർക്കാനുള്ള സൗകര്യം. (മൊഴിയുടെ വിശദവിവരണത്തിൽ നൽകിയിട്ടുണ്ട്.)
  4. rv എന്നു ടൈപ്പ് ചെയ്യുമ്പോൾ "ര്വ" എന്നു കിട്ടുന്നതിനു പകരം "ർവ" എന്നു കിട്ടാനുള്ള സൗകര്യം (ഗാന്ധർവ്വം, ഗർവം, ലാർവ, പാർവണേന്ദു, പൂർവികൻ .. ). ഗുര്വാദി, ഗുര്വത്ര തുടങ്ങി ഏതാനം വാക്കുകൾ മാത്രമേ ര്വ ഉപയോഗിക്കുന്നതായി കണ്ടുള്ളു.  ര്വ ടൈപ്പ് ചെയ്യാൻ r~v എന്നുപയോഗിക്കാവുന്നതാണ്. 


അപ്‌ഡേറ്റ് ചെയ്യാനുള്ള മാർഗ്ഗം.


ടെർമിനൽ തുറക്കുക. (കണ്ട്രോൾ+ഓൾട്ട്+ടി അമർത്തുക)

sudo wget https://sites.google.com/site/mozhim17n/mozhi/ml-mozhi.mim.test.5 -O /usr/share/m17n/ml-mozhi.mim 

എന്നു നൽകി എന്റർ അമർത്തുക, പാസ്‌വേഡ് നൽകുക. ഫയൽ ഡൗൺലോഡ് ചെയ്ത് പുതുക്കിക്കൊള്ളും.

എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അറിയിക്കുക. വളരെ പ്രശ്നമുണ്ടെങ്കിൽ ഈ പോസ്റ്റിൽ പറയുന്ന പ്രകാരം ഇതിനു മുമ്പത്തെ പതിപ്പ് ഉപയോഗിക്കുക.

ഉറപ്പില്ലാത്തതിനാൽ ചേർക്കാഞ്ഞവ

ഇവ മൊഴിയുടെ നിർവചനത്തിൽ കണ്ടെങ്കിലും ഘടിപ്പിക്കണമെങ്കിൽ അല്പം കൂടി അറിവ് നല്ലതായിരിക്കുമെന്നതിനാൽ ചേർത്തില്ല.

1) lp = ല്പ / ൽപ (ഉദാ: സ്വല്പം, കൽപ്പാത്തി)
2) my, mr (ഉദാ: സംയോഗം, സംരംഭം, സമ്യക്, സമ്രാട്ട്)

അപ്‌ഡ്റ്റ്  (02 ജനു 12):

ഒന്നുരണ്ട് ബന്ധപ്പെട്ട അപ്‌ഡേറ്റ് കൂടി:
മാറ്റം വരുത്തിയവ


  1. lm ല്മ് ൽമ (സൽമ, പുൽമൈതാനം)
  2. Lm ള്മ് ൾമ് (കോൾമയിർ)
  3. Nr - ൺര്
  4. പുതിയതായി #, ^ എന്നീ ചിഹ്നങ്ങൾ ഉൾക്കൊള്ളിച്ചപ്പോൾ ചില സന്ദർഭങ്ങളിൽ (ഉദാ:ക്^ എന്ന് അല്ലെങ്കിൽ ച്# എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ) അക്ഷരം മാഞ്ഞുപോകുന്ന പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്(ന്ന് കരുതുന്നു ;-))
  5. പഴയ അക്കങ്ങൾ കിട്ടാൻ =1, =2 എന്ന രീതിയിൽ ഉപയോഗിക്കണം എന്ന് നിർവചിച്ചിരുന്നത് മാറ്റി മൊഴിയിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ 1#, 2#.. (യഥാക്രമം ൧, ൨) എന്നിങ്ങനെയാക്കി.


കൂട്ടിച്ചേർത്തവ


  1. lr, Lr എന്നിവ നിർവചിച്ചിരുന്നില്ല, അതേസമയം ഇവയുൾപ്പെടുന്ന മൂന്നക്ഷരക്കൂട്ടങ്ങൾ നിർവചിക്കുകയും ചെയ്തിരുന്നു അതുകൊണ്ട്  ഇവ ടൈപ്പ് ചെയ്താൽ ഇംഗ്ലീഷ് തന്നെ ലഭിക്കുമായിരുന്നു. ഇവ യഥാക്രമം ൽര്, ൾര് എന്നാക്കിയിട്ടുണ്ട്. 
  2. au#  ൌ (kau#thukam - കൌതുകം)
  3. ou ഔ ( ൗ) (ou - ഔ,  kouthukam - കൗതുകം) 


ചൂണ്ടിക്കാട്ടിയവർക്ക് നന്ദി. (ആർക്കും അപ്‌ഡേറ്റ് ചെയ്യാവുന്നതേയുള്ളു എന്നുംകൂടി പറയും ;-))

അപ്‌ഡേറ്റ് ചെയ്യാൻ
sudo wget https://sites.google.com/site/mozhim17n/mozhi/ml-mozhi.mim.test.5 -O /usr/share/m17n/ml-mozhi.mim 
എന്ന കമാൻഡ് തന്നെ ഒരു പ്രാവശ്യം കൂടി പ്രവർത്തിപ്പിച്ചാൽ മതിയാവും.

2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

ഉബുണ്ടു കണ്ടൽ കൃഷ്ണനിലെ(12.10) മലയാളം പ്രശ്നങ്ങൾ

ഇന്ന് ഉബുണ്ടു 12.04-ൽ നിന്ന് കണ്ടൽ കൃഷ്ണനിലേക്ക് (Quantal Quetzal) (12.10) അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്തതിനു ശേഷം ഐബസ്സിലെ മലയാളം എഴുതുന്നതിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടു.  പുതിയ ചില്ലുകൾ കാണണമെങ്കിൽ വാക്കെഴുതിയ ശേഷം സ്പേസ് അടിക്കണം, 'എങ്കിൽ', കൃഷ്ണൻ തുടങ്ങിയ വാക്കുകൾ എഴുതാനാവില്ല തുടങ്ങിയ പ്രശ്നങ്ങളായിരുന്നു പ്രധാനമായും. അതിനു പരിഹാരമായി ഉബുണ്ടുവിലെ ibus-m17n എന്ന പാക്കേജ് അൺ ഇൻസ്റ്റാൾ ചെയ്യണം. അതിനായി ടെർമിനലിൽ പോയി
                  sudo apt-get remove ibus-m17n
 എന്നു നൽകുക. ശേഷം സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് ibus-m17n എന്ന പാക്കേജ് വീണ്ടും ഇൻസ്റ്റാൾ ചെയ്യണം. ഇതിനായി
                sudo apt-get install ibus-m17n

ഇപ്പോൾ മലയാളം ടൈപ്പിങ്ങ് സാധാരണരീതിയിലായിട്ടുണ്ടാകും.

കുറിപ്പ്: ഉബുണ്ടു 12.10-ൽ മലയാളം ലഭ്യമല്ലാത്തവർ  sudo apt-get install ibus-m17n എന്ന കമാന്റ് നൽകി ഇൻസ്റ്റാൾ ചെയ്യുക.  ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക.

2010 നവംബർ 5, വെള്ളിയാഴ്‌ച

ഐബസ് ഓണാക്കാൻ

വിക്കികളിലൊഴികെ മിക്കയിടത്തും മലയാളം ടൈപ്പിങ്ങിന് ഐബസ്സാണ് ഉപയോഗിക്കുന്നത്. സ്കിം ഇതുവരെ ഉപയോഗിച്ച് നോക്കിയിട്ടില്ല ഉപയോഗിക്കണമെന്ന് തോന്നിയിട്ടുമില്ല. വിക്കിയിലെ ടൂൾ, കീമാൻ എന്നിവയിലേത് പോലെ തൽസമയം എല്ലാ അക്ഷരങ്ങളും വരുന്ന രീതിയിലല്ല എന്നത് തുടക്കത്തിൽ ഒരു കല്ലുകടിയായി തോന്നിയെങ്കിലും പിന്നെ ശരിയായി.

ഐബസ് പ്രവർത്തിപ്പിക്കാൻ തുടക്കത്തിൽ ഞാൻ ചെയ്തുവന്നിരുന്നത്: System->Preferences->Keyboard Input Methods ക്ലിക്ക് ചെയ്യുകയാണ്. പക്ഷെ അപ്പോൾ മൂന്ന് വിൻഡോകളിലായി Yes, OK, Close എന്നീ ബട്ടണുകൾ ഞെക്കേണ്ടി വരും. ഐബസ് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ ഉബുണ്ടുവിൽ വേറെ ബട്ടണുകളൊന്നും കാണുന്നുമില്ല. ഇനി എന്റെ കണ്ണിൽപ്പെടാത്തതായിരിക്കുമോ?

ഐബസ് പെട്ടെന്ന് പ്രവർത്തിപ്പിക്കാൻ രണ്ട് വഴികൾ പറഞ്ഞു തരാം. ഒന്ന് സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസും സ്റ്റാർട്ടാക്കുന്നതാണ്, മറ്റൊന്ന് പാനെലിലെ ബട്ടൺ വഴി സ്റ്റാർട്ടാക്കുന്നത്.

സിസ്റ്റം സ്റ്റാർട്ടാകുന്നതിനോടൊപ്പം ഐബസ്സും സ്റ്റാർട്ടാക്കാനായി:
1. System->Preferences->Startup Applications ഞെക്കുക
2. തുറന്നുവന്ന "Startup Application Preferences" വിൻഡോയിലെ 'Add' ബട്ടൺ ഞെക്കുക.
3. വന്ന വിൻഡോയിൽ
Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon
എന്ന് നൽകുക. 'Add' ഞെക്കുക.

(കടപ്പാട് പ്രവീണിന്റെ പോസ്റ്റ്)

ആവശ്യമുപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക എന്ന രീതിയാണെന്റേത്, അതോണ്ട് മുകളിൽ പറഞ്ഞ രീതി ഞാൻ പ്രാവർത്തികമാക്കിയിട്ടില്ല. സിസ്റ്റത്തിന്റെ ഓണാകുന്നതിന്റെ കൂടെ അത്യാവശ്യമല്ലാത്ത പ്രോഗ്രാമുകൾ പ്രവർത്തിക്കുന്ന രീതി ഇഷ്ടമല്ലാത്തതിനാൽ ഐബസ് ഓണാക്കാനായി പാനെലിൽ ഒരു ബട്ടൺ ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായി:

1. (മുകളിലെ) പാനലിൽ റൈറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ "Add to Panel..." ഞെക്കുക.
2. "Add to Panel" വിൻഡോയിലെ ലിസ്റ്റിൽ ഏറ്റവും മുകളിലായി കാണുന്ന "Custom Application Launcher" തിരഞ്ഞെടുത്ത് 'Add' ഞെക്കുക.
3. വന്ന വിൻഡോയിൽ
Name: IBus
Command: /usr/bin/ibus-daemon -d
Comment: Start IBus
എന്ന് നൽകുക.

4. ഇനി 'OK' ഞെക്കിയാൽ കാര്യം കഴിയുമെങ്കിലും, പാനെലിൽ വരുന്ന ബട്ടണിന്റെ ഐക്കൺ ഐബസ്സിന്റേതാക്കായാൽ നല്ലതായിരിക്കും. അതിനായി ഇടതുവശത്തായി കാണുന്ന ഐക്കൺ ബട്ടണിൽ ഞെക്കുക. വരുന്ന വിൻഡോയിൽ നിന്ന് ibus.svg എന്ന ഐക്കൺ തിരഞ്ഞെടുക്കുക. 'Open' ഞെക്കുക, 'OK' ഞെക്കുക.



പാനലിൽ ഐക്കൺ വന്നിട്ടുണ്ടാകും.

.

2010 നവംബർ 4, വ്യാഴാഴ്‌ച

മാവെറിക്ക് മീർകാറ്റും മലയാളവും

ഉബുണ്ടു 10.10 മാവെറിക്ക് മീർക്കാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അതിലെ ഐബസ്സിൽ സ്വതേ മലയാളം ലഭ്യമല്ല. വെറും ഒരു കമാന്റ് വഴി മലയാളം ലഭ്യമാക്കാമാക്കാവുന്നതേയുള്ളൂ.

sudo apt-get install  ibus-m17n

എന്ന കമാന്റ് ടെർമിനലിൽ ടൈപ്പ് ചെയ്താൽ മതി, ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക. കൂടെ കെട്ട് കണക്കിന് മറ്റ് ഭാഷകളുടേയും ഇൻപുട്ട് മെത്തേഡുകളും ഇൻസ്റ്റാളായിട്ടുണ്ടാകും.


ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അതൊക്കെ പരിഹരിച്ച് പ്രവീൺ മുൻപ് പോസ്റ്റിയിരുന്നു. അത് പുതുക്കാൻ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്ന് ടൈപ്പ് ചെയ്യുക.

ബസ്സിലൊക്കെ പോസ്റ്റിയാൽ പിന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും അതോണ്ടാണ് ഇവിടെ ഒരു പോസ്റ്റായി ഇടുന്നത്.

ഓഫ്: അപ്പാച്ചെയുടെ ഡോക്യുമെന്റ് റൂട്ടിലെ പെർമിഷൻ സെറ്റ് ചെയ്യാനുള്ള ശ്രമത്തിനിടയിൽ /var ന് കീഴിലുള്ള മൊത്തം ഫോൾഡറിന്റേയും ഫയലുകളുടേയും പെർമിഷനുകൾ അബദ്ധത്തിൽ മാറി മറിഞ്ഞ് അൽകുൽത്തായി. പിന്നെ ഒന്നിനും പറ്റുന്നില്ല, സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാമെന്ന് വെച്ചപ്പൊ  ഗ്നോമും പെർമിഷനില്ലാന്നും പറഞ്ഞ് പണിമുടക്കി, കൈവിട്ടു എന്ന് തോന്നിയപ്പോൾ പരീക്ഷണത്തിന് കമാന്റ് ലൈനിൽ കയറി /var ന് കീഴിലെ നീക്കാൻ പറ്റുന്ന ഫോൾഡറൊക്കെ കളഞ്ഞു! അതോടെ sudo കമാന്റും പണിയെടുക്കൽ നിർത്തി. പിന്നെ ഉബുണ്ടു പുതുതായി ഇൻസ്റ്റാൾ ചെയ്യുകയല്ലാതെ വഴിയില്ലെന്നായി. അങ്ങനെ പുതുതായി ഇൻസ്റ്റാളിയപ്പോൾ ഇതും ചെയ്യേണ്ടി വന്നു.

2010 ജൂലൈ 23, വെള്ളിയാഴ്‌ച

ഐബസിൽ ഇൻസ്ക്രിപ്റ്റ് - പരീക്ഷണങ്ങൾ

മൊഴിയിൽ പന എന്നടിക്കണമെങ്കിൽ 4 കീ പ്രെസ്സ് വേണം എന്നാൽ ഇൻസ്ക്രിപ്റ്റിൽ 2 മതി. ഇതു കേട്ടപ്പോഴാണ് ഇൻസ്ക്രിപ്റ്റ് പഠിക്കാം എന്നുവിചാരിച്ചത്. എന്നാൽ ഉബുണ്ടുവിലെ ഐബസിൽ ഇൻസ്ക്രിപ്റ്റിലടിച്ചാൽ അത് ഏതാണ്ട് ഒരു കൊല്ലം പുറകിലേക്ക് വലിക്കുന്നു.
  1. ചില്ലുകൾ‌ പുതിയ യൂണികോഡ് പതിപ്പിനനുസരിച്ചുള്ളതല്ല
  2. ഔകാരത്തിലെ പ്രശ്നം. (ൌ)
  3. മലയാളം/ഇൻഡോ അറബിക്ക് അക്കങ്ങൾ.
ഇതൊക്കെയായിരുന്നു പ്രധാന പ്രശ്നങ്ങൾ.

ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ച mim ഫയൽ ഉണ്ടാക്കിയിട്ടുണ്ട്. ഉബുണ്ടുവിൽ ഐബസ് ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റിൽ എഴുതുന്നവർക്ക്, ഉപകാരപ്രദമാകും. ടെർമിനലിൽ താഴെക്കാണുന്ന കമാൻഡ് നൽകിയാൽ പുതിയ mim ഇൻസ്റ്റോൾ ആകും
sudo wget http://sites.google.com/site/vssun9/inscript1.mim -O /usr/share/m17n/ml-inscript.mim

കമാൻഡ് ടൈപ്പ് ചെയ്തതിനു ശേഷം ഐബസ് റീസ്റ്റാർട്ട് ചെയ്താൽ മാറ്റങ്ങൾ‌ ലഭിക്കും.
മാറ്റങ്ങൾ
  • v,d,] (ന,്,zwj) ഈ കോമ്പിനേഷൻ ആണ് ൽ കിട്ടുന്നതിന് ഇൻസ്ക്രിപ്റ്റിൽ ഉപയോഗിച്ചിരുന്നത്. ഈ കോമ്പിനേഷനിൽ d (ചന്ദ്രക്കല) ഒഴിവാക്കി ലഘൂകരിച്ചിട്ടുണ്ട്. അതായത് ൽ കിട്ടാനായി v,] എന്നിവ മാത്രം അമർത്തിയാൽ മതി. മറ്റു ചില്ലുകളുടെ കാര്യവും അങ്ങനെത്തന്നെ.
  • മലയാളം അക്കങ്ങളെ ഇൻഡോ അറബിക് അക്കങ്ങളാക്കിയിട്ടുണ്ടെങ്കിലും ന്യൂമറിക് കീപാഡിൽ മലയാളം അക്കങ്ങൾ വരാനുള്ളത് നിലനിർത്തിയിട്ടുണ്ട്.
പ്രതികരണങ്ങൾ അറിയിക്കുക.

പുതിയ പതിപ്പ് (2013 ഏപ്രിൽ 29)

ചില്ലുകളുടെ വിന്യാസം പഴയരീതിയിലാക്കിയിട്ടുള്ളതും ൿ കൂട്ടിച്ചേർത്തതും ബിന്ദുരേഫം ^ എന്ന സ്ഥാനത്ത് ചേർത്തതുമായ പതിപ്പ്
sudo wget http://sites.google.com/site/vssun9/inscript3.mim -O /usr/share/m17n/ml-inscript.mim

പുതിയ ഇൻസ്ക്രിപ്റ്റ് (2013 ജൂൺ 14)

ഒറ്റ കീപ്രെസിൽ ചില്ലുകൾ ലഭിക്കുന്ന എൻഹാൻസ്ഡ് ഇൻസ്ക്രിപ്റ്റ് കീബോഡ് കിട്ടാൻ.

sudo wget http://sites.google.com/site/vssun9/inscript4.mim -O /usr/share/m17n/ml-inscript.mim

പുതിയ പതിപ്പ് (2014 മാർച്ച് 1)

പുതിയ ചില്ലുകൾ കൂട്ടിച്ചേർത്തപ്പോൾ zwj, zwnj എന്നിവ ഒഴിവാക്കിയിരുന്നു. ഇതുരണ്ടും പലപ്പോഴും ആവശ്യം വരുന്നു. ഇവ യഥാക്രമം '!', '@' എന്നീ സ്ഥാനത്ത് വച്ച് ഒരു പതിപ്പ്.

sudo wget https://sites.google.com/site/vssun9/ml-inscript5.mim -O /usr/share/m17n/ml-inscript.mim



2010 ജൂൺ 19, ശനിയാഴ്‌ച

ഐബസ് മൊഴി അപ്‌ഡേറ്റ്

നേരത്തേ നിർദ്ദേശിച്ച മൊഴി കീബോർഡ് യൂണീകോഡ് സീറോ വിഡ്ത് ജോയ്നറും, നോൺ ജോയ്നറും തരുന്നതിൽ പിഴവുണ്ടായിരുന്നു. വിക്കിപീഡിയ ഉപയോക്താവായ സുനിൽ ഉബുണ്ടുവിലേക്ക് മാറുകയും ക്രോമിയം ബ്രൗസർ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്.

പുതുക്കിയ മൊഴി ഉപയോഗിക്കാൻ ടെർമിനലിൽ


sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്നു കൊടുക്കുക. ജോയ്നർ പ്രശ്നത്തോടൊപ്പം ന്ഥ ടൈപ്പ് ചെയ്യുന്നതിലുണ്ടായിരുന്ന പ്രശ്നവും ഒഴിവാക്കിയിട്ടുണ്ട്.

2010 മേയ് 10, തിങ്കളാഴ്‌ച

മൊഴി m17n ലിബ്

ഉബുണ്ടുവിനൊപ്പമുള്ള മൊഴി കീബോഡ് യഥാർത്ഥ മൊഴിയോട് കുറച്ചു വ്യത്യാസമുള്ളതുകൊണ്ടും, പിന്നീട് കൂട്ടിച്ചേർക്കാവുന്നതായി കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന മൊഴിയിൽ ണ്ഠ എന്നുവരുന്ന അക്ഷരങ്ങൾക്ക് N~Tha എന്നടിക്കേണ്ടി വരുകയും ചെയ്യുന്നതിനാൽ ണ്ഠ ഫിക്സ് ചെയ്തുള്ള മൊഴി ഉബുണ്ടുവിൽ ഉപയോഗിക്കുവാൻ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.3 -O /usr/share/m17n/ml-mozhi.mim

എന്ന് കമാൻഡ്‌‌ലൈനിൽ/ടെർമിനലിൽ നൽകി ഐബസ് റീസ്റ്റാർട്ട് ചെയ്യുക. അതിനു ശേഷം ണ്ഠയ്ക്ക് NTha എന്നടിച്ചാൽ മതിയാകും.


പുതിയ പതിപ്പ്
ഇതിന്റെ പുതിയ വെർഷൻ ലഭിക്കുന്നതിനായി
sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

2010 ഏപ്രിൽ 30, വെള്ളിയാഴ്‌ച

ലൂസിഡ് ലിൻക്സ്


പുതിയ ഉബുണ്ടു പതിപ്പ് പുറത്തിറങ്ങി. ഒന്നാന്തരം എന്നേ പറയേണ്ടു. വിൻഡോകളിലെ ക്ലോസ്, മിനിമൈസ്, മാക്സിമൈസ് ബട്ടണുകൾ വലത്തു നിന്ന് ഇടത്തോട്ടാക്കിയത് റൈറ്റ് ഹാൻഡ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ഒരാളെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വണ്ടിയേൽ ഓട്ടാൻ കേറ്റിയ തോന്നലുണ്ടാക്കിയെങ്കിലും (ക്ലോസ് ബട്ടണാദ്യമാക്കിയത് ആക്സിലറേറ്ററിന്റെ സ്ഥാനവും മാറിയതു പോലെയുമുണ്ട്), പഴയ പതിപ്പുകളെ പോലെ ഏതൊരു സമകാലിക ഓപ്പറേറ്റിങ് സിസ്റ്റവുമായി കിടപിടിക്കത്തക്കതോ ഒരു പടിയെങ്കിലും മുന്നിൽ നിൽക്കുന്നതോ ആയ ഒന്നാണ് പുതിയ ലൂസിഡ് ലിൻക്സും.

സി.ഡി. ഇമേജ് ഡൗൺലോഡ് ചെയ്യാൻ അൽപം പാട് പെട്ടതൊഴിച്ചാൽ (എവിടെയോ സമുദ്രാന്തർ കേബിൾ പൊട്ടിക്കിടക്കുകയാണെന്ന് പത്രത്തിൽ കണ്ടു) ഇൻസ്റ്റലേഷൻ വളരെ ലളിതം. ഫ്രെഷ് ഇൻസ്റ്റലേഷനാണ് നടത്തിയത്. 2008 അവസാനം ഇൻസ്റ്റോൾ ചെയ്ത ഉബുണ്ടു അപ്‌‌ഗ്രേഡ് ചെയ്ത് ചെയ്ത് ഉപയോഗിക്കുകയായിരുന്നു ഇത്രനാളും. ഇത്രയും നാളും കണ്ടതും കേട്ടതുമായ പാച്ചുകളും, വഴിയിൽ കണ്ട റെപോകളും പരീക്ഷണങ്ങളും എല്ലാം ചേർന്ന് അതൊരു ഉബുണ്ടു അവിയാലായിരുന്നെങ്കിലും ഇതേവരെ ക്രാഷായിട്ടില്ല. എന്നാൽ അവിടെയുമിവിടെയുമെല്ലാം ചില എററുകൾ കാണിച്ചിരുന്നു. ഡെസ്ക്‌‌ടോപ്പിൽ കിടന്ന ഫയലുകൾ ചുമന്നു മാറ്റാൻ തന്നെ ഒരു ഡിവിഡി വേണ്ടി വന്നു. ലൂസിഡിന്റെ ഇൻസ്റ്റലേഷന് 14 മിനിറ്റ് മാത്രമാണ് എടുത്തത്. ഒരു ജിബി റാം മാത്രമുള്ള 2008-ൽ വാങ്ങിയ ലെനൊവോ വൈ410യിൽ ആണിത്. ലാപിന് ഹാർഡ് വെയർ പ്രശ്നങ്ങൾ ഏറെ വേറെയുമുണ്ട്. ഇൻസ്റ്റലേഷൻ നടന്ന സമയത്ത് ഇവലൂഷൻ മെയിൽ ക്ലയന്റ്, ഫയർഫോക്സ്, ഓപ്പണോഫീസ് തുടങ്ങി ഒപ്പം ഇൻസ്റ്റോളാകുന്ന പ്രധാന സോഫ്റ്റ്‌‌വെയറുകളുടെ വിവരണം കണ്ടു കൊണ്ടിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല. ആദ്യ ബൂട്ടിൽ 8 സെക്കന്റ് മാത്രമാണ് ലോഗിൻ സ്ക്രീനിൽ എത്താനെടുത്തത്. ലോഗിൻ ചെയ്ത് ഡെസ്ക്ക്ടോപ്പ് എടുക്കാൻ ഒരു പത്ത് സെക്കന്റെങ്കിലും എടുത്തുകാണും. മൊബൈലിൽ സ്റ്റോപ് വാച്ച് ഓണായിരുന്നെങ്കിലും ഡെസ്ക്ടോപ്പിൽ കേറിയപ്പോൾ നിർത്താൻ മറന്നു പോയി. ആദ്യ ഷട്ട്ഡൗണിന് മൂന്ന് സെക്കന്റ് മാത്രമാണെടുത്തത്!

പുതിയ സോഫ്റ്റ്‌‌വേർ സെന്റർ അത്യുഗ്രൻ, പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗെയിമായ ജിബ്രെയിനിയും ഒന്നാന്തരം. ഇനി സോഷ്യൽ നെറ്റ്‌‌വർക്കിങിന്റെ കാലമാണെന്നാണ് കാനോനിക്കലിന്റെ കണക്കുകൂട്ടലെന്നു തോന്നുന്നു. അതിനുപകരിക്കുന്ന എല്ലാം ഈ ദീർഘകാല പിന്തുണ പതിപ്പിലുണ്ട്. വിൻഡോ ബട്ടണുകൾ മാക് ഓ.എസ്. രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് മുൻരീതിയിലാക്കണമെങ്കിൽ അതിനുള്ള വഴിയും ലഭ്യമാണ്.

പൊതുവേ യൂസബിലിറ്റിയിൽ മുന്നിൽ നിൽക്കുന്നെങ്കിലും, മലയാളത്തിൽ അത്ര മെച്ചമെന്നു പറയാനാവില്ല. മുമ്പെന്നോ ഒരു ബഗ് ഫയൽ ചെയ്തായിരുന്നെങ്കിലും യൂണീകോഡ് 5.0 തന്നെയാണ് ഇപ്പോഴും ഉബുണ്ടു പിന്തുടരുന്നത്. അതൊരു പ്രശ്നമായി തുടരുന്നു. മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകളിൽ കേറുമ്പോൾ മറ്റക്ഷരങ്ങളേക്കാളും കൂടുതൽ വട്ടത്തിലിട്ട R കാണും. ഒന്നുകിൽ ആറ്റോമിക് ചില്ലക്ഷരങ്ങളുള്ള പുതിയ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക, അല്ലെങ്കിൽ ഫയർഫോക്സ് ആഡോണായ ഫിക്സ്-എം.എൽ ഫയർഫോക്സിൽ ചേർക്കുക. ഫയർഫോക്സിനുള്ളതു പോലെ സമാനമായ എക്സ്റ്റെൻഷൻ ക്രോമിയം ബ്രൗസറിനായും (ഗൂഗിൾ ക്രോം) കിട്ടും. യൂണീകോഡ് 5.1 ഡിസ്‌‌പ്ലേ ബ്രൗസറുകളിൽ ശരിയാക്കാൻ പറ്റുമെങ്കിലും ബ്രൗസറുകൾക്ക് പുറത്ത് ഇത് ശരിയാക്കാൻ ഫോണ്ട് ഇൻസ്റ്റോൾ ചെയ്യേണ്ടി വരും.

മലയാളം ടൈപ്പ് ചെയ്യാൻ ലിപിമാറ്റരീതികളായ മൊഴിയോ, സ്വനലേഖയോ, അല്ലെങ്കിൽ മലയാളത്തിന്റെ സ്വന്തം ടൈപ്പ് ഇൻപുട്ട് രീതിയായ ഇൻസ്ക്രിപ്റ്റോ പുതിയ ഉബുണ്ടുവിലുപയോഗിക്കാം. ഓൾട്ടെർനേറ്റീവ് ഇൻപുട്ടിനായി ഐബസ് ആണ് ഉബുണ്ടുവിലുള്ളത്. സിസ്റ്റം > പ്രിഫറൻസ് > ഐബസ് പ്രിഫറൻസിൽ ചെന്ന് ഐബസ് പ്രവർത്തന സജ്ജമാക്കാം. ഇത് ലോഗിൻ ചെയ്യുമ്പോൾ തന്നെ പ്രവർത്തന സജ്ജമാകാൻ സഹായിക്കുന്ന ഒരു ചെക് ബോക്സോ റേഡിയോ ബട്ടണോ ഐബസ് പ്രിഫറൻസിലില്ലാത്തത് അത്ഭുതം തന്നെ. എന്നാലും നമുക്ക് അത് ചേർക്കാൻ കഴിയും

System > Preferences > Startup Applications

Add എന്ന ബട്ടൺ ഞെക്കുക
Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon

എന്നു നൽകുക, ലോഗൗട്ട് ചെയ്ത് ലോഗിൻ, റീസ്റ്റാർട്ട് എന്നിവയിലേതെങ്കിലും ചെയ്യുക. അതിനു ശേഷം കണ്ട്രോൾ+സ്പേസ് അടിച്ചാൽ ഐബസ് പ്രവർത്തനക്ഷമമാകും. ഐബസിനൊപ്പം വരുന്ന മൊഴി വിൻഡോസിൽ ലഭ്യമായ മൊഴിയിൽ നിന്ന് അൽപസ്വൽപം വ്യത്യസ്തമാണ്. സർവ്വസാധാരണമായ മൊഴിയുമായി ഏറ്റവും ഒത്തുപോകുന്ന ഒരു കീബോർഡ് വേണമെന്നുണ്ടെങ്കിൽ ടെർമിനലിൽ
sudo wget http://me.praveen.googlepages.com/ml-mozhi.mim.5.1.0.test.2 -O /usr/share/m17n/ml-mozhi.mim

എന്നു നൽകി ഐബസ് റീസ്റ്റാർട്ട് ചെയ്യുക.

നല്ലുബുണ്ടു നേരുന്നു. :D
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.