2015, നവംബർ 24, ചൊവ്വാഴ്ച

ഉബുണ്ടുവിൽ സിനമൺ ഇൻസ്റ്റോൾ ചെയ്യൽ

പുതിയ സിനമൺ ഉബുണ്ടുവിൽ കിട്ടിയില്ലെന്ന് പറഞ്ഞ് ഒരുത്തൻ ഇന്നലെയും പറയുന്നത് കേട്ടു. ആരാണ്ടോ ഉണ്ടാക്കിയ പി.പി.എ. ഒക്കെ ആഡ് ചെയ്താണ് ഇൻസ്റ്റോൾ ചെയ്തിരുന്നത്. പി.പി.എ. ഒക്കെ ചത്തിട്ട് മാസങ്ങളായിരിക്കണം. അടുത്ത പുതിയ സിനമൺ ഇറങ്ങാറായി. ഏറ്റവും എളുപ്പവും ലോജിക്കലുമായ കാര്യമായിട്ടും എന്തുകൊണ്ടാണ് ആരും ലിനക്സ് മിന്റ് റെപ്പോസിറ്ററിയിൽ നിന്ന് നേരിട്ട് ഇൻസ്റ്റോൾ ചെയ്യാത്തതെന്ന് മനസ്സിലാവുന്നില്ല. എൽ.റ്റി.എസ്. പതിപ്പല്ല ഉപയോഗിക്കുന്നതെങ്കിൽ പോലും പ്രശ്നമുണ്ടാകാനുമിടയില്ല.

ഞാൻ എൽ.റ്റി.എസ്. പതിപ്പാണ് (14.04) ഉപയോഗിക്കുന്നത്, ഞാൻ ഇൻസ്റ്റോൽ ചെയ്ത മാർഗ്ഗം ഇതാണ്. എല്ലായിടത്തും കാണാവുന്നതാവണം. ഇവിടെ കൂടി എഴുതി വെക്കുന്നു.

ആദ്യം എഡിറ്റ് ചെയ്യാൻ പാകത്തിൽ സോഴ്സ്.ലിസ്റ്റ് തുറക്കുക. അതിനുള്ള ഒരു മാർഗ്ഗം ടെർമിനലിൽ  sudo gedit /etc/apt/sources.list  എന്ന് കൊടുത്ത് ജിഎഡിറ്റിൽ തുറക്കലാണ്. എന്നിട്ടതിൽ  deb http://packages.linuxmint.com rafaela main upstream import  എന്ന് ചേർക്കുക. ലിനക്സ് മിന്റിന്റെ നടപ്പ് പതിപ്പ് റാഫേല ആയതിനാലാണ് റാഫേലയുടെ മെയിൻ റെപ്പോസിറ്ററി ചേർത്തത്. ടെർമിനലിൽ  sudo apt-get update   കൊടുത്ത് ഇൻഡക്സ് അപ്‌ഡേറ്റ് ചെയ്യുക. എന്നിട്ട് ലിനക്സ് മിന്റിന്റെ കീ റിംഗ് ആഡ് ചെയ്യുക. അതിനായി ടെർമിനലിൽ   sudo apt-get install linuxmint-keyring   എന്ന് കൊടുക്കുക. ടെർമിനലിൽ  sudo apt-get update  കൊടുത്ത് ഇൻഡക്സ് അപ്‌ഡേറ്റ് ചെയ്യുക. ടെർമിനലിൽ  sudo apt-get install cinnamon  കൊടുത്ത് സിനമൺ ഇൻസ്റ്റോൾ ചെയ്യുക. സിനമൺ ഇൻസ്റ്റോൾ ചെയ്യുന്ന കൂടെ നെമോ ഫയൽ ബ്രൗസറും ഇൻസ്റ്റോൾ ആകുന്നതാണ്. എനിക്ക് നോട്ടിലസിനേക്കാളും ഇഷ്ടം നെമോ ആയതിനാൽ ടെർമിനലിൽ
 xdg-mime default nemo.desktop inode/directory application/x-gnome-saved-search 
എന്ന് കൊടുത്ത് ഞാൻ ഡീഫോൾട്ട് ഫയൽ ബ്രൗസർ നെമോ ആക്കുകയും ചെയ്തിരുന്നു.

പുതിയത് (ഡിസം. 9): ലിനക്സ് മിന്റ് റോസ പുറത്തിറങ്ങിയിരിക്കുന്നു. സിനമൺ 2.8 ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ റാഫേലക്ക് പകരം സോഴ്സ്.ലിസ്റ്റിൽ -  deb http://packages.linuxmint.com rosa main upstream import  - എന്ന് റോസ ചേർത്താൽ മതിയാകും

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ഉബുണ്ടു 13.04 ഉം സ്കൈപ്പും

പുതുതായി ഇൻസ്റ്റാൾ ചെയ്ത ഉബുണ്ടു 13.04 64-ബിറ്റ് രാരീരം രാരിച്ചനിൽ സ്കൈപ്പ് ഇൻസ്റ്റാൾ ചെയ്തു. പക്ഷെ അത് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സ്കൈപ്പിന്റെ സൈറ്റിൽ നിന്നും ഏറ്റവും പുതിയ പതിപ്പ് (4.1.0.20)  ഡൗൺലോഡ് ചെയ്തെടുത്തതായിരുന്നു. അവിടെ ഉബുണ്ടു 12.04 ന് വേണ്ടിയുള്ളതാണുള്ളത്. അതല്ലാതെ ഒരോന്നിനും വെവ്വേറെ ഇറക്കാൻ സ്കൈപ്പ് മൊതലാളി മൈക്രോസോഫ്റ്റ് മെനക്കെടുമെന്ന് തോന്നുന്നില്ല.

അതൊക്കെ പോട്ടെ, പറഞ്ഞുവന്നത് സ്കൈപ്പ് പ്രവർത്തിക്കുന്നില്ലെന്നതിനെ പറ്റിയാണ്.  അങ്ങനെ തിരഞ്ഞ് വന്നപ്പൊ ബഗ്ഗ് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടു. അതിലെ അഞ്ചാം കമന്റിൽ ദിമിത്രി പങ്ക്രത്തോവ് പറഞ്ഞ പരിപാടി ചെയ്തപ്പോൽ പ്രവർത്തിക്കുന്നുണ്ട്!

പക്ഷെ അത്അതേപടി ചെയ്താൽ മെനുവഴി സ്കൈപ്പ് തുറക്കുന്നത് നടക്കില്ല. അല്ലെങ്കിൽ മെനുവൊക്കെ മാറ്റേണ്ടി വരും. നിങ്ങളുടെ സിസ്റ്റത്തിലും ഇതുപോലെ സ്കൈപ്പ് ഉടക്കുകയാണെങ്കിൽ താഴെ പറയുന്ന കാര്യം ചെയ്താൽ മതിയാകും.

നിങ്ങളുടെ ഹോം ഡയറക്ടറിയിലെ 'bin' ഡയറക്ടറിക്കകത്ത് 'skype' എന്ന പേരിൽ ഒരു ടെക്സ്റ്റ് ഫയൽ ഉണ്ടാക്കി താഴെ തന്നിരിക്കുന്നത് അതിലേക്ക് സേവ് ചെയ്യുക:

#!/bin/sh
export LD_PRELOAD=/usr/lib/i386-linux-gnu/mesa/libGL.so.1
exec /usr/bin/skype

പിന്നീട് ആ ഫയലിനെ എക്സിക്യൂട്ടബിൾ ആക്കുക. ദാറ്റ്സിറ്റ്!

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ലോക്കാൽസും ഐബസും


ഈയിലെ ഉബുണ്ടു വീണ്ടും ഇൻസ്റ്റോൾ ചെയ്തതിനു ശേഷം വന്ന ഒരു പ്രശ്നം. ഐബസിന്റെ പ്രിഫറൻസസ് വിൻഡോ കിട്ടുന്നില്ല. നെറ്റിൽത്തപ്പിയപ്പോൾ പലർക്കും ഈ പ്രശ്നമുണ്ടെങ്കിലും ശരിയാക്കാനുള്ള വഴിയൊന്നും കിട്ടിയില്ല.

ഇത്തവണ 12.04-ൽ ഇൻസ്റ്റോൾ ചെയ്തപ്പോൾ മലയാളമായിരുന്നു ഇന്റർഫേസ് ഭാഷയായി തിരഞ്ഞെടുത്തത്. പരിഭാഷ അത്ര പോര എന്നു തോന്നിയതുകൊണ്ടും, പകുതി മാത്രം പരിഭാഷപ്പെടുത്തി നിൽക്കുന്നതുകൊണ്ടും സെറ്റിങ്സിൽപ്പോയി മലയാളം എടുത്തുകളഞ്ഞിരുന്നു. ഇതാണ് ഐബസ് പ്രിഫറൻസസ് വരാത്തതിന് കാരണമെന്ന്, പിന്നീട് മലയാളം ഇൻസ്റ്റോൾ ചെയ്ത് നോക്കിയപ്പോഴാണ് മനസിലായത്.

മലയാളം പിന്നെയും എടുത്തുകളഞ്ഞ്,

sudo dpkg-reconfigure locales

എന്ന കമാൻഡ് കൊടുത്ത് ലോക്കാൽസ് വീണ്ടുമൊന്ന് കോൺഫിഗർ ചെയ്തപ്പോൾ കാര്യം ശരിയായി.

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

ഗ്നോം 3ല്‍ മിനിമൈസ്, മാക്സിമൈസ് ബട്ടണുകള്‍


 
ഒരു പോസ്റ്റാക്കാനുള്ള പ്രാധാന്യം ഇതിനുണ്ടോ എന്നറിയില്ല. എങ്കിലും ഒന്നൊന്നര  മണിക്കൂറത്തേക്കു് എന്നെ ഒന്ന് കുഴപ്പിച്ചത് കൊണ്ട് ഇവിടെ പോസ്റ്റുന്നു.

ഗ്നോം 2, കറുവ, യൂണിറ്റി വഴി കറങ്ങിത്തിരിഞ്ഞാണു് ഞാന്‍ ഗ്നോം ഷെല്ലിലെത്തിയതു്. സത്യം  പറയാല്ലോ. തുടക്കക്കാരെ നല്ലവണ്ണം ഒന്നു വിയര്‍ത്തകുളിപ്പിക്കാന്‍ ഗ്നോം ഷെല്‍ ധാരാളമാണു്. ഇതിലെനിക്കു് ഏറ്റവും  പ്രയാസമായി തോന്നിയത് വിന്‍ഡോ ലേയൗട്ടുകളുടെ നിരയിലെ മിനിമൈസ്, മാക്സിമൈസ്/റീസ്റ്റോര്‍ ബട്ടണുകളുടെ അഭാവമായിരുന്നു. 



സമാനമായ ഒരനുഭവം മുന്‍പു വന്നിരുന്നതു് പരിഹരിച്ചത് gconf-editor ഉപയോഗിച്ചായിരുന്നു. അതിനാല്‍ മറ്റൊന്നുമാലോചിക്കാതെ കോണ്‍ഫിഗ് എഡിറ്റര്‍ സന്നിവേശിപ്പിച്ചു. എന്നാല്‍ തുറന്നു നോക്കിയപ്പോള്‍ അതിലെവിടെയും button_layout തിരുത്താനുള്ള ഉപാധി കണ്ടില്ല.

gconf-editor


'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന് പറയും പോലെ അത്രയും സമയം ഞാന്‍ ഗ്നോം ട്വീക്ക് ടൂളിനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അതില്‍ മാക്സിമൈസ്, മിനിമൈസ് ബട്ടണുകള്‍ ആഡ് ചെയ്യാനുള്ള ഉപാധിയുണ്ട്.

ഇതിനായി ഗ്നോം ട്വീക്ക് ടൂള്‍ തുറക്കുക. ഡാഷ് തുറന്ന ശേഷം (സൂപ്പര്‍ കീ) Advanced Settings എന്നോ Gnome tweek tool എന്നോ തിരഞ്ഞാല്‍ വരുന്ന ഐക്കോണാണ്. Alt+F2 എന്നമര്‍ത്തുമ്പോള്‍ വരുന്ന കമാന്റ് ബോക്സില്‍ gnome-tweak-tool എന്ന് നല്‍കിയും ഗ്നോം ട്വീക്ക് തുറക്കാവുന്നതാണു്. നിലവില്‍ ഗ്നോം ട്വീക്ക് ഇന്‍സ്റ്റാളിയിട്ടില്ലെങ്കില്‍
gnome-tweak-tool


sudo apt-get update;
sudo apt-get install gnome-tweak-tool


എന്ന കമാന്റ് മുഖാന്തരം ഗ്നോം ട്വീക്ക് ഇന്‍സ്റ്റാളിയ ശേഖം ഈ നടപടികള്‍ ചെയ്യുക.



ഇതിലെ ഷെല്‍ എന്ന മെനുവിലെ 'Arrangement of buttons on the titlebar' എന്നതിന്റെ മൂല്യം 'Close only' എന്നത് മാറ്റി 'All' എന്ന് നല്കുക. ക്ലോസ്സിനൊപ്പം വിന്‍ഡോ മാക്സിമൈസ്, മിനിമൈസ് ബട്ടണുകളും വരുന്നതാണു്.

ഇതേമാതിരി പ്രയോജനപ്രദമായ ഒട്ടനവധി ക്രമീകരണങ്ങള്‍ ഗ്നോം ട്വീക്ക് ടൂളില്‍ ലഭ്യമാണു്. എല്ലാം പരീക്ഷിച്ചു നോക്കിക്കോളൂ..

2012, ഡിസംബർ 29, ശനിയാഴ്‌ച

മൊഴി കീബോർഡ്


മൊഴി കീബോർഡ് ചെറുതായി പുതുക്കുന്നു.

പുതിയ സൗകര്യങ്ങൾ:


  1. +Shiju Alex  ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം L ഉപയോഗിച്ചും മ്ല, പ്ല തുടങ്ങിയ അക്ഷരങ്ങളെഴുതാനുള്ള സൗകര്യം. (ഇത്  മൊഴിയുടെ നിയമത്തിൽ കണ്ടില്ലയെങ്കിലും കൂടി, ഇങ്ങനെയും ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നതിനാൽ ചേർക്കുന്നു.)
  2. n^ എന്നു ടൈപ്പ് ചെയ്ത് തീയതി അടയാളം (൹) ചേർക്കാനുള്ള സൗകര്യം.
  3. $# എന്നു ടൈപ്പ് ചെയ്ത് രൂപയുടെ ചിഹ്നം (₹) ചേർക്കാനുള്ള സൗകര്യം. (മൊഴിയുടെ വിശദവിവരണത്തിൽ നൽകിയിട്ടുണ്ട്.)
  4. rv എന്നു ടൈപ്പ് ചെയ്യുമ്പോൾ "ര്വ" എന്നു കിട്ടുന്നതിനു പകരം "ർവ" എന്നു കിട്ടാനുള്ള സൗകര്യം (ഗാന്ധർവ്വം, ഗർവം, ലാർവ, പാർവണേന്ദു, പൂർവികൻ .. ). ഗുര്വാദി, ഗുര്വത്ര തുടങ്ങി ഏതാനം വാക്കുകൾ മാത്രമേ ര്വ ഉപയോഗിക്കുന്നതായി കണ്ടുള്ളു.  ര്വ ടൈപ്പ് ചെയ്യാൻ r~v എന്നുപയോഗിക്കാവുന്നതാണ്. 


അപ്‌ഡേറ്റ് ചെയ്യാനുള്ള മാർഗ്ഗം.


ടെർമിനൽ തുറക്കുക. (കണ്ട്രോൾ+ഓൾട്ട്+ടി അമർത്തുക)

sudo wget https://sites.google.com/site/mozhim17n/mozhi/ml-mozhi.mim.test.5 -O /usr/share/m17n/ml-mozhi.mim 

എന്നു നൽകി എന്റർ അമർത്തുക, പാസ്‌വേഡ് നൽകുക. ഫയൽ ഡൗൺലോഡ് ചെയ്ത് പുതുക്കിക്കൊള്ളും.

എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അറിയിക്കുക. വളരെ പ്രശ്നമുണ്ടെങ്കിൽ ഈ പോസ്റ്റിൽ പറയുന്ന പ്രകാരം ഇതിനു മുമ്പത്തെ പതിപ്പ് ഉപയോഗിക്കുക.

ഉറപ്പില്ലാത്തതിനാൽ ചേർക്കാഞ്ഞവ

ഇവ മൊഴിയുടെ നിർവചനത്തിൽ കണ്ടെങ്കിലും ഘടിപ്പിക്കണമെങ്കിൽ അല്പം കൂടി അറിവ് നല്ലതായിരിക്കുമെന്നതിനാൽ ചേർത്തില്ല.

1) lp = ല്പ / ൽപ (ഉദാ: സ്വല്പം, കൽപ്പാത്തി)
2) my, mr (ഉദാ: സംയോഗം, സംരംഭം, സമ്യക്, സമ്രാട്ട്)

അപ്‌ഡ്റ്റ്  (02 ജനു 12):

ഒന്നുരണ്ട് ബന്ധപ്പെട്ട അപ്‌ഡേറ്റ് കൂടി:
മാറ്റം വരുത്തിയവ


  1. lm ല്മ് ൽമ (സൽമ, പുൽമൈതാനം)
  2. Lm ള്മ് ൾമ് (കോൾമയിർ)
  3. Nr - ൺര്
  4. പുതിയതായി #, ^ എന്നീ ചിഹ്നങ്ങൾ ഉൾക്കൊള്ളിച്ചപ്പോൾ ചില സന്ദർഭങ്ങളിൽ (ഉദാ:ക്^ എന്ന് അല്ലെങ്കിൽ ച്# എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ) അക്ഷരം മാഞ്ഞുപോകുന്ന പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്(ന്ന് കരുതുന്നു ;-))
  5. പഴയ അക്കങ്ങൾ കിട്ടാൻ =1, =2 എന്ന രീതിയിൽ ഉപയോഗിക്കണം എന്ന് നിർവചിച്ചിരുന്നത് മാറ്റി മൊഴിയിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ 1#, 2#.. (യഥാക്രമം ൧, ൨) എന്നിങ്ങനെയാക്കി.


കൂട്ടിച്ചേർത്തവ


  1. lr, Lr എന്നിവ നിർവചിച്ചിരുന്നില്ല, അതേസമയം ഇവയുൾപ്പെടുന്ന മൂന്നക്ഷരക്കൂട്ടങ്ങൾ നിർവചിക്കുകയും ചെയ്തിരുന്നു അതുകൊണ്ട്  ഇവ ടൈപ്പ് ചെയ്താൽ ഇംഗ്ലീഷ് തന്നെ ലഭിക്കുമായിരുന്നു. ഇവ യഥാക്രമം ൽര്, ൾര് എന്നാക്കിയിട്ടുണ്ട്. 
  2. au#  ൌ (kau#thukam - കൌതുകം)
  3. ou ഔ ( ൗ) (ou - ഔ,  kouthukam - കൗതുകം) 


ചൂണ്ടിക്കാട്ടിയവർക്ക് നന്ദി. (ആർക്കും അപ്‌ഡേറ്റ് ചെയ്യാവുന്നതേയുള്ളു എന്നുംകൂടി പറയും ;-))

അപ്‌ഡേറ്റ് ചെയ്യാൻ
sudo wget https://sites.google.com/site/mozhim17n/mozhi/ml-mozhi.mim.test.5 -O /usr/share/m17n/ml-mozhi.mim 
എന്ന കമാൻഡ് തന്നെ ഒരു പ്രാവശ്യം കൂടി പ്രവർത്തിപ്പിച്ചാൽ മതിയാവും.

2012, നവംബർ 16, വെള്ളിയാഴ്‌ച

ഒരു ചെറിയ ഉബുണ്ടു 12.10 സെക്യുർ ബൂട്ട് പ്രശ്നം


എന്റെ ലെനോവോ Z570 ലാപ്‌ടോപ്പിൽ പുതിയ ഉബുണ്ടു 12.10 കണ്ടൽ കൃഷ്ണന്റെ (Quantal Quetzal) ലൈവ് ഡി.വി.ഡി.യും ലൈവ് യു.എസ്.ബി. ഡ്രൈവും ബൂട്ടു ചെയ്യുന്നുണ്ടായിരുന്നില്ല. ഡി.വി.ഡി.യിൽ നിന്നോ ഫ്ലാഷ് ഡ്രൈവിൽ നിന്നോ ബൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴൊക്കെ secure boot not enabled എന്ന് മെസേജ് ഒന്നു മിന്നി കാണുകയും ബൂട്ടിങ് തടസ്സപ്പെട്ട് നിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. പുതിയ മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പോലെ ഉബുണ്ടുവും സെ‌ക്യുർ ബൂട്ട് സജ്ജമാണ്. സെക്യുർ ബൂട്ട് പിന്തുണയില്ലാത്ത എന്റെ പഴയ മെഷീനിൽ അതാണ് ഗ്രബ് കിട്ടാത്തതിനു കാരണമെന്ന് മനസ്സിലായെങ്കിലും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ എവിടെ നിന്നും കിട്ടിയില്ല. ഒടുവിൽ രണ്ടും കല്പിച്ചു പ്രയോഗിച്ച പൊടിക്കൈ പ്രവർത്തിച്ചു.

അതിങ്ങനെയാണ്: ആദ്യമായി ഉബുണ്ടു ഇൻസ്റ്റലേഷൻ മീഡിയം ഇട്ട ഫ്ലാഷ് ഡ്രൈവ് മറ്റെവിടെയെങ്കിലും തുറക്കുക (ഞാൻ എന്റെ ലിനക്സ് മിന്റ് ഉപയോഗിച്ച് തുറന്നു). എന്നിട്ട് /boot/grub/ എന്ന ഡയറക്ടറിയിലെ grub.cfg എന്ന ഫയൽ കണ്ടുപിടിക്കുക. ആ ഫയൽ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തുറക്കുക.

അതിൽ നിന്നും സെക്യുർ ബൂട്ടിനാവശ്യമായ മോഡ്യൂളുകൾ ലോഡ് ചെയ്യുന്ന

if loadfont /boot/grub/font.pf2 ; then
    set gfxmode=auto
    insmod efi_gop
    insmod efi_uga
    insmod gfxterm
    terminal_output gfxterm
fi

എന്ന ഭാഗം നീക്കം ചെയ്യുക. സേവ് ചെയ്യുക. വീണ്ടും ഫ്ലാഷ് ഡ്രൈവിൽ നിന്ന് ബൂട്ട് ചെയ്യുക. ആശംസകൾ

കുറിപ്പ് 1: ഉബുണ്ടുവിലെ യു.ഇ.എഫ്.ഐ. ബൂട്ടിങ്ങിനെകുറിച്ചറിയാൻ ഈ താൾ കാണുക: https://help.ubuntu.com/community/UEFIBooting

കുറിപ്പ് 2: ഇത് മുമ്പ് ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്. പക്ഷേ ഇവിടെയിടാനും മാത്രം അറിവ് ഈ വിഷയത്തിലില്ലാത്തതിനാൽ അതിനു തുനിഞ്ഞില്ല. എന്നാലും അന്നു തൊട്ട് ഈ പ്രശ്നം മറ്റെവിടെയെങ്കിലും കാണുന്നുണ്ടോയെന്ന് കിട്ടുന്ന കമ്പ്യൂട്ടറുകളിലൊക്കെ ഉബുണ്ടു ബൂട്ട് ചെയ്യിക്കാൻ ശ്രമിച്ച് നോക്കിയിരുന്നു. ഒരിടത്തും കണ്ടില്ല. ഒടുവിൽ ഇന്ന് വൈകുന്നേരം ഒരു സുഹൃത്തിന്റെ സുഹൃത്തിന്റെ z570 ലാപ്‌ടോപ്പിൽ ഇട്ടപ്പോൾ കണ്ടു. ഉബുണ്ടു ഫോറത്തിലിട്ട സംശയത്തിൽ ബയോസ് അപ്‌ഡേറ്റ് ചെയ്താൽ പ്രശ്നമുണ്ടാകില്ലെന്ന സൂചന കണ്ട് ബയോസ് അപ്‌ഡേറ്റ് ചെയ്ത് നോക്കിയെങ്കിലും അതും ഫലിച്ചില്ല. ഒടുവിൽ ഈ പൊടിക്കൈ തന്നെ പ്രവർത്തിച്ചു. 


2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

ഉബുണ്ടു കണ്ടൽ കൃഷ്ണനിലെ(12.10) മലയാളം പ്രശ്നങ്ങൾ

ഇന്ന് ഉബുണ്ടു 12.04-ൽ നിന്ന് കണ്ടൽ കൃഷ്ണനിലേക്ക് (Quantal Quetzal) (12.10) അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്തതിനു ശേഷം ഐബസ്സിലെ മലയാളം എഴുതുന്നതിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടു.  പുതിയ ചില്ലുകൾ കാണണമെങ്കിൽ വാക്കെഴുതിയ ശേഷം സ്പേസ് അടിക്കണം, 'എങ്കിൽ', കൃഷ്ണൻ തുടങ്ങിയ വാക്കുകൾ എഴുതാനാവില്ല തുടങ്ങിയ പ്രശ്നങ്ങളായിരുന്നു പ്രധാനമായും. അതിനു പരിഹാരമായി ഉബുണ്ടുവിലെ ibus-m17n എന്ന പാക്കേജ് അൺ ഇൻസ്റ്റാൾ ചെയ്യണം. അതിനായി ടെർമിനലിൽ പോയി
                  sudo apt-get remove ibus-m17n
 എന്നു നൽകുക. ശേഷം സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് ibus-m17n എന്ന പാക്കേജ് വീണ്ടും ഇൻസ്റ്റാൾ ചെയ്യണം. ഇതിനായി
                sudo apt-get install ibus-m17n

ഇപ്പോൾ മലയാളം ടൈപ്പിങ്ങ് സാധാരണരീതിയിലായിട്ടുണ്ടാകും.

കുറിപ്പ്: ഉബുണ്ടു 12.10-ൽ മലയാളം ലഭ്യമല്ലാത്തവർ  sudo apt-get install ibus-m17n എന്ന കമാന്റ് നൽകി ഇൻസ്റ്റാൾ ചെയ്യുക.  ഇൻപുട്ട് മെത്തേഡുകളിൽ മലയാളം വരും, ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചേർക്കുക.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.