ബൂട്ട്‌അപ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബൂട്ട്‌അപ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 4, ബുധനാഴ്‌ച

പാത്ത് എന്ന വില്ലൻ

ഇതൊരു പോസ്റ്റാക്കി ഇടാൻ മാത്രമുണ്ടോ എന്ന തോന്നലുണ്ട്. എങ്കിലും ആർക്കെങ്കിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ സഹായമാകട്ടെ എന്ന വിചാരത്തിൽ എഴുതുന്നു.

പണ്ട് ഡോസ് ഉപയോഗിക്കുന്ന കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു നിർദ്ദേശമാണ് പാത്ത് (path). നിങ്ങൾ നൽകുന്ന ഒരു നിർദ്ദേശം പ്രവർത്തിക്കാനുള്ള പ്രോഗ്രാം എവിടെയൊക്കെയായിരിക്കും എന്ന ഒരു കുറിപ്പാണ് പാത്ത് എന്നത്. അതായത് നിങ്ങൾ‌ ഒരു നിർദ്ദേശം നൽകുകയാണെങ്കിൽ ആ നിർദ്ദേശം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രോഗ്രാം ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്ന ഡയറക്റ്ററികളിൽ (ഫോൾഡറുകളിൽ) തിരയുകയും അവിടെയെവിടെയെങ്കിലും കാണുകയാണെങ്കിൽ പ്രോഗ്രാം പ്രവർത്തിപ്പിക്കുകയും ചെയ്യും.

ടെർമിനലിൽ echo $PATH എന്ന നിർദ്ദേശം ടൈപ്പ് ചെയ്ത് എന്റർ ചെയ്താൽ നിലവിലെ പാത്ത് കാണാൻ സാധിക്കും. 

ഇവിടെ എട്ട് ഡയറക്റ്ററികളെ : ചിഹ്നം ഉപയോഗിച്ച് വേർതിരിച്ചെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. നൽകുന്ന ഒരു നിർദ്ദേശം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രോഗ്രാം ഇതിൽ ഏതെങ്കിലും ഒരു ഡയറക്റ്ററിയിൽ ഉണ്ടെങ്കിൽ അത് പ്രവർത്തിക്കും. ഇല്ലെങ്കിൽ അത്തരം ഒരു നിർദ്ദേശം യോഗ്യമല്ലെന്ന സന്ദേശം ലഭിക്കുകയും ചെയ്യും.

ഇനി PATH= എന്നു ടെർമിനലിൽ കൊടുത്ത് എന്തെങ്കിലും നിർദ്ദേശം നൽകി നോക്കൂ. ഉദാഹരണം താഴെയുള്ള സ്ക്രീൻഷോട്ടിൽ കാണാം.


ഇവിടെ PATH= എന്നു നൽകിയതിലൂടെ പ്രോഗ്രാമുകൾ തിരയേണ്ട പാതകൾ ശൂന്യമാക്കുകയാണ് ചെയ്തത്. അതുകൊണ്ട് നേരത്തേ പ്രവർത്തിച്ചിരുന്ന പ്രോഗ്രാമുകൾ പോലും പ്രവർത്തിക്കാതിരുന്നത് ശ്രദ്ധിക്കുക.

പാത്തിന്റെ പ്രശ്നം


ഇനി, പ്രശ്നം പറയാം. സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ‌ ഇൻസ്റ്റോൾ ചെയ്തതിനു ശേഷം ഇപ്പോൾ‌ ഉബുണ്ടുവിൽ ലോഗിൻ ചെയ്യാനേ പറ്റുന്നില്ലെന്നതായിരുന്നു പ്രശ്നം. ശരിയായ പാസ്വേഡ് കൊടുത്താലും, എന്തൊക്കെയോ മെസേജ് കാണിച്ച് ലോഗിൻ സ്ക്രീനിൽത്തന്നെ തിരിച്ചെത്തുന്നു.


കണ്ട്രോൾ+ഓൾട്ട്+എഫ്1 അടിച്ച് ടെക്റ്റ് ടെർമിനൽ വഴി ലോഗിൻ ചെയ്തപ്പോൾ (ഇവിടെ മറ്റൊരു പുകിലുണ്ടായിരുന്നു. അതിവിടെ വിവരിക്കുന്നില്ല) ഒരു പ്രോഗ്രാമും പ്രവർത്തിക്കുന്നില്ല. echo PATH ടൈപ്പ് ചെയ്തപ്പോൾ /bin, /sbin തുടങ്ങിയ പ്രധാന പ്രോഗ്രാം ഡയറക്റ്ററികളിലേക്കൊന്നും പാത്ത് സെറ്റ് ചെയ്തിട്ടില്ലെന്ന് മനസിലായി.

/etc/environment എന്ന ഫയലിലാണ് കമ്പ്യൂട്ടർ പ്രവർത്തിച്ചു തുടങ്ങുമ്പോഴുള്ള പാത്ത് സെറ്റിങ് നടത്തുന്നത്. ഈ ഫയലിനകത്ത് നൽകിയിരിക്കുന്ന PATH= എന്നു തുടങ്ങുന്ന നിർവചനമനുസരിച്ചുള്ള പാത്ത് ആണ് ലോഗിൻ ചെയ്യുമ്പോൾത്തന്നെ ഓരോ യൂസർക്കും ലഭിക്കുന്നത്. നോട്ടിലസ് (ഫയൽ മാനേജർ) ഉപയോഗിച്ച് /etc ഡയറക്റ്ററിയിലെത്തി environment എന്ന ഫയൽ തുറന്നുനോക്കിയാൽ, ആരംഭത്തിൽത്തന്നെ ലഭിക്കുന്ന പാത്ത് കാണാനാകും.


എന്റെ കമ്പ്യൂട്ടറിലെ സ്വതേയുള്ള പാത്ത് നിർവചനം മുകളിൽ ശ്രദ്ധിക്കുക. സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ ഈ പാത്ത് നിർവചനത്തിനു പുറമേ മറ്റൊരു തെറ്റായ പാത്ത് നിർവചനം കൂടി ഉണ്ടായിരുന്നു. മുകളിൽപ്പറഞ്ഞ environment ഫയൽ തുറന്ന് ആ തെറ്റായ നിർവചനം ഒഴിവാക്കി, കമ്പ്യൂട്ടർ ഒന്ന് റീബൂട്ട് ചെയ്തപ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമായി.

ശ്രദ്ധിക്കുക

ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഇല്ലാത്തതുകൊണ്ട് vi എഡിറ്റർ ഉപയോഗിച്ചാണ് environment ഫയൽ തുറന്ന് തിരുത്തിയത്. environment എന്ന ഫയൽ സിസ്റ്റം ഫയൽ ആയതിനാൽ sudo vi /etc/environment എന്ന നിർദ്ദേശം കൊടുത്ത് അതു തുറന്നാലേ അതിൽ തിരുത്തലുകൾ‌ വരുത്താനാകൂ. അതുപോലെ sudo, vi തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവർത്തിക്കുന്നതിന് തുടക്കം തന്നെ PATH=/usr/local/sbin:/usr/local/bin:/usr/sbin:/usr/bin:/sbin:/bin എന്ന നിർദ്ദേശം നൽകി പാത്ത് താൽക്കാലികമായി നിർവചിക്കുകയും ചെയ്തു.


2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മൂന്ന് ടൂളുകൾ

എനിക്കറിയില്ല എന്തുകൊണ്ടാണീ മൂന്ന് ടൂളുകൾ ഉപകാരപ്രദമായി തോന്നുന്നതെന്ന്, പക്ഷേ എനിക്ക് ഇവ വളരെ ഉപകാരപ്രദമായി തോന്നുന്നു. :-P

1. ബ്ലീച്ച് ബിറ്റ് (BleachBit): നമ്മുടെ കമ്പ്യൂട്ടറിലെ അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ബ്ലീച്ച് ബിറ്റ്. കാഷെ, ഇന്റർനെറ്റ് ഹിസ്റ്ററി, കുക്കികൾ, താത്കാലിക ഫയലുകൾ, തമ്പ് നെയിലുകൾ തുടങ്ങി നിരവധി ഫയലുകൾ ഒഴിവാക്കി, കമ്പ്യൂട്ടർ വൃത്തിയാക്കണമെങ്കിൽ ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. ഇവയൊക്കെ നീക്കം ചെയ്യാൻ മറ്റ് മാർഗ്ഗങ്ങളുണ്ടെങ്കിലും കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാൻ ബ്ലീച്ച്ബിറ്റ് സഹായിക്കുന്നുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. ഫയർഫോക്സ്, ക്രോമിയം, ഓപ്പണോഫീസ് തുടങ്ങി ഒട്ടനവധി സോഫ്റ്റ്‌വേറുകളെ കൈകാര്യം ചെയ്യാൻ ബ്ലീച്ച്ബിറ്റ് പ്രാപ്തമാണ്. കമ്പ്യൂട്ടറിൽ കിടക്കുന്ന ഫയലുകൾ ഡിലീറ്റ് ചെയ്താലും വേണമെങ്കിൽ റിക്കവർ ചെയ്യാൻ കഴിയും. ഇങ്ങനെ റിക്കവർ ചെയ്യാൻ കഴിയാത്ത വിധത്തിൽ ഫയലുകൾ ഷ്രെഡ് (shred command) ചെയ്ത് കളയാനും ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. (ext4 ഫയൽസിസ്റ്റത്തിൽ ഷ്രെഡിങ് അത്ര ഫലപ്രദമല്ലെന്ന് കേൾക്കുന്നു)

ഇൻസ്റ്റോൾ ചെയ്യാൻ സോഫ്റ്റ്‌വേർ സെന്ററിൽ BleachBit തിരയുക, അല്ലെങ്കിൽ ടെർമിനലിൽ sudo apt-get install bleachbit എന്നു നൽകുക.

2. ബം (BUM - BootUp-Manager): കമ്പ്യൂട്ടർ ബൂട്ട് ചെയ്ത് കേറുമ്പോൾ പ്രവർത്തിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാനുള്ള ചെറു സോഫ്റ്റ്‌വേറാണ് ബം. വേണ്ടതും വേണ്ടാത്തതുമായ നിരവധി  പ്രവർത്തനങ്ങൾ ബൂട്ട് ചെയ്ത് കേറുമ്പോൾ നടക്കുന്നുണ്ടാവാം. അത് ഓരോ ഉപയോക്താവിനുമനുസരിച്ച് വ്യത്യാസമായേക്കാം.  ഡിക്ഷ്ണറി സെർവർ ഉപയോഗിക്കുന്നതേയില്ലങ്കിൽ അത് കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ തൊട്ട് പ്രവർത്തിക്കേണ്ട കാര്യമുണ്ടോ? എന്നും എപ്പോഴും കമ്പ്യൂട്ടർ പ്രിന്റർ (Cups) ഉപയോഗിക്കുന്നില്ലെങ്കിൽ എല്ലാ പ്രാവശ്യവും ബൂട്ട് ചെയ്ത് കേറുമ്പോൾ തൊട്ട് അത് സ്റ്റാൻഡ്ബൈ നിൽക്കേണ്ടതെന്തിന്? ഇതുപോലത്തെ വികട ചിന്തകൾ ഉണ്ടെങ്കിൽ ബം ഉപയോഗിച്ച് നോക്കാം.

സോഫ്റ്റ്‌വേർ സെന്ററിൽ  BootUp-Manager എന്നു സേർച്ച് ചെയ്തോ, ടെർമിനലിൽ sudo apt-get install bum എന്നു നൽകിയോ ഇൻസ്റ്റോൾ ചെയ്യാം.




3. പാഴ്സൽലൈറ്റ് (Parcellite): ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ്കൾക്കനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് സിസ്റ്റം വൈഡ് ക്ലിപ്ബോർഡിന്റെ രാഹിത്യം. ഒരു ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്ത കാര്യങ്ങൾ വേറൊരു ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയ്യാൻ കഴിയാതെ വരിക, അല്ലെങ്കിൽ ചിലപ്പോൾ ചില ആപ്ലിക്കേഷൻ ക്ലോസ് ചെയ്താൽ പിന്നെ ആ ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്തത് മറ്റൊരിടത്ത് പകർത്താനാകാതെ വരിക എന്നിവയൊക്കെ. ഉബുണ്ടുവിന്റെ ഓരോ പതിപ്പിറങ്ങുമ്പോഴും ഈ പ്രശ്നം കൂടുതൽ കൂടുതൽ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും പൂർണ്ണപരിഹാരമായെന്ന് പറയാനാവില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരവധി ആപ്ലിക്കേഷനുകൾ ഉബുണ്ടുവിൽ ലഭ്യമാണെങ്കിലും ഏറ്റവും ഉപകാരപ്രദമായി തോന്നിയ ഒന്നാണ് പാഴ്സൽ ലൈറ്റ്. ഒന്നാമത്തെ കാര്യം ലഘുവാണെന്ന് പേരിൽ പറയുന്നുണ്ടെങ്കിൽ കൂടി അതിലും ലൈറ്റ് ആണ് ഈ സാധനം, രണ്ടാമത്തെ ഗുണം മറ്റ് നിരവധി ക്ലിപ്ബോർഡ് മാനേജർ ആപ്ലിക്കേഷനുകൾ നിരവധിയനവധി അനുബന്ധ പരിപാടികൾ ചേർത്ത് അടിസ്ഥാന ഉപയോഗം അപ്രസക്തമാക്കിയവയാണെങ്കിൽ, പാഴ്സൽ ലൈറ്റ് വേണ്ട സൗകര്യവും പഴയ കുറച്ച് ക്ലിപ്ബോർഡ് എൻട്രികളും മാത്രം തന്ന് അടിസ്ഥാന ഉപയോഗം മറന്ന് പോകാതെ നൽകുന്നു. ഈ ആപ്ലിക്കേഷൻ ഒന്നോ രണ്ടോ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് തന്നെ പൂർണ്ണമായും ആക്സസ് ചെയ്യുകയും ചെയ്യാം.

ഇൻസ്റ്റോൾ ചെയ്യാൻ parcellite എന്നു തന്നെ ഉപയോഗിച്ചാൽ മതിയാകും.

അനുബന്ധം:
ഒരിക്കൽ അനൂപൻ ഉബുണ്ടു റ്റ്വീക്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഉപയോഗത്തിനപ്പുറം നിരവധി കാര്യങ്ങൾക്കുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ഉബുണ്ടു റ്റ്വീക്. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന മെനു സജ്ജീകരിക്കാനും, കെർണലുകൾക്കു പുറമേ വേണ്ടാത്ത ഫയലും സെറ്റിങ്സും എല്ലാം നീക്കം ചെയ്യാനും ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം. ലൂസിഡ് ലിൻക്സ് ഇൻസ്റ്റോൾ ചെയ്തപ്പോൾ ഒഫീഷ്യൽ റെപ്പോസിറ്ററിയിലുള്ള സോഫ്റ്റ്‌വേർ മാത്രമേ ഉപയോഗിക്കുകയുള്ളു എന്നു കരുതിയിരുന്നെങ്കിലും, അധികം വൈകാതെ തന്നെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ലാത്ത ഉബുണ്ടു റ്റ്വീക് ഇൻസ്റ്റോൾ ചെയ്തു. ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം എന്നതു തന്നെയാണ് കാരണം.


ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന മാർഗ്ഗം മിക്കവർക്കും എപ്പോഴെങ്കിലുമൊക്കെ ആവശ്യം വരുന്നതായിരിക്കും. ഇത് ക്രമീകരിച്ച് വെയ്ക്കാനും ഉബുണ്ടു റ്റ്വീക്കിൽ എളുപ്പവഴിയുണ്ട്.
റൂട്ട് ആക്സസ് വേണ്ട ഫോൾഡറുകളിൽ നിന്നും ഫയലുകൾ നീക്കം ചെയ്യണമെങ്കിലൊക്കെ എപ്പോഴും ടെർമിനലെടുത്ത് sudo rm അല്ലെങ്കിൽ sudo rmdir എന്നൊക്കെ കൊടുക്കുന്നത് ഒരു സുഖമില്ലാത്ത ഏർപ്പാടാണ് [യോജിക്കണമെന്നില്ല ;-)]. ഒരു ഫയലോ ഒരു ഫോൾഡറോ മാത്രം  മായ്ക്കാനോ മാറ്റം വരുത്താനോ ജി.യു.ഐ. തന്നെയാണ് സൗകര്യം എന്നാണെന്റെ പക്ഷം. ഉബുണ്ടുവിലെ ഫയൽമാനേജറായ നോട്ടിലസ്  റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus എന്നു ടെർമിനലിൽ കൊടുത്താൽ മതിയാകും. നോട്ടിലസിൽ ഒരു പ്രത്യേക ഫോൾഡർ റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus /usr/share/fonts/ എന്ന രീതിയിൽ കൊടുത്താൽ മതിയാകും. ഫയലുകൾ തുറക്കാനും ഇതേ മാർഗ്ഗം തന്നെ ഉപയോഗിക്കാം, ജി‌എഡിറ്റാണ് താങ്കളുടെ പ്രിയപ്പെട്ട എഡിറ്ററെങ്കിൽ sudo gedit എന്ന് ടെർമിനലിൽ നൽകിയാൽ തുറന്നു വരിക റൂട്ടിന്റെ ശക്തിയോട് കൂടിയ എവിടെയും സേവ് ചെയ്യാനും, എവിടെ കിടക്കുന്ന ഫയലുകൾ വേണമെങ്കിലും തുറക്കാനും ശേഷിയുള്ള ജിഎഡിറ്റായിരിക്കും. നോട്ടിലസിനു നൽകിയതു പോലെ ഒരു പ്രത്യേക ഫയലിന്റെ അഡ്രസ് പറഞ്ഞും ജിഎഡിറ്റ് തുറക്കാവുന്നതാണ്.

ഇത്രയും കൂടെ ചെയ്യാൻ എന്നെപ്പോലെ മടിയായവർക്ക് നോട്ടിലസിനുള്ള സ്ക്രിപ്റ്റുകൾ എടുത്ത് മാനുവലായി ക്രമീകരിച്ച് ഉപയോഗിക്കാം, അല്ലെങ്കിൽ ഉബുണ്ടു റ്റ്വീക്കിൽ പേഴ്സണൽ ടാബിൽ നിന്ന് സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകൾ നോട്ടിലസിൽ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടും. ഉബുണ്ടു റ്റ്വീക്, ഉബുണ്ടുവിന്റെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ല, അതുകൊണ്ട് ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ അവരുടെ സൈറ്റിൽ ചെന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം.

ഉബുണ്ടു മാനുവലിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് കണ്ണോടിക്കുന്നതും നല്ലതാണെന്നെന്റെ അഭിപ്രായം.

നല്ലുബുണ്ടുവും ഓണാശംസകളും നേരുന്നു.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.