2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ലൂസിഡ് ലിൻക്സ്


പുതിയ ഉബുണ്ടു പതിപ്പ് പുറത്തിറങ്ങി. ഒന്നാന്തരം എന്നേ പറയേണ്ടു. വിൻഡോകളിലെ ക്ലോസ്, മിനിമൈസ്, മാക്സിമൈസ് ബട്ടണുകൾ വലത്തു നിന്ന് ഇടത്തോട്ടാക്കിയത് റൈറ്റ് ഹാൻഡ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ഒരാളെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വണ്ടിയേൽ ഓട്ടാൻ കേറ്റിയ തോന്നലുണ്ടാക്കിയെങ്കിലും (ക്ലോസ് ബട്ടണാദ്യമാക്കിയത് ആക്സിലറേറ്ററിന്റെ സ്ഥാനവും മാറിയതു പോലെയുമുണ്ട്), പഴയ പതിപ്പുകളെ പോലെ ഏതൊരു സമകാലിക ഓപ്പറേറ്റിങ് സിസ്റ്റവുമായി കിടപിടിക്കത്തക്കതോ ഒരു പടിയെങ്കിലും മുന്നിൽ നിൽക്കുന്നതോ ആയ ഒന്നാണ് പുതിയ ലൂസിഡ് ലിൻക്സും.

സി.ഡി. ഇമേജ് ഡൗൺലോഡ് ചെയ്യാൻ അൽപം പാട് പെട്ടതൊഴിച്ചാൽ (എവിടെയോ സമുദ്രാന്തർ കേബിൾ പൊട്ടിക്കിടക്കുകയാണെന്ന് പത്രത്തിൽ കണ്ടു) ഇൻസ്റ്റലേഷൻ വളരെ ലളിതം. ഫ്രെഷ് ഇൻസ്റ്റലേഷനാണ് നടത്തിയത്. 2008 അവസാനം ഇൻസ്റ്റോൾ ചെയ്ത ഉബുണ്ടു അപ്‌‌ഗ്രേഡ് ചെയ്ത് ചെയ്ത് ഉപയോഗിക്കുകയായിരുന്നു ഇത്രനാളും. ഇത്രയും നാളും കണ്ടതും കേട്ടതുമായ പാച്ചുകളും, വഴിയിൽ കണ്ട റെപോകളും പരീക്ഷണങ്ങളും എല്ലാം ചേർന്ന് അതൊരു ഉബുണ്ടു അവിയാലായിരുന്നെങ്കിലും ഇതേവരെ ക്രാഷായിട്ടില്ല. എന്നാൽ അവിടെയുമിവിടെയുമെല്ലാം ചില എററുകൾ കാണിച്ചിരുന്നു. ഡെസ്ക്‌‌ടോപ്പിൽ കിടന്ന ഫയലുകൾ ചുമന്നു മാറ്റാൻ തന്നെ ഒരു ഡിവിഡി വേണ്ടി വന്നു. ലൂസിഡിന്റെ ഇൻസ്റ്റലേഷന് 14 മിനിറ്റ് മാത്രമാണ് എടുത്തത്. ഒരു ജിബി റാം മാത്രമുള്ള 2008-ൽ വാങ്ങിയ ലെനൊവോ വൈ410യിൽ ആണിത്. ലാപിന് ഹാർഡ് വെയർ പ്രശ്നങ്ങൾ ഏറെ വേറെയുമുണ്ട്. ഇൻസ്റ്റലേഷൻ നടന്ന സമയത്ത് ഇവലൂഷൻ മെയിൽ ക്ലയന്റ്, ഫയർഫോക്സ്, ഓപ്പണോഫീസ് തുടങ്ങി ഒപ്പം ഇൻസ്റ്റോളാകുന്ന പ്രധാന സോഫ്റ്റ്‌‌വെയറുകളുടെ വിവരണം കണ്ടു കൊണ്ടിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല. ആദ്യ ബൂട്ടിൽ 8 സെക്കന്റ് മാത്രമാണ് ലോഗിൻ സ്ക്രീനിൽ എത്താനെടുത്തത്. ലോഗിൻ ചെയ്ത് ഡെസ്ക്ക്ടോപ്പ് എടുക്കാൻ ഒരു പത്ത് സെക്കന്റെങ്കിലും എടുത്തുകാണും. മൊബൈലിൽ സ്റ്റോപ് വാച്ച് ഓണായിരുന്നെങ്കിലും ഡെസ്ക്ടോപ്പിൽ കേറിയപ്പോൾ നിർത്താൻ മറന്നു പോയി. ആദ്യ ഷട്ട്ഡൗണിന് മൂന്ന് സെക്കന്റ് മാത്രമാണെടുത്തത്!

പുതിയ സോഫ്റ്റ്‌‌വേർ സെന്റർ അത്യുഗ്രൻ, പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗെയിമായ ജിബ്രെയിനിയും ഒന്നാന്തരം. ഇനി സോഷ്യൽ നെറ്റ്‌‌വർക്കിങിന്റെ കാലമാണെന്നാണ് കാനോനിക്കലിന്റെ കണക്കുകൂട്ടലെന്നു തോന്നുന്നു. അതിനുപകരിക്കുന്ന എല്ലാം ഈ ദീർഘകാല പിന്തുണ പതിപ്പിലുണ്ട്. വിൻഡോ ബട്ടണുകൾ മാക് ഓ.എസ്. രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് മുൻരീതിയിലാക്കണമെങ്കിൽ അതിനുള്ള വഴിയും ലഭ്യമാണ്.

പൊതുവേ യൂസബിലിറ്റിയിൽ മുന്നിൽ നിൽക്കുന്നെങ്കിലും, മലയാളത്തിൽ അത്ര മെച്ചമെന്നു പറയാനാവില്ല. മുമ്പെന്നോ ഒരു ബഗ് ഫയൽ ചെയ്തായിരുന്നെങ്കിലും യൂണീകോഡ് 5.0 തന്നെയാണ് ഇപ്പോഴും ഉബുണ്ടു പിന്തുടരുന്നത്. അതൊരു പ്രശ്നമായി തുടരുന്നു. മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകളിൽ കേറുമ്പോൾ മറ്റക്ഷരങ്ങളേക്കാളും കൂടുതൽ വട്ടത്തിലിട്ട R കാണും. ഒന്നുകിൽ ആറ്റോമിക് ചില്ലക്ഷരങ്ങളുള്ള പുതിയ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക, അല്ലെങ്കിൽ ഫയർഫോക്സ് ആഡോണായ ഫിക്സ്-എം.എൽ ഫയർഫോക്സിൽ ചേർക്കുക. ഫയർഫോക്സിനുള്ളതു പോലെ സമാനമായ എക്സ്റ്റെൻഷൻ ക്രോമിയം ബ്രൗസറിനായും (ഗൂഗിൾ ക്രോം) കിട്ടും. യൂണീകോഡ് 5.1 ഡിസ്‌‌പ്ലേ ബ്രൗസറുകളിൽ ശരിയാക്കാൻ പറ്റുമെങ്കിലും ബ്രൗസറുകൾക്ക് പുറത്ത് ഇത് ശരിയാക്കാൻ ഫോണ്ട് ഇൻസ്റ്റോൾ ചെയ്യേണ്ടി വരും.

മലയാളം ടൈപ്പ് ചെയ്യാൻ ലിപിമാറ്റരീതികളായ മൊഴിയോ, സ്വനലേഖയോ, അല്ലെങ്കിൽ മലയാളത്തിന്റെ സ്വന്തം ടൈപ്പ് ഇൻപുട്ട് രീതിയായ ഇൻസ്ക്രിപ്റ്റോ പുതിയ ഉബുണ്ടുവിലുപയോഗിക്കാം. ഓൾട്ടെർനേറ്റീവ് ഇൻപുട്ടിനായി ഐബസ് ആണ് ഉബുണ്ടുവിലുള്ളത്. സിസ്റ്റം > പ്രിഫറൻസ് > ഐബസ് പ്രിഫറൻസിൽ ചെന്ന് ഐബസ് പ്രവർത്തന സജ്ജമാക്കാം. ഇത് ലോഗിൻ ചെയ്യുമ്പോൾ തന്നെ പ്രവർത്തന സജ്ജമാകാൻ സഹായിക്കുന്ന ഒരു ചെക് ബോക്സോ റേഡിയോ ബട്ടണോ ഐബസ് പ്രിഫറൻസിലില്ലാത്തത് അത്ഭുതം തന്നെ. എന്നാലും നമുക്ക് അത് ചേർക്കാൻ കഴിയും

System > Preferences > Startup Applications

Add എന്ന ബട്ടൺ ഞെക്കുക
Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon

എന്നു നൽകുക, ലോഗൗട്ട് ചെയ്ത് ലോഗിൻ, റീസ്റ്റാർട്ട് എന്നിവയിലേതെങ്കിലും ചെയ്യുക. അതിനു ശേഷം കണ്ട്രോൾ+സ്പേസ് അടിച്ചാൽ ഐബസ് പ്രവർത്തനക്ഷമമാകും. ഐബസിനൊപ്പം വരുന്ന മൊഴി വിൻഡോസിൽ ലഭ്യമായ മൊഴിയിൽ നിന്ന് അൽപസ്വൽപം വ്യത്യസ്തമാണ്. സർവ്വസാധാരണമായ മൊഴിയുമായി ഏറ്റവും ഒത്തുപോകുന്ന ഒരു കീബോർഡ് വേണമെന്നുണ്ടെങ്കിൽ ടെർമിനലിൽ
sudo wget http://me.praveen.googlepages.com/ml-mozhi.mim.5.1.0.test.2 -O /usr/share/m17n/ml-mozhi.mim

എന്നു നൽകി ഐബസ് റീസ്റ്റാർട്ട് ചെയ്യുക.

നല്ലുബുണ്ടു നേരുന്നു. :D

5 അഭിപ്രായങ്ങൾ:

 1. നല്ല വിവരണം. എനിക്കും ഏതാണ്ട് ഇതേ അഭിപ്രായം ഒക്കെത്തന്നെയാണു തോന്നിയത്. പക്ഷെ ബൂട്ടിങ്ങ് സമയത്തിന്റെ കാര്യത്തിൽ ലൂസിഡ് കാർമികിനേക്കാൾ പിന്നിലാണെന്നാണ് എനിക്ക് തോന്നിയത്.

  ഇപ്പോൾ യു.എസ്.ബി മൗസിലെ ബാറ്ററി കഴിഞ്ഞതിനാൽ ലാപ്പിലെ ടച്ച്പാഡിൽ വിരലുന്തി നോക്കിയപ്പോൾ അനങ്ങുന്നില്ല :( എങ്ങനെയൊക്കെയോ റീസ്റ്റാർട്ട് ചെയ്ത് ഇപ്പോൾ വിൻഡോസിലെത്തി. :)

  മറുപടിഇല്ലാതാക്കൂ
 2. വൻ ചിത്രങ്ങൾ ഫയർഫോക്സിൽ തുറക്കുമ്പോൾ‌സിസ്റ്റം മുഴുവൻ പ്രതികരിക്കാതായി മാറുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഈ കണ്ണി (http://upload.wikimedia.org/wikipedia/ml/d/d5/%E0%B4%B5%E0%B5%BC%E0%B4%A3%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%82.JPG) തുറക്കുമ്പോൾ പ്രശ്നം ഉണ്ടാകുന്നും.

  മറുപടിഇല്ലാതാക്കൂ
 3. എനിക്കിങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ലല്ലോ!! പടം ഡൗൺലോഡ് ആകുന്നുണ്ട് (4.9 MB). നെറ്റ്‌‌വർക്ക് എറർ വല്ലതുമാണോ?

  മറുപടിഇല്ലാതാക്കൂ
 4. താങ്കളുടെ ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായി.... പക്ഷെ, ഇതിൽ ചില്ലക്ഷരങ്ങൾക്ക് ഒരൽപ്പം വലുപ്പക്കൂടുതൽ കാണുന്നുണ്ടല്ലോ....

  മറുപടിഇല്ലാതാക്കൂ
 5. ബ്രൗസറിൽ ഡീഫോൾട്ടായി സെറ്റ് ചെയ്തിരിക്കുന്ന ഫോണ്ടിൽ പുതിയ ചില്ലക്ഷരങ്ങൾ ഉണ്ടാകാനിടയില്ല. അത് മറ്റൊരു ഫോണ്ടിൽ നിന്നുമെടുത്താവണം ഡിസ്പ്ലേ ചെയ്യുന്നത്. താങ്കൾ പുതിയ ചില്ലക്ഷരങ്ങൾ ഉള്ള ഫോണ്ട് ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ ബ്രൗസറിൽ ആ ഫോണ്ട് ഡീഫോൾട്ടായി സെറ്റ് ചെയ്ത് നോക്കൂ

  മറുപടിഇല്ലാതാക്കൂ