എന്റെ ലെനോവോ Z570 ലാപ്‌ടോപ്പിൽ പുതിയ ഉബുണ്ടു 12.10 കണ്ടൽ കൃഷ്ണന്റെ (Quantal Quetzal) ലൈവ് ഡി.വി.ഡി.യും ലൈവ് യു.എസ്.ബി. ഡ്രൈവും ബൂട്ടു ചെയ്യുന്നുണ്ടായിരുന്നില്ല. ഡി.വി.ഡി.യിൽ നിന്നോ ഫ്ലാഷ് ഡ്രൈവിൽ നിന്നോ ബൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴൊക്കെ secure boot not enabled എന്ന് മെസേജ് ഒന്നു മിന്നി കാണുകയും ബൂട്ടിങ് തടസ്സപ്പെട്ട് നിൽക്കുകയുമായിരുന്നു ചെയ്തിരുന്നത്. പുതിയ മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളേയും പോലെ ഉബുണ്ടുവും സെക്യുർ ബൂട്ട് സജ്ജമാണ്. സെക്യുർ ബൂട്ട് പിന്തുണയില്ലാത്ത എന്റെ പഴയ മെഷീനിൽ അതാണ് ഗ്രബ് കിട്ടാത്തതിനു കാരണമെന്ന് മനസ്സിലായെങ്കിലും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ എവിടെ നിന്നും കിട്ടിയില്ല. ഒടുവിൽ രണ്ടും കല്പിച്ചു പ്രയോഗിച്ച പൊടിക്കൈ പ്രവർത്തിച്ചു.
അതിങ്ങനെയാണ്: ആദ്യമായി ഉബുണ്ടു ഇൻസ്റ്റലേഷൻ മീഡിയം ഇട്ട ഫ്ലാഷ് ഡ്രൈവ് മറ്റെവിടെയെങ്കിലും തുറക്കുക (ഞാൻ എന്റെ ലിനക്സ് മിന്റ് ഉപയോഗിച്ച് തുറന്നു). എന്നിട്ട് /boot/grub/ എന്ന ഡയറക്ടറിയിലെ grub.cfg എന്ന ഫയൽ കണ്ടുപിടിക്കുക. ആ ഫയൽ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തുറക്കുക.
അതിൽ നിന്നും സെക്യുർ ബൂട്ടിനാവശ്യമായ മോഡ്യൂളുകൾ ലോഡ് ചെയ്യുന്ന
if loadfont /boot/grub/font.pf2 ; then
set gfxmode=auto
insmod efi_gop
insmod efi_uga
insmod gfxterm
terminal_output gfxterm
fi
എന്ന ഭാഗം നീക്കം ചെയ്യുക. സേവ് ചെയ്യുക. വീണ്ടും ഫ്ലാഷ് ഡ്രൈവിൽ നിന്ന് ബൂട്ട് ചെയ്യുക. ആശംസകൾ
കുറിപ്പ് 1: ഉബുണ്ടുവിലെ യു.ഇ.എഫ്.ഐ. ബൂട്ടിങ്ങിനെകുറിച്ചറിയാൻ ഈ താൾ കാണുക: https://help.ubuntu.com/community/UEFIBooting
കുറിപ്പ് 2: ഇത് മുമ്പ് ഗൂഗിൾ പ്ലസ്സിൽ പോസ്റ്റ് ചെയ്തതാണ്. പക്ഷേ ഇവിടെയിടാനും മാത്രം അറിവ് ഈ വിഷയത്തിലില്ലാത്തതിനാൽ അതിനു തുനിഞ്ഞില്ല. എന്നാലും അന്നു തൊട്ട് ഈ പ്രശ്നം മറ്റെവിടെയെങ്കിലും കാണുന്നുണ്ടോയെന്ന് കിട്ടുന്ന കമ്പ്യൂട്ടറുകളിലൊക്കെ ഉബുണ്ടു ബൂട്ട് ചെയ്യിക്കാൻ ശ്രമിച്ച് നോക്കിയിരുന്നു. ഒരിടത്തും കണ്ടില്ല. ഒടുവിൽ ഇന്ന് വൈകുന്നേരം ഒരു സുഹൃത്തിന്റെ സുഹൃത്തിന്റെ z570 ലാപ്‌ടോപ്പിൽ ഇട്ടപ്പോൾ കണ്ടു. ഉബുണ്ടു ഫോറത്തിലിട്ട സംശയത്തിൽ ബയോസ് അപ്‌ഡേറ്റ് ചെയ്താൽ പ്രശ്നമുണ്ടാകില്ലെന്ന സൂചന കണ്ട് ബയോസ് അപ്‌ഡേറ്റ് ചെയ്ത് നോക്കിയെങ്കിലും അതും ഫലിച്ചില്ല. ഒടുവിൽ ഈ പൊടിക്കൈ തന്നെ പ്രവർത്തിച്ചു.