2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ഓഡാസിറ്റിയിൽ സിസ്റ്റം മിക്സർ ശബ്ദം റെക്കോഡ് ചെയ്യൽ


ശബ്ദം റെക്കോഡ് ചെയ്യാനും മിക്സ് ചെയ്യാനും മറ്റുമായി മിക്കവരും ഉപയോഗിക്കുന്ന കരുവാണല്ലോ ഓഡാസിറ്റി. ഉബുണ്ടുവിൽ ഓഡാസിറ്റി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച ഒരു പ്രശ്നമായിരുന്നു, അതിൽ സിസ്റ്റം മിക്സർ ഔട്ട്പുട്ട് റെക്കോഡ് ചെയ്യാൻ പറ്റുന്നില്ല എന്നത്. അതായത് ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടിനെ റെക്കോഡ് ചെയ്യാൻ പറ്റുന്നില്ല. എന്നാൽ മൈക്രോഫോൺ, ലൈൻ ഇൻ പോലുള്ള മറ്റു ഇൻപുട്ടുകളിൽ നിന്നും റെക്കോഡ് ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല.


പണ്ട് വിൻഡോസിൽ ഓഡാസിറ്റി ഉപയോഗിക്കുമ്പോൾ റെക്കോഡിങ് ഇൻപുട്ട് ഡിവൈസായി, സിസ്റ്റം മിക്സർ തിരഞ്ഞെടുത്താൽ ഈ സൗകര്യം ലഭിക്കുമായിരുന്നു. എന്നാൽ ഉബുണ്ടുവിൽ ഇൻപുട്ട് ഡിവൈസുകളായി ഒരു വലിയ പട്ടിക തന്നെ വരുന്നുണ്ടെങ്കിലും കൂട്ടത്തിൽ സിസ്റ്റം മിക്സർ എന്ന ഓപ്ഷനേ ലഭിക്കുന്നില്ല.

ഈ വിഷയത്തെക്കുറിച്ച് സാങ്കേതികമായി അറിവൊന്നുമില്ലെങ്കിലും പ്രശ്നം പരിഹരിച്ച വിധം പറയാം.

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ പൾസ് ഓഡിയോ വോള്യം കണ്ട്രോൾ ഇൻസ്റ്റോൾ ചെയ്യുക. അതിനായി താഴെപ്പറയുന്ന നിർദ്ദേശം ടെർമിനലിൽ നൽകുക. 

sudo apt-get install pavucontrol


ഇനി ഓഡാസിറ്റി പ്രവർത്തിപ്പിച്ച് അതിലെ റെക്കോഡിങ് ഡിവൈസായി pulse എന്നത് തിരഞ്ഞെടുക്കുക. എന്റെ കമ്പ്യൂട്ടറിൽ pulse എന്ന പേരിൽ ഒരു ഔട്ട്പുട്ട് ഡിവൈസ് കണ്ടെങ്കിലും ഇൻപുട്ട് ഡിവൈസുകളുടെ കൂട്ടത്തിൽ pulse എന്നു മാത്രമായി ഒന്ന് കണ്ടില്ല. പകരം pulse: എന്ന പേരിൽത്തുടങ്ങുന്ന 8 ഡിവൈസുകൾ കണ്ടു.
  

അതിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുത്താലും കാര്യം നടക്കും.

ഇനി ഓഡാസിറ്റിയിൽ റെക്കോഡ് ബട്ടൻ ഞെക്കി റെക്കോഡിങ് ആരംഭിക്കുക. (ഇപ്പോഴും സിസ്റ്റം മിക്സർ റെക്കോഡ് ആവില്ലാട്ടോ). 


റെക്കോഡിങ് നടന്നുകൊണ്ടിരിക്കേ ഡാഷിൽപ്പോയി പൾസ് ഓഡിയോ വോള്യം കണ്ട്ട്രോൾ പ്രവർത്തിപ്പിക്കുക.

പൾസ് ഓഡിയോ വോള്യം കണ്ട്ട്രോളിന്റെ റെക്കോഡിങ് ടാബിൽ, ക്യാപ്ചർ ഫ്രം എന്നുള്ളിടത്തെ ഡ്രോപ്ഡൗണിൽ നിന്ന് മോണിറ്റർ ഓഫ് ബിൽറ്റിൻ ഓഡിയോ അനലോഗ് സ്റ്റീരിയോ തിരഞ്ഞെടുക്കുക. (ഓഡാസിറ്റിയുടെ റെക്കോഡിങ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയല്ലെങ്കിൽ ഈ ടാബിൽ ഒന്നും തന്നെ കാണില്ലെന്ന കാര്യം ശ്രദ്ധിക്കുക)ഇനി ഓഡാസിറ്റി റെക്കോഡ് ചെയ്യുന്നത് സിസ്റ്റം മിക്സർ ഔട്ട്പുട്ടായിരിക്കും. പൾസ് ഓഡിയോ വോള്യം കണ്ട്രോളിലെ മേൽപ്പറഞ്ഞ സെറ്റിങ് ഒരിക്കൽ മാത്രം ചെയ്താൽ മതി; പിന്നീടത് ഓർത്തിരുന്നോളും.

വിവരങ്ങൾക്ക് കടപ്പാട്:Audio/Video stream recording forum

ടച്ച്പാഡിനൊരു ഷോർട്ട്കട്ട്

എന്റെ ലാപ്‌ടോപ്പിൽ ഉബുണ്ടു 12.04 (ലൈവ് സിഡി ഉപയോഗിച്ചാണ് നോക്കിയിട്ടുള്ളത്), ലിനക്സ് മിന്റ് മായ എന്നിവ ഉപയോഗിക്കുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ബാധിച്ചിരുന്ന പ്രശ്നം ലാപ്‌ടോപ്പിന്റെ fn കീ ഉപയോഗിച്ച് ടച്ച്പാഡ് പ്രവർത്തന സജ്ജമാക്കാനും പ്രവർത്തനരഹിതമാക്കാനും കഴിയില്ല എന്നതാണ്. സെൻസിറ്റിവിറ്റി എത്ര കുറച്ചിട്ടാലും ടൈപ്പ് ചെയ്യുമ്പോൾ മിക്കവാറും അതൊരലോസരമായിക്കൊണ്ടിരുന്നു. മിന്റിൽ (സിനമോണിൽ) ടച്ച്പാഡ് ഇൻഡിക്കേറ്റർ എന്ന ആപ്‌ലെറ്റ് ഇൻസ്റ്റോൾ ചെയ്യുകയും ടച്ച്പാഡ് സ്ഥിരമായി സജ്ജമല്ലാതെയാക്കുകയുമായിരുന്നു ഞാൻ ഇതിനു കണ്ട ആദ്യ പ്രതിവിധി (പൊതുവേ ടെർമിനൽ എടുക്കാൻ മടിയാണ്).  മിക്കവാറും മൗസ് ഉപയോഗിക്കാൻ അവസരമുണ്ടായിരുന്നതിനാലും, ടച്ച്പാഡ് എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും  രണ്ട് ചെറിയ ബാഷ് സ്ക്രിപ്റ്റുകൾ തയ്യാറാക്കി രണ്ട് കീബോർഡ് ഷോർട്ട്കട്ടുകളിൽ ഏൽപ്പിച്ചിരുന്നതിനാലും താരതമ്യേന ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നുവന്നു.  അങ്ങനെ ഇരിക്കെയാണ് ഈ സ്ക്രിപ്റ്റ് കാണുന്നത്. ഒട്ടുമിക്ക ലാപ്‌ടോപ്പുകളിലും ഇത്തരം ചെറിയ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇതിവിടെ ഇടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു.

എന്റെ പഴയ സ്ക്രിപ്റ്റ്

#!/bin/bash
xinput set-prop 12 132 1

 എന്ന രീതിയിൽ രണ്ട് വരികൾ മാത്രമുള്ള, ഒന്നുകിൽ ഡിസേബിൾ ചെയ്യാനോ, അല്ലെങ്കിൽ എനേബിൾ ചെയ്യാനോ ഉള്ളതുമാത്രമായിരുന്നെങ്കിൽ, ഈ സ്ക്രിപ്റ്റ് ടച്ച്പാഡ് എനേബിൾ ആണെങ്കിൽ ഡിസേബിളും, ഡിസേബിൾ ആണെങ്കിൽ എനേബിളും ചെയ്യുന്നതാണ്.

#!/bin/bash

#get touchpad id
XINPUTNUM=`xinput list 'SynPS/2 Synaptics TouchPad' | sed -n -e's/.*id=\([0-9]\+\).*/\1/p'`

TPSTATUS=$(gconftool-2 -g /desktop/gnome/peripherals/touchpad/touchpad_enabled)

#if status fails, exit 1
test -z $TPSTATUS && exit 1

if [[ $TPSTATUS == true ]]; then
    xinput set-int-prop $XINPUTNUM "Device Enabled" 8 0;
    gconftool-2 --type bool -s /desktop/gnome/peripherals/touchpad/touchpad_enabled false
else
    xinput set-int-prop $XINPUTNUM "Device Enabled" 8 1;
    gconftool-2 --type bool -s /desktop/gnome/peripherals/touchpad/touchpad_enabled true
fi

സജ്ജമാക്കൽ

ആദ്യമായി ജിഎഡിറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ടെക്സ്റ്റ് എഡിറ്റർ എടുത്ത് സ്ക്രിപ്റ്റ് പകർത്തുക.

തുടർന്ന് ടെർമിനൽ എടുത്ത് അവിടെ xinput --list എന്ന് നൽകുക. അപ്പോൾ ഇൻപുട്ട് ഉപകരണങ്ങൾ എല്ലാം കാണാൻ കഴിയും, അതിൽ നിന്നും ടച്ച്പാഡിന്റെ (അല്ലെങ്കിൽ ടോഗിൾ ചെയ്യേണ്ട ഇൻപുട്ട് ഉപകരണത്തിന്റെ) പേര് പകർത്തി സ്ക്രിപ്റ്റിലെ XINPUTNUM= എന്നു തുടങ്ങുന്ന വരിയിലെ SynPS/2 Synaptics TouchPad എന്ന ഭാഗത്തിനു പകരമായി ചേർക്കുക (മൂന്നാമത്തെ വരി).

താങ്കളുടെ സ്ക്രിപ്റ്റ് സേവ് ചെയ്യുമ്പോൾ .sh എന്ന എക്സ്റ്റെൻഷൻ ഉപയോഗിക്കുക (ഉദാ: tpad.sh).  സേവ് ആയ ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, permissions എന്ന ടാബിലെ Allow exicuting file as a program എന്നതിൽ ശരിയിട്ട് നൽകാൻ മറക്കരുത് (സ്ക്രീൻഷോട്ട് കാണുക).

എന്നിട്ട് കീബോർഡ് സെറ്റിങ്സ് തുറക്കുക. അതിൽ കസ്റ്റം ഷോർട്ട്കട്ട്സ് എന്ന ഭാഗത്ത് ഞെക്കി കിട്ടുന്ന വിൻഡോയിൽ പുതിയൊരു കസ്റ്റം ഷോർട്ട്കട്ട് ഉണ്ടാക്കാനായി താഴെയുള്ള + ബട്ടണിൽ ഞെക്കി, കിട്ടുന്ന വിൻഡോയിൽ നേം എന്ന ഫീൽഡിൽ ഷോർട്ട്കട്ടിന് ഒരു പേരും  കമാൻഡ് എന്ന ഫീൽഡിൽ സ്ക്രിപ്റ്റ്  കിടക്കുന്ന വിലാസവും (ഉദാ: /home/one/.shcripts/tpad.sh) നൽകുക. അപ്ലൈ ബട്ടൺ അമർത്തുക. ചേർക്കുന്ന സമയം ഷോർട്ട്കട്ട് ഡിസേബിൾഡ് എന്നായിരിക്കും ഉണ്ടാവുക. ആ ഡിസേബിൾഡ് എന്നതിൽ ഞെക്കിയാൽ അത് new accelerator എന്നായി മാറും. അപ്പോൾ അനുയോജ്യമായ ഷോർട്ട്കട്ട് കീ ഞെക്കി നൽകുക.


പിന്നീട് ആ ഷോർട്ട്കട്ട് കീകൾ അമർത്തുമ്പോൾ ടച്ച്പാഡിന്റെ സ്ഥിതി, സജ്ജമെങ്കിൽ പ്രവർത്തനരഹിതമാകുകയും, പ്രവർത്തനരഹിതമെങ്കിൽ സജ്ജവും ആയിക്കൊണ്ടിരിക്കും.

ഇത് ലിനക്സ് മിന്റിൽ ചെയ്യുന്ന വഴിയാണ്, കീബോർഡ് ഷോർട്ട്കട്ട് ചേർക്കുന്നതിലൊക്കെ, ഉബുണ്ടുവിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.