2012, മേയ് 3, വ്യാഴാഴ്‌ച

ജാലകത്തിൽ നിന്ന് ഉബുണ്ടുവിന്റെ മായാജാലത്തിലേക്ക്

ഉബുണ്ടുവിൽ പിച്ചവെച്ചു തുടങ്ങിയതേയുള്ളു. വിൻഡോസിൽ നിന്ന് ഉബണ്ടുവിലേക്കു മാറുമ്പോൾ ഒരു സാധാരണ ഉപഭോക്താവിന് പറ്റിയേക്കാവുന്ന ചില അബദ്ധങ്ങളും അവയ്ക്ക് വലിയ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത പരിഹാരങ്ങളും പങ്കുവെയ്ക്കാം എന്നു കരുതുന്നു. പിഴവുകൾ ഉബുണ്ടു പുലികൾ തിരുത്തിത്തരുമല്ലോ?

ഇൻസ്റ്റാലേഷൻ

ഉബുണ്ടു 12.04  ഡൗൺലോഡ് ചെയ്ത് CD യോ USB ഡ്രൈവോ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുന്നതാണ് അഭികാമ്യം. ലളിതമായ സഹായ നിർദ്ദേശങ്ങൾ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.

ഏതൊരു വിൻഡോസ് ഉപഭോക്താവിനെയും പോലെ 'Windows installer' എന്ന ഓപ്ഷനാണ് ആദ്യം എന്നെ കൂടുതൽ ആകർഷിച്ചത്. എന്നാൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ചപ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടു:

  1. ഉബുണ്ടു 64-ബിറ്റ് ഓപ്പറേഷൻ സിസ്റ്റമാണ് ഈ ഓപ്ഷനിൽ ഡീഫോൾട്ടായി ഡൗൺലോഡ്  ചെയ്യപ്പെടുന്നതും ഇൻസ്റ്റാൾ ആകുന്നതും. (32-ബിറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം ഡൗൺലോഡ് ചെയ്യുമ്പോളോ, ഇൻസ്റ്റാലേഷൻ സമയത്തോ ചോദിച്ചിരുന്നില്ല). 64-ബിറ്റ് ശരിയായി പിന്തുണയ്ക്കാത്ത എന്റെ ലാപ്‌‌ടോപ്പ് ഇതുമൂലം പലതവണ അധികചൂടു പിടിക്കുകയും 'തൂങ്ങുകയും' ചെയ്തു.
  2. വിൻഡോസിനുള്ളിൽതന്നെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതുകാരണം ഉബണ്ടുവിന്റെ വേഗതയിലും, പ്രവർത്തനമികവിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.
  3. വിൻഡോസ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഡിസ്ക് പാർട്ടീഷൻ (സാധാരണയായി c) ലഭ്യമല്ലാതാകുന്നു.
ഇത്തരം പ്രശ്നങ്ങൾകൊണ്ട് ഉബുണ്ടു ഉപേക്ഷിക്കാം എന്നു കരുതിയിരിക്കുമ്പോളാണ് 64-ബിറ്റ് ആണ് എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടത്. വിൻഡോസിൽ സാധാരണ സോഫ്റ്റ്‌‌വേറുകൾ നീക്കം ചെയ്യുന്ന രീതിയിൽതന്നെ ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്ത ഉബുണ്ടുവും നീക്കം ചെയ്യാം. അല്ലെങ്കിൽ CDയോ USB ഡ്രൈവോ ഉപയോഗിച്ച് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വയമേതന്നെ ഈ പതിപ്പിന്റെ അൺ-ഇൻസ്റ്റാലേഷനിലേക്ക് നിങ്ങൾ നയിക്കപ്പെടും.

ക്രോമിയം ബ്രൗസർ

വളരെക്കാലമായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്നതിനാൽ ക്രോമിയം ബ്രൗസറാണ് ഞാൻ ഉബുണ്ടുവിലും തിരഞ്ഞെടുത്തത്. ക്രോമിയം ബ്രൗസർ 'ubuntu software center' ൽ നിന്നും തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ചെയ്യാം.

മലയാളം ഫോണ്ട് സജ്ജീകരണങ്ങൾ ശരിയാക്കാനും മലയാളത്തിൽ എഴുതുവാനും സുനിലും, പ്രവീണും എഴുതിയ വിശദമായ ലേഖനങ്ങൾ സഹായിക്കും. 

ക്രോമിയത്തിൽ Settings>Under the Hood ൽ Web Content വിഭാഗത്തിൽ Customize Fontൽ മലയാളത്തിനായുള്ള സജ്ജീകരണങ്ങൾ നൽകാം.
മേൽപറഞ്ഞവ എല്ലാം ചെയ്തെങ്കിലും ചില്ലക്ഷരങ്ങൾ ക്രോമിയത്തിൽ ശരിയായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ചില്ലുകൾ ൺ-ണ്, ൻ-ന്, ർ-ര്, ൽ-ല്, ൾ-ള് എന്നിങ്ങനെയാണ് കണ്ടിരുന്നത്. fixml എന്ന എക്സ്റ്റൻഷൻ ആയിരുന്നു പ്രശ്നക്കാരൻ (കടപ്പാട്: സുനിൽ). fixml പുതിയ ചില്ലുകളെ പഴയതാക്കി മാറ്റുന്നതായിരുന്നു ഇതിനു കാരണം. Settings>Extensions ൽ നിന്നു fixml എക്സ്റ്റെൻഷൻ നീക്കം ചെയ്തു ബ്രൗസർ റീസ്റ്റാർട്ട് ചെയ്താൽ ഇതു പരിഹരിക്കാം.

വിൻഡോസ് ബട്ടണുകൾ ഇടത്തു നിന്ന് വലത്തേയ്ക്ക് മാറ്റാൻ

നെറ്റിൽകണ്ട ഒരു പൊടികൈ കൂടി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. പ്രവീൺ മുൻപു പറഞ്ഞതുപോലെ ഉബുണ്ടുവിൽ വിൻഡോകളിലെ ക്ലോസ്, മിനിമൈസ്, മാക്സിമൈസ് ബട്ടണുകൾ വലത്തു നിന്ന് ഇടത്തോട്ടാക്കിയത് റൈറ്റ് ഹാൻഡ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ഒരാൾ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വണ്ടി ഓടിക്കാൻ ശ്രമിക്കുന്ന പ്രതീതി ഉളവാക്കുന്നുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കി  ബട്ടണുകൾ  ഇടതുനിന്ന് വലത്തേയ്ക്ക് കൊണ്ടുവരുവാൻ താഴെപറയുന്നവ ചെയ്യുക:

  1. Alt+F2 ഞെക്കി 'Run a command' വിൻഡോ തുറക്കുക.
  2. 'Configuration Editor' നായി gconf-editor എന്നു തിരയുക. ('Configuration Editor' ലഭ്യമാകുന്നില്ല എങ്കിൽ 'ubuntu software center' ൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്).
  3. 'Configuration Editor' ൽ apps>metacity>general ൽ നിന്നും 'button_layout' കണ്ടെത്തുക.
  4. 'button_layout' ന്റെ value close,minimize,maximize ൽ നിന്നും menu:minimize,maximize,close എന്നാക്കി മാറ്റി 'Enter' അമർത്തുക.
വിൻഡോസിൽ നിന്നും ഉബുണ്ടുവിലേക്കുള്ള കുടിയേറ്റത്തിലെ തുടക്കത്തിലെ ബുദ്ധിമുട്ടുകളിൽ നിന്നും മേൽപറഞ്ഞവ താൽകാലികമായി സഹായിക്കുമെങ്കിലും, ഉബുണ്ടു ഉബുണ്ടുവായി തന്നെ ഉപയോഗിക്കുന്നതാണ് ലളിതവും ഉത്തമവും.



2 അഭിപ്രായങ്ങൾ:

  1. ഞാന്‍ കുറച്ച് ജിവസത്തെ കഷ്ടപ്പാടിന് ശേഷം ഉബുണ്ടു 12.04 ഡൗണ്‍ലോഡ് ചെയ്തു.ലൈവ് റണ്‍ നടത്തി നോക്കി. പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്തു. പ്രീസൈസ് പാന്‍ഗോലിന്‍ ഇന്‍സ്റ്റാള്‍ ചെയ്തു.ഡി ലിങ്കി നെറ്റ് സെറ്ററിന്റെ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ബട്ട് ഇപ്പോള്‍ നെറ്റ് സെറ്ററിനെ ഡിറ്റക്റ്റ് ചെയ്യുന്നില്ല. പണ്ടുണ്ടായിരുന്ന 10.04 വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. നെറ്റ് സെറ്ററിന്റെ ഡ്രൈവറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലല്ലോ!

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.