2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ഓഡാസിറ്റിയിൽ സിസ്റ്റം മിക്സർ ശബ്ദം റെക്കോഡ് ചെയ്യൽ


ശബ്ദം റെക്കോഡ് ചെയ്യാനും മിക്സ് ചെയ്യാനും മറ്റുമായി മിക്കവരും ഉപയോഗിക്കുന്ന കരുവാണല്ലോ ഓഡാസിറ്റി. ഉബുണ്ടുവിൽ ഓഡാസിറ്റി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച ഒരു പ്രശ്നമായിരുന്നു, അതിൽ സിസ്റ്റം മിക്സർ ഔട്ട്പുട്ട് റെക്കോഡ് ചെയ്യാൻ പറ്റുന്നില്ല എന്നത്. അതായത് ഉദാഹരണത്തിന്, കമ്പ്യൂട്ടറിൽ പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടിനെ റെക്കോഡ് ചെയ്യാൻ പറ്റുന്നില്ല. എന്നാൽ മൈക്രോഫോൺ, ലൈൻ ഇൻ പോലുള്ള മറ്റു ഇൻപുട്ടുകളിൽ നിന്നും റെക്കോഡ് ചെയ്യുന്നതിന് ഒരു പ്രശ്നവുമില്ല.


പണ്ട് വിൻഡോസിൽ ഓഡാസിറ്റി ഉപയോഗിക്കുമ്പോൾ റെക്കോഡിങ് ഇൻപുട്ട് ഡിവൈസായി, സിസ്റ്റം മിക്സർ തിരഞ്ഞെടുത്താൽ ഈ സൗകര്യം ലഭിക്കുമായിരുന്നു. എന്നാൽ ഉബുണ്ടുവിൽ ഇൻപുട്ട് ഡിവൈസുകളായി ഒരു വലിയ പട്ടിക തന്നെ വരുന്നുണ്ടെങ്കിലും കൂട്ടത്തിൽ സിസ്റ്റം മിക്സർ എന്ന ഓപ്ഷനേ ലഭിക്കുന്നില്ല.

ഈ വിഷയത്തെക്കുറിച്ച് സാങ്കേതികമായി അറിവൊന്നുമില്ലെങ്കിലും പ്രശ്നം പരിഹരിച്ച വിധം പറയാം.

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ പൾസ് ഓഡിയോ വോള്യം കണ്ട്രോൾ ഇൻസ്റ്റോൾ ചെയ്യുക. അതിനായി താഴെപ്പറയുന്ന നിർദ്ദേശം ടെർമിനലിൽ നൽകുക. 

sudo apt-get install pavucontrol


ഇനി ഓഡാസിറ്റി പ്രവർത്തിപ്പിച്ച് അതിലെ റെക്കോഡിങ് ഡിവൈസായി pulse എന്നത് തിരഞ്ഞെടുക്കുക. എന്റെ കമ്പ്യൂട്ടറിൽ pulse എന്ന പേരിൽ ഒരു ഔട്ട്പുട്ട് ഡിവൈസ് കണ്ടെങ്കിലും ഇൻപുട്ട് ഡിവൈസുകളുടെ കൂട്ടത്തിൽ pulse എന്നു മാത്രമായി ഒന്ന് കണ്ടില്ല. പകരം pulse: എന്ന പേരിൽത്തുടങ്ങുന്ന 8 ഡിവൈസുകൾ കണ്ടു.
  

അതിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുത്താലും കാര്യം നടക്കും.

ഇനി ഓഡാസിറ്റിയിൽ റെക്കോഡ് ബട്ടൻ ഞെക്കി റെക്കോഡിങ് ആരംഭിക്കുക. (ഇപ്പോഴും സിസ്റ്റം മിക്സർ റെക്കോഡ് ആവില്ലാട്ടോ). 


റെക്കോഡിങ് നടന്നുകൊണ്ടിരിക്കേ ഡാഷിൽപ്പോയി പൾസ് ഓഡിയോ വോള്യം കണ്ട്ട്രോൾ പ്രവർത്തിപ്പിക്കുക.

പൾസ് ഓഡിയോ വോള്യം കണ്ട്ട്രോളിന്റെ റെക്കോഡിങ് ടാബിൽ, ക്യാപ്ചർ ഫ്രം എന്നുള്ളിടത്തെ ഡ്രോപ്ഡൗണിൽ നിന്ന് മോണിറ്റർ ഓഫ് ബിൽറ്റിൻ ഓഡിയോ അനലോഗ് സ്റ്റീരിയോ തിരഞ്ഞെടുക്കുക. (ഓഡാസിറ്റിയുടെ റെക്കോഡിങ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയല്ലെങ്കിൽ ഈ ടാബിൽ ഒന്നും തന്നെ കാണില്ലെന്ന കാര്യം ശ്രദ്ധിക്കുക)



ഇനി ഓഡാസിറ്റി റെക്കോഡ് ചെയ്യുന്നത് സിസ്റ്റം മിക്സർ ഔട്ട്പുട്ടായിരിക്കും. പൾസ് ഓഡിയോ വോള്യം കണ്ട്രോളിലെ മേൽപ്പറഞ്ഞ സെറ്റിങ് ഒരിക്കൽ മാത്രം ചെയ്താൽ മതി; പിന്നീടത് ഓർത്തിരുന്നോളും.

വിവരങ്ങൾക്ക് കടപ്പാട്:Audio/Video stream recording forum

2 അഭിപ്രായങ്ങൾ:

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.