2010, ജൂൺ 23, ബുധനാഴ്‌ച

ടോംകാറ്റ് സെർവർ ലോക്കലായി കോൺഫിഗർ ചെയ്യാൻ

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ പണി കിട്ടിയത്. എന്റെ നിർബന്ധം കൊണ്ട് ഉബുണ്ടുവിലോട്ട് മാറിയ പെങ്ങൾക്ക് ടോംകാറ്റ് സെർവറിൽ എന്തു ചെയ്തിട്ടും സിമ്പിൾ ജെ.എസ്.പി. ആപ്ലിക്കേഷൻ ഡിപ്ലോയ് ആകുന്നില്ല. ഞാനാണേൽ ടോംകാറ്റ് ഉപയോഗിച്ചത് രണ്ട് നൂറ്റാണ്ട് മുമ്പെങ്ങാണ്ടാണ്. ആപ്ലിക്കേഷൻ ഡിപ്ലോയ് ചെയ്യാൻ സഹായിക്കുന്ന ഒരു ഡോക്യുമെന്റേഷനും എവിടെയും കാണാനുമായില്ല. ഒടുവിൽ ഒരു ഞായറാഴ്ച തുലച്ച് ആപ്ലിക്കേഷൻ ടോംകാറ്റിൽ ഡിപ്ലോയ് ചെയ്തു. പറഞ്ഞു കൊടുത്തപ്പോൾ, ഇതിനാണോ ഈ ഒരു ദിവസമെടുത്തതെന്നവളുടെ പരമപുച്ഛവും.

പ്രശ്നം മറ്റൊന്നുമല്ല, വിൻഡോസിൽ ടോംകാറ്റിനെ ഒരു ഫോൾഡറിലോട്ടാണ് ഇൻസ്റ്റോൾ ചെയ്യുന്നതെങ്കിൽ ഇവിടെ ഒരുനൂറ് ഫോൾഡറിലോട്ടാണ്. അതുകൊണ്ട് ടോംകാറ്റിലുള്ള ഉദാഹരണങ്ങൾ നോക്കി എളുപ്പമാർഗ്ഗം കണ്ടെത്തലും ബുദ്ധിമുട്ടാണ്.

ഞാൻ ഡിപ്ലോയ്  ചെയ്ത മാർഗ്ഗം കൊടുക്കുന്നു, ഇതാണോ ശരിയായ മാർഗ്ഗമെന്നറിയില്ല, പക്ഷേ ഇതു ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നു ;-):
ടോംകാറ്റ് ഇൻസ്റ്റോൾ ചെയ്യുന്ന കൂടെ ടോംകാറ്റ് അഡ്മിൻ എന്നൊരു ആപ്ലിക്കേഷനും ഇൻസ്റ്റോൾ ചെയ്യുക.

sudo aptitude install tomcat6 tomcat6-admin
എന്നു ടെർമിനലിൽ നൽകിയാൽ ടോംകാറ്റും ടോംകാറ്റ് അഡ്മിനും ഇൻസ്റ്റോൾ ചെയ്യാം.

ഈ ടോംകാറ്റ് അഡ്മിൻ manager webapp, host-manager webapp എന്നിങ്ങനെ രണ്ട് ഇന്റർഫേസ് കൂടുതലായി തരും. മാനേജർ വെബ്‌ആപിൽ തന്നെ കാര്യങ്ങൾ നടന്നതു കൊണ്ട് ഹോസ്റ്റ് മാനേജർ വെബ്‌ആപ് എന്താണെന്നു നോക്കിയില്ല :-)

ഇനി ചെയ്യേണ്ടത് ഡിപ്ലോയ് ചെയ്യേണ്ട ആപ്ലിക്കേഷന്റെ കോണ്ടെക്സ്റ്റ് പാത്തും, ബേസ് പാത്തും നൽകിയൊരു എക്സ്.എം.എൽ. ഫയൽ ഉണ്ടാക്കുകയാണ്. test എന്നു വിളിച്ച ആപ്ലിക്കേഷനു test.xml എന്ന എക്സ്.എം.എൽ. കോൺഫിഗറേഷൻ ഫയൽ ഉണ്ടാക്കി.

എന്നിട്ട് എക്സ്.എം.എൽ ഫയലിൽ
<Context path="/test"
docBase="/media/pen-drive/Program/tomcat-pages/test" / >


എന്ന മട്ടിൽ പാത്തുകൾ നൽകി, സേവ് ചെയ്തു.  path എന്നത് യൂ.ആർ.എല്ലിൽ. നൽകേണ്ട പാത്തും, docBase എന്നത് ആപ്ലിക്കേഷൻ കിടക്കുന്ന പാത്തും ആയിരിക്കണം.

ഇനി മാനേജർ വെബ്‌ആപ് എടുക്കുക ( http://localhost:8080/manager/html, അല്ലെങ്കിൽ http://localhost:8080/ എന്നു നൽകുമ്പോൾ വരുന്ന താളിൽ ലിങ്ക് കിട്ടും.)






അവിടെ ഡിപ്ലോയ് എന്ന ഭാഗത്ത് "Context Path (required):" എന്ന ഫീൽഡിൽ വേണ്ട കോണ്ടെക്സ്റ്റ് പാത്തും (ഞാൻ test എന്നു നൽകി)
"XML Configuration file URL:" എന്ന ഫീൽഡിൽ നിർമ്മിച്ച എക്സ്.എം.എൽ. ഫയലിന്റെ പൂർണ്ണ പാത്തും  (ഉദാ: /home/trinity/documents/test.xml)
"WAR or Directory URL:" എന്ന ഫീൽഡിൽ ആപ്ലിക്കേഷൻ കിടക്കുന്ന ഫോൾഡറിന്റെ  പാത്തും നൽകുക. (ഉദാ: /media/pen-drive/Program/tomcat-pages/test)
എന്നിട്ട് ഡിപ്ലോയ് ബട്ടൺ അമർത്തുക. ആപ്ലിക്കേഷൻ ഡിപ്ലോയ് ആയിക്കഴിഞ്ഞു.

മാനേജർ വെബ്‌ആപ് ഉപയോഗിച്ചു തന്നെ, ആപ്ലിക്കേഷൻ സ്റ്റാർട്ട് ചെയ്യാനും, സ്റ്റോപ് ചെയ്യാനും, റീസ്റ്റാർട്ട് ചെയ്യാനും, അൺഡിപ്ലോയ് ചെയ്യാനുമെല്ലാം സാധിക്കും.

ഇനി ബ്രൗസറിന്റെ അഡ്രസ് ബാറിൽ http://localhost:8080/test എന്ന രീതിയിൽ അഡ്രസ് നൽകിയാൽ  കോഡ് എറർ ഇല്ലേൽ ആപ്ലിക്കേഷൻ കാണാം.

പുതിയ വാർത്ത (ജൂലൈ 6): ചുമ്മാ പരീക്ഷിക്കാനാണെങ്കിൽ ഇതിന്റെയൊന്നുമാവശ്യമില്ല.  ടോംകാറ്റിന്റെ ഡൗൺലോഡ് പേജിൽ പോയി tar.gz ആർക്കൈവ് ഡൗൺലോഡ് ചെയ്യുക. എക്സ്ട്രാക്റ്റ് ചെയ്യുക. എന്നിട്ട് എക്സ്ട്രാക്റ്റ് ചെയ്ത ഫോൾഡറിൽ /bin/ ഫോൾഡറിൽ startup.sh എന്നൊരു ഫയലുണ്ട്, കമാൻഡ് ലൈനിൽ കൂടി ആ ഫോൾഡറിൽ ചെന്ന് ./startup.sh എന്ന കമാൻഡ് നൽകി അത് പ്രവർത്തിപ്പിച്ചാൽ ടോംകാറ്റ് ഓടാൻ തുടങ്ങും. ടോംകാറ്റ് നിർത്താൻ ഇതേപോലെ ./shutdown.sh എന്നു നൽകിയാൽ മതിയാകും. പിന്നെ webapps ഫോൾഡറിലോ മുകളിൽ പറഞ്ഞിരിക്കുന്നതു പോലെ എക്സ്.എം.എൽ സെറ്റ് ചെയ്തോ വർക്കിങ് ഫോൾഡർ ക്രമീകരിക്കാം.
ഗുണപാഠം: എന്തേലും ശരിയാക്കാൻ ഇരിക്കുന്നതിനു മുമ്പ്, ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയാൽ എങ്ങനെയാണ് എന്നു നോക്കുക :D

2010, ജൂൺ 19, ശനിയാഴ്‌ച

ഐബസ് മൊഴി അപ്‌ഡേറ്റ്

നേരത്തേ നിർദ്ദേശിച്ച മൊഴി കീബോർഡ് യൂണീകോഡ് സീറോ വിഡ്ത് ജോയ്നറും, നോൺ ജോയ്നറും തരുന്നതിൽ പിഴവുണ്ടായിരുന്നു. വിക്കിപീഡിയ ഉപയോക്താവായ സുനിൽ ഉബുണ്ടുവിലേക്ക് മാറുകയും ക്രോമിയം ബ്രൗസർ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്.

പുതുക്കിയ മൊഴി ഉപയോഗിക്കാൻ ടെർമിനലിൽ


sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്നു കൊടുക്കുക. ജോയ്നർ പ്രശ്നത്തോടൊപ്പം ന്ഥ ടൈപ്പ് ചെയ്യുന്നതിലുണ്ടായിരുന്ന പ്രശ്നവും ഒഴിവാക്കിയിട്ടുണ്ട്.

2010, ജൂൺ 9, ബുധനാഴ്‌ച

ഒരു പുതിയ ഉബുണ്ടു ഉപയോക്താവിന്റെ വിജയം


മലയാളം വിക്കിപീഡിയക്ക് ഏറെ സംഭാവനകൾ ചെയ്തിട്ടുള്ള അറയിൽ പി. ദാസ് ഉബുണ്ടു ഉപയോഗിക്കാൻ തുടങ്ങി. എല്ലാം ശരിയായെങ്കിലും അദ്ദേഹത്തിന്റെ കാനൻ പിക്സ്‌‌മ ഐ.പി. 1980 പ്രിന്റർ (canon pixma ip1980 printer) മാത്രം ശരിയായി പ്രവർത്തിച്ചില്ല. കാനന്റെ സൈറ്റിൽ നിന്നും പ്രിന്ററിനാവശ്യമുള്ള .deb ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്തെങ്കിലും പ്രിന്റിങ് മാത്രം നടന്നില്ല. പ്രിന്ററിന്റെ ലൈറ്റുകൾ കത്തുകയും job is over എന്നു കാണിക്കുകയും ചെയ്തു. പ്രിന്റർ യാതൊരു എററും കാണിച്ചുമില്ല.

ഒടുവിൽ അദ്ദേഹം തന്നെ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തി. അദ്ദേഹം കണ്ടെത്തിയ പരിഹാരം അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ:

ദൂരെ നിന്ന് കണ്ടിട്ടുള്ളതല്ലാതെ ഉബുണ്ടു എനിക്ക് ആദ്യ അനുഭവമാണ്. കഴിഞ്ഞ വിക്കി ഒത്തുചേരലിനു ശേഷം ഉബുണ്ടു എന്തായാലും പരീക്ഷിക്കണം എന്നുറപ്പിച്ചാണ് വന്നത്. ഇന്സ്റ്റല്ലേഷന്‍ വളരെ വളരെ എളുപ്പമായിരുന്നു.

ജനാലകള്‍ ഉപയോഗിച്ചിരുന്ന ഒരു സാധാരണക്കാരന് ല്യൂസിഡിലെ എല്ലാ പ്രശ്നങ്ങളും സ്വയം വിശദീകരിക്കുന്നതായിരുന്നു. കമാന്റ് ലൈനിലെ (അതിനെ ഷെല്ലെന്ന് പറയുമെന്നാണ് എന്റെ ഏറ്റവും പുതിയ അറിവ്!) പ്രയോഗങ്ങള്‍ കണ്ടുപിടിച്ചു വരുന്നതേയുള്ളു. ല്യൂസിഡില്‍ കാനണ്‍ ഐ പി 1980 പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായില്ല. അതിനുള്ള പരിഹാരം ഇങ്ങനെ..

ഒന്ന്:

http://security.ubuntu.com/ubuntu/pool/universe/c/cups/

എന്ന താളില്‍ നിന്ന് libcupsys2_1.3.9-17ubuntu1_all.deb എന്ന ഫയല്‍ ഡൌണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

രണ്ട്:

കാനണ്‍ വെബ്ബ്സൈറ്റില്‍ നിന്ന് ( http://software.canon-europe.com/products/0010647.asp ) ഡെബിയന്‍ ലിനക്സ് പ്രിന്റര്‍ ഡ്രൈവര്‍ 3.0 എന്ന കണ്ണി തിരഞ്ഞെടുക്കുക. അവിടെ നിന്ന് ലഭിക്കുന്ന ടാര്‍ ഫയല്‍ ഹോം ഫോള്‍ഡറിലെത്തിച്ച് അതവിടെത്തന്നെ
എക്സ്ട്രാക്റ്റ് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന രണ്ട് .ഡെബ് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

മൂന്ന്:

പ്രിന്റര്‍ കണക്റ്റ് ചെയ്ത്, സിസ്റ്റം > അഡ്മിന്‍ > പ്രിന്റിങ്ങ് തുറക്കുക. ആഡ് പ്രിന്റര്‍ തിരഞ്ഞെടുക്കുക.
അവിടെ ഇപ്പോള്‍ കാനണ്‍ ip 1900 സീരീസ് പ്രിന്റര്‍ കാണാനാവണം. അത് തിരഞ്ഞെടുത്ത് ഇന്‍സ്റ്റല്ലേഷന്‍ പൂര്‍ത്തിയാക്കുക.

സ്നേഹപൂര്‍വം
ദാസ്.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.