2011, ജൂൺ 2, വ്യാഴാഴ്‌ച

യൂണിറ്റി ഞൊടുക്കുവിദ്യകൾ

ഉബുണ്ടു നാറ്റി നാർവാളിൽ സ്വതേയുള്ള സമ്പർക്ക മുഖമായ യൂണിറ്റി എളുപ്പത്തിലുള്ള ഉപയോഗത്തിനായി സൃഷ്ടിച്ച ഒന്നാണ്. ഉബുണ്ടുവിൽ നേരത്തേയുണ്ടായിരുന്ന മിക്ക എളുപ്പവഴികളോടുമൊപ്പം ഉപയോഗ എളുപ്പത്തിനായി മറ്റ് നിരവധി മാർഗ്ഗങ്ങളും ലഭ്യമാണ് (ഉദാഹരണത്തിന് പൊതു അവലോകനത്തിനായി ആസ്ക് ഉബുണ്ടുവിലെ ഈ താൾ കാണുക). അവയിൽ ചിലതും ഒന്നുരണ്ട് ലഘുമാറ്റങ്ങളും കൊടുക്കുന്നു. ഉബുണ്ടുവിനൊപ്പം തന്നെയുള്ള സഹായത്തിലും (help) യൂണിറ്റി സംബന്ധിച്ച നിരവധി വിവരങ്ങൾ ലഭ്യമാണ്.
കീബോർഡ് ഷോർട്ട്കട്ടുകൾ
കീബോർഡ് ഷോർട്ട്കട്ട്സ് വാൾപേപ്പർ
  • സൂപ്പർ കീ (വിൻഡോസ് കീ അല്ലെങ്കിൽ മെറ്റാ കീ) : ഒരു പ്രാവശ്യം അമർത്തിയാൽ യൂണിറ്റി ലോഞ്ചറും ആപ്ലിക്കേഷൻ സേർച്ച് ചെയ്യാനുള്ള സൗകര്യവും (ഡാഷ്) പ്രത്യക്ഷപ്പെടും. കീബോർഡ് ഉപയോഗിച്ചു തന്നെ ഏത് സോഫ്റ്റ്‌വേറും തുറക്കാനാകും
  • സൂപ്പർ കീ : ഞെക്കിപ്പിടിച്ചാൽ യൂണിറ്റി ലോഞ്ചർ മാത്രമായി പ്രത്യക്ഷപ്പെടും. അക്കൂടെ ലോഞ്ചറിലുള്ള ആപ്ലിക്കേഷന്റെ നമ്പറും ഞെക്കി തുറക്കാനാകും
  • സൂപ്പർ+f : ലോഞ്ചറിൽ നിന്ന് ഫയലും ഫോൾഡറുമടങ്ങുന്ന ഡാഷ് തുറക്കും
  • സൂപ്പർ+a : ലോഞ്ചറിൽ നിന്ന് ആപ്ലിക്കേഷനുകളുടെ ഡാഷ് തുറക്കും
  • സൂപ്പർ+t : ട്രാഷ് തുറക്കും 
  • F10: തുറന്നിരിക്കുന്ന ആപ്ലിക്കേഷന്റെ ആദ്യ മെനു ടോപ്പ് ബാറിൽ തുറക്കാൻ ഉപയോഗിക്കാം. പിന്നീട് ആരോ കീകൾ ഉപയോഗിച്ച് ഏറ്റവും വലതുഭാഗത്തുള്ള സെഷൻ മെനു വരെ തുറക്കാം.
  • കണ്ടോൾ+ഓൾട്ട്+ആരോ കീ : വർക്ക് സ്പേസുകൾ മാറാനായി വ്യത്യസ്ത ആരോ കീകൾ ഉപയോഗിക്കാനാകും.
  • കണ്ട്രോൾ+w : തുറന്നിരിക്കുന്ന എല്ലാ വിൻഡോകളും ഒരുമിച്ച് കാണാൻ ഉപയോഗിക്കാം.
  • ഓൾട്ട് : തുറന്നിരിക്കുന്ന ആപ്ലിക്കേഷന്റെ മെനു ടോപ്പ് ബാറിൽ കാണാൻ ഓൾട്ട് കീ ഞെക്കിയാൽ മതി. തെളിഞ്ഞുവരുന്ന മെനുവിലെ അടിവരയിട്ട അക്ഷരം ഞെക്കിയാൽ ആവശ്യമുള്ളത് എടുക്കാം.
  • ഓൾട്ട്+F2 : കമാൻഡ് റൺ ചെയ്യാനുള്ള ഡാഷ് തുറക്കും.
  • കണ്ട്രോൾ+ഓൾട്ട്+t : ടെർമിനൽ തുറക്കും


മൗസ്

  • യൂണിറ്റി ലോഞ്ചറിലെ ആപ്ലിക്കേഷനുകൾ വെറുതേ തുറക്കാനും മിനിമൈസ് ചെയ്ത് വെയ്ക്കാനും മാത്രമുള്ളതല്ല. അവയിൽ മിഡിൽ ക്ലിക്ക് ചെയ്താൽ അതേ ആപ്ലിക്കേഷന്റെ മറ്റൊരു വിൻഡോ തുറന്നു വരും.
  • തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകൾ തമ്മിൽ മാറണമെങ്കിൽ ടോപ് ബാറിൽ (ആപ്ലിക്കേഷന്റെ മെനുവിലല്ല) ചുമ്മാ മിഡിൽ ക്ലിക്ക് ചെയ്താൽ മതി.
  • ഏതെങ്കിലും ഫയലുകൾ ലോഞ്ചറിൽ ഉള്ള സോഫ്റ്റ്‌വേറിൽ തുറക്കണമെങ്കിൽ ലോഞ്ചറിലെ ഐകോണിലേയ്ക്ക് വലിച്ചിട്ടാൽ മതി (ഡ്രാഗ് ആൻഡ് ഡ്രോപ്). ഉദാ: chinni chinni-urumi.mp3 എന്നൊരു ഫയൽ ബാൻഷി മ്യൂസിക് പ്ലെയറിൽ തുറക്കണമെങ്കിൽ ഫയൽ മൗസുപയോഗിച്ച് വലിച്ച് ബാൻഷി ഐകോണു മുകളിലേയ്ക്കിടുക.
  • ഫയൽ അല്ലെങ്കിൽ ഡയറക്ടറി ട്രാഷ് ചെയ്യാൻ അവ സെലക്ട് ചെയ്ത് വലിച്ച് ലോഞ്ചറിലെ ട്രാഷിലോട്ട് ഇട്ടാൽ മതി.

ലോഞ്ചറിലെ ഐകോണുകളുടെ വലിപ്പം കുറയ്ക്കാൻ


  • കോമ്പിസ് കോൺഫിഗ് ഇൻസ്റ്റോൾ ചെയ്യുക (sudo apt-get install compizconfig-settings-manager എന്ന് ടെർമിനലിൽ നൽകുക അല്ലെങ്കിൽ compiz എന്ന് സോഫ്റ്റ്‌വേർ സെന്ററിൽ തിരഞ്ഞ് ഇൻസ്റ്റോൾ ചെയ്യുക)
  • Desktop എന്ന ടാബിലെ Ubuntu unity plugin എന്ന ടാബ് എടുക്കുക. അതിൽ Experimental എന്ന റ്റാബിൽ ഐകോണുകളുടെ വലിപ്പം കുറയ്ക്കാനുള്ള ഐച്ഛികം ഉണ്ട്.

കോമ്പിസിൽ യൂണിറ്റിയുടെ ക്രമീകരണങ്ങൾ മാറ്റുന്ന വിധം അറിയാൻ ആവശ്യമെങ്കിൽ ഈ  വീഡിയോ കാണാം.

യൂണിറ്റി റീസ്റ്റാർട്ട് ചെയ്യാൻ
  • ഓൾട്ട്+F2 ഞെക്കുക, കമാൻഡ് റൺ ചെയ്യാനുള്ള ഡാഷ് യൂണിറ്റി ലോഞ്ചറിൽ നിന്നും തുറന്നു വരും
  • unity --replace എന്നു ടൈപ്പ് ചെയ്ത് എന്റർ അടിക്കുക.
യൂണിറ്റിയുടെ ഉപയോഗത്തിനിടെ അപൂർവ്വമായി ഉണ്ടായേക്കാവുന്ന മിക്കവാറും തകരാറുകളെ ഒക്കെ പരിഹരിക്കാൻ ഇതു മതിയാവും

ഫയർഫോക്സ്
ഫയർഫോക്സ് അതിന്റെ സ്വന്തം രീതിയിലേക്ക്ക്രമീകരിച്ച ശേഷം
ഫയർഫോക്സ് 4-ന്റെ മെനു യൂണിറ്റിയുമായി ഇന്റഗ്രേറ്റഡ് ആയി ടോപ് ബാറിൽ കാണുന്നത് ഒഴിവാക്കി, ഫയർഫോക്സിന്റെ സ്വതസിദ്ധരീതിയിൽ കാണാനാണ് താങ്കൾക്ക് താത്പര്യമെങ്കിൽ, ഫയർഫോക്സിന്റെ ആഡോൺസ് തുറന്ന് Global menu bar Integration എന്ന ആഡോൺ ഡിസേബിൾ ചെയ്യുക. ഫയർഫോക്സ് അടച്ചു-തുറക്കുക.

ലിബ്രെ-ഓഫീസ്
ലിബ്രെ ഓഫീസിന്റെ സ്വതേയുള്ള മെനു സിസ്റ്റം യൂണിറ്റിയിൽ സ്വതേയുള്ള മെനു രീതിയിൽ നിന്നും വ്യത്യസ്തമായി ടോപ് ബാറിലല്ല കാണപ്പെടുക. അത് യൂണിറ്റിയിലെ ബഹുഭൂരിഭാഗം ആപ്ലിക്കേഷനുകളിലും ലഭ്യമായതിനു സമാനമാക്കാനായി ടെർമിനൽ തുറന്ന (control+alt+t പ്രയോഗിക്കുക) ശേഷം sudo apt-get install lo-menubar എന്നു നൽകുക. ഏതെങ്കിലും ലിബ്രെ ഓഫീസ് ആപ്ലിക്കേഷൻ തുറന്നിരുപ്പുണ്ടെങ്കിൽ അത് അടച്ച ശേഷം വീണ്ടും തുറക്കുക. എന്തെങ്കിലും കാരണത്താൽ ഈ രീതി നീക്കം ചെയ്യണമെങ്കിൽ sudo apt-get remove lo-menubar എന്നു ടെർമിനലിൽ നൽകിയാൽ മതി.

റീസന്റ് ഡോക്യുമെന്റ്സ്
പഴയ ഉബുണ്ടു പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നാറ്റി നാർവാൾ സമീപകാല പ്രവർത്തികളുടെ ലോഗ് സൂക്ഷിക്കുന്നത് zeitgeist എന്ന ആപ്ലിക്കേഷനും എസ്ക്യൂലൈറ്റും ഉപയോഗിച്ചാണ്. അത് ക്ലിയർ ചെയ്യാൻ ടെർമിനൽ തുറന്ന് ഇപ്രകാരം നൽകിയാൽ മതിയാവും.
rm ~/.local/share/zeitgeist/activity.sqlite
zeitgeist-daemon --replace

7 അഭിപ്രായങ്ങൾ:

  1. 1. ലോഞ്ചർ താഴേക്കാക്കാൻ പറ്റിയിരുന്നെങ്കിൽ കുറച്ചുകൂടി നീളം കൂട്ടാമായിരുന്നു.
    2. ഉപയോഗത്തിലിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ലോഞ്ചറുകൾ‌ മുകളിലേക്കെത്തിച്ചിരുന്നെങ്കിൽ. (താഴത്തെ പാനൽ ഇല്ലാത്ത കാരണം, ആപ്ലിക്കേഷൻ സ്വിച്ച് ചെയ്യൽ ബുദ്ധിമുട്ടായിരിക്കുന്നു. ഓൾട്ട്+ടാബ് ശരണം).
    3. മൗസിന്റെ ഒന്നരക്കട്ട പിടിച്ച് പുതിയ ഇൻസ്റ്റൻസ് ഇഷ്ടപ്പെട്ടു. ഈ സാധനം വിൻ 7-ലുണ്ടോ?
    4. രണ്ടാമത്തെ കാര്യത്തിന് ഒന്നരക്കട്ടയുടെ ഉപയോഗം ഇഷ്ടപ്പെട്ടു.
    5. ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യാൻ സോഫ്റ്റ്വെയർ സെന്ററിൽ പോണ്ട, ലോഞ്ചർ മതി എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ.
    6. ഫയർഫോക്സ് 5 ഉപയോഗിക്കണ കാരണം, ഈ മെനു എങ്ങനെ മോളിലെത്തിക്കാം എന്നായിരുന്നു ചിന്ത. :-)

    സമയത്തിനൊത്ത പോസ്റ്റ്

    മറുപടിഇല്ലാതാക്കൂ
  2. 1) https://bugs.launchpad.net/unity/+bug/668415 :)
    2) മുകളിലത്തെ ബാറിൽ ഓരോ ചെറിയ ഐകോണായിട്ടെങ്കിലും കാണിച്ചാലും മതിയാരുന്നു. ഫയർഫോക്സിലൊക്കെ ചിലപ്പോൾ ആരെങ്കിലും ഓരോ ചാറ്റിട്ടാൽ കൂടെ മറഞ്ഞിരിക്കുന്നതിനാൽ കാണാതെ പോകുന്നുണ്ട്.
    5) പഠിച്ചതേ പാടൂന്നല്ലേ :)
    6) ആ ഫയർഫോക്സ് ആഡോൺ വെളിയിൽ കിട്ടൂലെ?

    മറുപടിഇല്ലാതാക്കൂ
  3. എന്തായാലും ഈ കോമ്പിസ് ഒരു പ്രശ്നക്കാരനാണെന്ന് മനസിലായി. അതെടുത്ത് എന്തോ പണി ചെയ്തപ്പോൾ യൂണിറ്റിയിലെ ലോഞ്ചറും ബാറും ഒക്കെ പോയി.. തിരിച്ച് ഇപ്പോൾ‌ ഗ്നോമിൽ വന്നാണ് കുത്തുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. praveenp . - :) ഹോം ഫോൾഡറിൽ .compiz എന്നു കാണുന്നതൊക്കെ ഡിലീറ്റിയല്ലേ നമ്മള് സാധാരണ റീസെറ്റ് ചെയ്യുന്നെ? gconftool-2 --recursive-unset /apps/compiz റൺ ചെയ്തിട്ട് സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാൻ എങ്ങാണ്ട് കാണുന്നു.9:58 pm

    .compiz മാത്രം ഡിലിറ്റിയതുകൊണ്ട് കാര്യം നടക്കുന്നില്ല. കണ്ട .ഡയറക്റ്ററികളെ ഒക്കെ ഡിലിറ്റിയപ്പോൾ കാര്യം ശരിയായി. രണ്ടുമൂന്നെണ്ണം ഡിലിറ്റിയ ശേഷം, പിന്നെ കൂട്ട ഡിലിറ്റായതിനാൽ ഏതു ഡിലിറ്റിയപ്പോഴാണ് ശരിയായതെന്ന് ഓർമ്മയില്ല.

    മുകളിലെ പാനലിൽ നിന്നും ഒരു ഷാഡോ ഇറങ്ങി വരുന്നതിനെ ഒഴിവാക്കാൻ എന്തു ചെയ്യും?

    മറുപടിഇല്ലാതാക്കൂ
  5. http://ubuntuforums.org/archive/index.php/t-1733520.html

    ഇവിടെ പറഞ്ഞ പോലെ പി.എൻ.ജി. ആപ്പ് ഊരിയപ്പോൾ‌ അതും ശരിയായി.

    മറുപടിഇല്ലാതാക്കൂ
  6. എനിക്ക് ഫയർഫോക്സിന്റെ ടാബ് മറയത്തക്ക പോലത്തെ ഷാഡോയൊന്നും കാണുന്നില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  7. മിക്കവാറൂം എല്ലാ .ഡയറക്റ്ററികളും ഒഴിവാക്കിയപ്പോഴാണ് പ്രശ്നം വന്നത്. മറ്റ് യൂസേഴ്സിന് ഷാഡോ പ്രശ്നമില്ല.

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.