2011, മേയ് 26, വ്യാഴാഴ്‌ച

ഉബുണ്ടു യൂണിറ്റി

സകലരും പുതിയ ഉബുണ്ടുവിൽ ലഭ്യമായ യൂണിറ്റി യൂസർ ഇന്റർഫേസിനെ കുറ്റം പറയുന്നതു കണ്ടാണ് എന്നാലൊന്ന് പരീക്ഷിച്ചു കളയാം എന്നു തീരുമാനിച്ചത്. നത്ത് നാരായണന്റെ (കട: ദേവദാസ്, Natty Narwhal) ആൽഫാ പതിപ്പൊന്ന് ഒരിക്കൽ ഡൗൺലോഡ് ചെയ്ത് വിർച്വൽ മെഷീനിലിട്ട് ഓട്ടിയാരുന്നെങ്കിലും അധികം താമസിയാതെ കളയുകയാണുണ്ടായിരുന്നത്. ഗ്നോം 3-യും അതുപോലെ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് പരീക്ഷിച്ചായിരുന്നു. എങ്കിലും പഴയ 10.04 (ലൂസിഡ് ലിൻക്സ്) കളയാൻ മനസ്സുവന്നിരുന്നില്ല.

സി.ഡി. ഇമേജ് ഡൗൺലോഡ് ചെയ്ത് 10.04-ൽ ഉണ്ടായിരുന്ന സൗകര്യം ഉപയോഗിച്ച് യു.എസ്.ബി. ഡ്രൈവ് ബൂട്ടബിളാക്കി അതിൽ നിന്നാണ് ഇൻസ്റ്റോൾ ചെയ്തത്. ഇൻസ്റ്റലേഷൻ താരതമ്യേന ലളിതമായിരുന്നു. പഴയ ഇൻസ്റ്റലേഷനേക്കാളും രണ്ട് മൂന്ന് ചോദ്യങ്ങൾ കൂടുതൽ ചോദിക്കുന്നുണ്ടെന്ന് തോന്നുന്നു. ടൈം സോൺ സെലക്റ്റ് ചെയ്യുമ്പോൾ ഇന്ത്യയാണെങ്കിൽ ജമ്മു-കാശ്മീർ ഇന്ത്യയുടെ കൂടെയും പാകിസ്താനാണെങ്കിൽ പാകിസ്താന്റെ കൂടെയും കാണിക്കുന്നത് കൊള്ളാം. പൊതുവേ ആൾക്കാർ അങ്ങനെ നോക്കില്ലാത്തതിനാൽ, ഉപയോക്താക്കൾക്ക് കാഴ്ചയിൽ സംതൃപ്തി ലഭിച്ചേക്കും :) 10.04 പൂർണ്ണമായും കളഞ്ഞ് ഫ്രെഷ് ഇൻസ്റ്റലേഷനാണ് ചെയ്തത്. 10.04 അവിടെക്കിടന്നാൽ അറിയാതെ നത്ത് നാരായണനെ എടുത്തുകളയാൻ തോന്നിയേക്കും എന്നൊരു തോന്നലുണ്ടായിരുന്നു.

എല്ലാവർക്കും അറിയാവുന്നതുപോലെ യൂണിറ്റിയാണ് പുതിയ ഉബുണ്ടുവിന്റെ സ്വന്തം ഡെസ്ക്ടോപ്പ് എൻവിയോണ്മെന്റ്, എന്നാലും പഴയ ഗ്നോം രൂപവും ഒപ്പം ലഭ്യമാണ് ലോഗിൻ ചെയ്യുമ്പോൾ വേണ്ടതെന്താണെന്ന് തിരഞ്ഞെടുത്തു കൊടുക്കാൻ കഴിയും. പഴയ ഫെഡോറ വേർഷനുകൾ ഉപയോഗിച്ചിട്ടുള്ളയാളാണെങ്കിൽ ഗ്നോമും കെ.ഡി.ഇ.യും തന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നത് ഓർക്കുമല്ലോ. മൂന്ന് ഉപയോക്തൃസമ്പർക്കമുഖമെങ്കിലും പുതിയ ഉബുണ്ടുവിൽ ലഭ്യമാണ്. യൂണിറ്റി, യൂണിറ്റി 2ഡി, ഉബുണ്ടു ക്ലാസിക് (ഗ്നോം 2) എന്നിവയാണവ. യൂണിറ്റി 2ഡി, യൂണിറ്റിക്ക് സമാനമാണ്, പക്ഷേ ക്യൂട്ടി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ലൈറ്റ്‌വെയ്റ്റാണ്.

പ്രാഥമിക അങ്കലാപ്പിന് യൂണിറ്റി യൂസർ ഇന്റർഫേസ് മതിയാവുമെങ്കിലും സംഗതി താരതമ്യേന ലളിതമാണ്. ഇടത് വശത്ത് സ്വതേയുള്ള ലോഞ്ചർ എന്ന മെനു, നമ്മൾ വീണ്ടുംവീണ്ടും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഡോക്ക് ചെയ്ത് വെയ്ക്കാനുള്ളതാണ്. സാധാരണ ഉപയോക്താക്കൾ ഒരു കമ്പ്യൂട്ടറിൽ ഏതാനം ആപ്ലിക്കേഷനുകൾ മാത്രമെ ആവർത്തിച്ചുപയോഗിക്കാറുള്ളു എന്ന ആശയത്തിലാണ്  യൂണിറ്റി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. നമ്മൾ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ ലോഞ്ചറിൽ നിന്ന് നീക്കം ചെയ്യുകയും നിരന്തരം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കൂട്ടിച്ചേർക്കുകയും ചെയ്താൽ ഉപയോഗ എളുപ്പം കൂടുമെന്നാണ് എന്റെ അഭിപ്രായം. ഞാനെന്തായാലും ലിബ്രെ ഓഫീസ് എല്ലാം എടുത്തു കളഞ്ഞ് എനിക്കു വേണ്ടവ മാത്രം ചേർത്ത് അത് സാമാന്യം ഉപയോഗിക്കാവുന്നതാക്കിയതിനു ശേഷം വലിയ കുഴപ്പം തോന്നുന്നില്ല. ലോഞ്ചറിലെ ഐകോണുകളുടെ വലിപ്പം (compiz-config ഇൻസ്റ്റോൾ ചെയ്ത്) കുറെ കുറച്ചപ്പോൾ കണ്ണിനും ഒരു ആശ്വാസമുണ്ട്. യൂണിറ്റിയുടെ ഒരു കുഴപ്പം അതിത്തിരി ബഗ്ഗിയാണെന്നതാണ്. എന്നാലും യൂണിറ്റി തന്നെ ക്രാഷാവുന്ന വിധത്തിലുള്ള ബഗ്ഗുകൾ ഉണ്ടെന്നു തോന്നുന്നില്ല. ഇടയ്ക്ക് ക്ലോക്ക് ഇരിക്കുന്ന പാനലിലെ ഐകോണുകൾ മൗസ്‌ക്ലിക്കിനും മറ്റും പ്രതികരിക്കാതെ പോവുകയൊക്കെ ചെയ്യുന്നുണ്ട്. കീബോഡ് ഷോർട്ട്കട്ടുകൾ താങ്കൾക്കറിയാമെങ്കിൽ (ചുമ്മാ ഗൂഗിളിലോ മറ്റോ സേർച്ച് ചെയ്താൽ കിട്ടും) അവിടെ നിന്ന് പ്രവർത്തിക്കേണ്ടവ ഒക്കെ പ്രവർത്തിക്കും. ഡിസ്പ്ലേയും റെസ്പോൺസും സംബന്ധിച്ചിച്ച ബഗുകളാണ് ഉള്ളവയിൽ അധികവും. ഉപയോഗത്തിൽ ഒരു 2008-ലെ ഗ്നോമിന്റെ അവസ്ഥയിലാണ് യൂണിറ്റി എന്നു പറയാം. ഗ്നോമിനേക്കാളും  യൂണിറ്റിയുടെ വികസനം വളരെയധികം ചട്ടപ്പടി ആയിട്ടായതിനാലും വലിയ ഉപയോക്തൃ ബേസ് ഉള്ളതിനാലും മൂന്നു നാല് മാസങ്ങൾ കൊണ്ട് അവശേഷിക്കുന്ന അസ്ഥിരതയൊക്കെ പോയി യൂണിറ്റി വളരെ സ്റ്റേബിളാകും എന്ന് പ്രതീക്ഷിക്കാം.

ഗുണങ്ങൾ
ലോഞ്ചറിലോട്ട് സോഫ്റ്റ്‌വേറുകൾ ഡ്രോപ്പ് ചെയ്യാനും അവിടെ നിന്ന് തുറക്കാനുമുള്ള സൗകര്യമാണ് ഏറ്റവും പ്രധാനം. നമുക്കു വേണ്ട ആപ്ലിക്കേഷനുകളെല്ലാം മൗസെത്തും ദൂരത്ത് എപ്പോഴുമുണ്ടാകും. സാധാരണ ഉപയോക്താക്കളുടെ ഉപയോഗത്തിന് ഡെസ്ക്ടോപ്പ് റിയൽ എസ്റ്റേറ്റ് ഫലപ്രദമായി വിനിയോഗിച്ചിരിക്കുന്ന ആദ്യ ഉപയോക്തൃസമ്പർക്ക മുഖമാണ് യൂണിറ്റി എന്നു തോന്നുന്നു. ഒരു സോഫ്റ്റ്‌വേർ തുറന്നാൽ പിന്നെ അതിന്റെ ഭാഗമല്ലാത്ത വളരെക്കുറച്ച് സ്ഥലം മാത്രമേ കാണാനാകൂ. ആ അവസ്ഥയിലും മൗസ് ഒന്ന് അനക്കിവെച്ച് ലോഞ്ചറിൽ നിന്നോ കീബോർഡ് മാത്രമുപയോഗിച്ചോ മറ്റേതൊരു ആപ്ലിക്കേഷനും തുറക്കുവാനും കഴിയും. പഴയ ഗ്നോമിലും കൈറോ-ഡോക്ക് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള പരിപാടികൾ പരിമിതമായിട്ടെങ്കിലും ചെയ്യാമായിരുന്നെങ്കിലും അവയെക്കാളെല്ലാം വളരെ സൗകര്യപ്രദമായാണ് പുതിയ ലോഞ്ചറിന്റെ നിർമ്മിതി. ഗ്നോമിനേക്കാളും വേഗത്തിലുള്ള റെസ്പോൺസാണ് മറ്റൊരു കാര്യം. ആപ്ലിക്കേഷനുകൾ എടുക്കാൻ ഇടയ്ക്ക് മൗസിലോട്ട് കൈ തീരെ പോവേണ്ട എന്നതൊരു നല്ല ഗുണമാണെന്നെന്റെ അഭിപ്രായം. സൂപ്പർ കീ (വിൻഡോസ് കീ) ഒന്ന് ഞെക്കി വേണ്ട ആപ്ലിക്കേഷന്റെ പേരിന്റെ ഒരു ശകലം ടൈപ്പ് ചെയ്ത് നൽകി ഒരു എന്ററും അടിച്ച് ഏതാപ്ലിക്കേഷൻ വേണമെങ്കിലും തുറക്കാം. ഗ്നോമിനെ അപേക്ഷിച്ച് ഇതുവരെ കണ്ട ഏറ്റവും വലിയ ഗുണം യൂണിറ്റിയുടെ കാണാവുന്ന ഭാഗങ്ങൾ (ലോഞ്ചർ, ബാർ) അനക്കമറ്റു പോയാലും തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകളെ അത് ബാധിക്കുന്നില്ല എന്നതാണ്. ഗ്നോം പുനഃക്രമീകരിക്കുക എന്നാൽ എനിക്ക് സെഷൻ ക്ലോസ് ചെയ്തു മാത്രമേ ഫലപ്രദമായി വന്നിട്ടുള്ളു. unity --replace എന്ന ഒറ്റ കമാൻഡിൽ (Alt+F2 അടിച്ച ശേഷം) ഏതനങ്ങാതിരിക്കുന്ന ലോഞ്ചറിനേയും ബാറിനേയും വീണ്ടും അനക്കാനും കഴിയുന്നുണ്ട്. അത്തരം അനക്കമറ്റ അവസ്ഥ അത്ര പെട്ടന്നൊന്നും വരികയില്ല, ഒന്നു വരണമെന്ന് മനസ്സിരുത്തി എന്തെങ്കിലുമൊക്കെ ചെയ്തപ്പോഴാണ് മിക്കപ്പോഴും അങ്ങനെ വന്നത്. ഗ്നോം 2-ൽ മിക്കവാറും എല്ലായ്പോഴും എല്ലാ ഡിസ്ട്രിബ്യൂഷനുകളിലും കാണാവുന്ന പ്രശ്നമായിരുന്നു ഐകോണുകളുടെ ഓടി നടക്കൽ. അത് യൂണിറ്റിയിൽ ഇതുവരെ കണ്ടില്ല. പുതിയ രീതിയിലുള്ള സ്ക്രോൾബാർ - മറഞ്ഞിരിക്കുകയും മൗസെത്തുമ്പോൾ മാത്രം പ്രത്യക്ഷമാവുകയും ചെയ്യുന്ന രീതിയിലുള്ളത് - അധികം മൗസ് ഓട്ടെണ്ട എന്നതിനുപരി എന്തെങ്കിലും ഗുണം കാര്യമായി ചെയ്യുന്നുണ്ടോയെന്നറിയില്ലെങ്കിലും രസമുണ്ട്. ഉപയോക്താക്കൾക്ക് പരിചിതമല്ലാത്ത സമ്പർക്കമുഖമായതിനാൽ, ഉബുണ്ടു ഫോറം ഉണർന്നിരിപ്പുണ്ട്. നിസ്സാരമായ പ്രശങ്ങൾക്കു വരെ യൂണിറ്റി എന്ന് ടാഗ് ചെയ്താൽ അവിടെ ഇപ്പോൾ പെട്ടന്ന് പരിഹാരം ലഭിക്കുന്നുണ്ട്.

ദോഷങ്ങൾ
ലേണിങ് കർവ് എന്ന് പറയുന്ന സംഗതിയൊന്നുമില്ലെങ്കിലും, ചീത്ത വാർത്തകളും കേൾക്കുന്നതു കൊണ്ട് ഒരു സുഖം ആദ്യം തോന്നില്ല. പഴയ ഗ്നോം2-നെ അപേക്ഷിച്ച് ഇത്തിരിയൊക്കെ ബഗ്ഗിയാണ്. ഹാർഡ്‌വെയർ ഉപയോഗം യൂണിറ്റിയ്ക്ക് കൂടുതലാണ് (യൂണിറ്റി 2ഡി എന്ന കാഴ്ചയിൽ സമാനവും അടിസ്ഥാന സാങ്കേതികതയിൽ വ്യത്യസ്തവുമായ സൗകര്യം പ്രതിവിധിയാണ്). യൂണിറ്റി ശരിക്കും പ്രവർത്തിക്കാൻ ലാപ്‌ടോപ്പ് ക്ലീൻ ചെയ്യേണ്ടി വന്നു. ചില ആപ്ലിക്കേഷനുകൾ യൂണിറ്റിയുമായി പൂർണ്ണമായും ഇന്റഗ്രേറ്റ് ആയിട്ടില്ല. (എന്റെ പ്രിയപ്പെട്ട ഒരു ആപ്ലിക്കേഷനായ പാഴ്സെലൈറ്റ് സിസ്റ്റം ട്രേയിൽ സ്വതേ  കാണിച്ചിരുന്നില്ല (ഒടുവിൽ gsettings set com.canonical.Unity.Panel  systray-whitelist "['all']" എന്ന് കമാൻഡ് ലൈനിൽ നൽകി എല്ലാം പാസാക്കി വിടേണ്ടി വന്നു, അല്ലെങ്കിൽ dconf-tools ഇൻസ്റ്റോൾ ചെയ്ത ശേഷം dconf-editor ഉപയോഗിച്ചും ഇതു ചെയ്യാം). ആപ്ലിക്കേഷനുകളുടെ പേര് ശരിക്കും ഓർമ്മയില്ലെങ്കിൽ അതു തുറക്കൽ അത്രയെളുപ്പമല്ല, ഉദാഹരണത്തിന് സ്റ്റോറേജ് ഡിവൈസ് മാനേജർ എന്ന ആപ്ലിക്കേഷൻ storage എന്നെങ്കിലും ഓർമ്മയുണ്ടെങ്കിലേ കിട്ടുകയുള്ളു. ആ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള കമാൻഡ് ആയ pysdm എന്നു സേർച്ച് ചെയ്താൽ കൂടി കിട്ടില്ല (പ്രതിവിധി: Alt+F2 എന്നിട്ട് gksudo pysdm ;-)] . ബൂട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ വൈഫൈ-ബ്ലൂടൂത്ത് ബട്ടൺ ഓണാണെങ്കിൽ മാത്രമേ എന്റെ ലാപ്‌ടോപ്പിൽ വൈഫൈ ലഭിക്കുന്നുള്ളു (പ്രതിവിധി ഇതുവരെ കിട്ടിയിട്ടില്ല). ലോഞ്ചറിലെ ആപ്ലിക്കേഷൻ എന്ന ബട്ടണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ സ്വഭാവമനുസരിച്ച് എടുക്കാമെങ്കിലും ഒരു ഗുമ്മില്ല. ലോഞ്ചറിൽ (സോഫ്റ്റ്‌വേർ സെന്ററിലും) പുതിയ ആപ്ലിക്കേഷനുകളുടെ "പരസ്യം" കാണിക്കുന്നത് ആദ്യം ഗുണപ്രദമായി തോന്നുമെങ്കിലും പിന്നീടത്ര രസമായി തോന്നണമെന്നില്ല.  യൂണിറ്റിയുടെ ലൈസൻസ് സ്വതന്ത്രമാണെങ്കിലും സങ്കീർണ്ണമാണ്. സ്വതന്ത്ര സോഫ്റ്റ്‌വേർ പഞ്ചഗുസ്തിയിൽ പെട്ട് ഗ്നോമിൽ തങ്ങളുടെ സേവനങ്ങൾ ഉൾപ്പെടുത്താൻ കഴിയാതിരുന്ന, ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സ്വന്തമായി ബാസാറും ലോഞ്ച്പാഡും വികസിപ്പിക്കേണ്ടി വന്ന, അതേസമയം ലിനക്സ് പ്രചരിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനി മുൻകരുതലെടുത്തതിൽ അവരുടെ കാഴ്ചപ്പാടിൽ തെറ്റുണ്ടാവാനിടയില്ല. സോഫ്റ്റ്‌വേർ ലൈസൻസ് സങ്കീർണ്ണത സാധാരണ ഉപയോക്താക്കളെ ഒട്ടു ബാധിക്കുകയുമില്ല.

അന്തിമവിധി
സംഗതി അത്ര മോശമൊന്നുമല്ല. ആർക്കും അനായാസം ഉപയോഗിക്കാം. അടുത്ത ഉബുണ്ടു വേർഷനിൽ ഗ്നോം 2 ഇല്ലെന്നും ഗ്നോം 3 ആണെന്നും കേൾക്കുന്നു. മറ്റ് ലിനക്സ് വിതരണങ്ങളും വൈകാതെ തന്നെ ഗ്നോം 3-യിലോട്ട് മാറുമെന്നാണ് കേൾക്കുന്നത്. അതോടെ യൂണിറ്റിയുടെ ചീത്തപ്പേര് പൂർണ്ണമായും മാറും എന്നാണ് ഗ്നോം 3-ലെ എന്റെ അനുഭവം വെച്ച് തോന്നുന്നത് :) പണ്ട് ആപ്ലിക്കേഷൻ ബോർഡറിലെ ക്ലോസ്, മിനിമൈസ്, മാക്സിമൈസ് ബട്ടണുകൾ ഇടത്തോട്ട് മാറ്റിയപ്പോൾ ആരെങ്കിലും യൂണിറ്റി സ്വതേയുള്ള സമ്പർക്കമുഖമാകാനുള്ള പോക്കാണെന്ന് നിരൂപിച്ചിരുന്നില്ലല്ലോ. മത്തായി ചുമ്മാ കിണറ്റിൽ ചാടില്ലല്ലോ.

5 അഭിപ്രായങ്ങൾ:

 1. യൂണിറ്റിയെപ്പറ്റി നല്ല അഭിപ്രായം പറയുന്നവര്‍ കുറവാണന്ന് പല ബസ്സുകളേലും എഴുതിവച്ച് കണ്ടു!(അങ്ങിനെ പറയുന്നവര്‍ക്ക് പഠനവൈകല്യമുണ്ടെന്നും ചിലര്!) പിന്നെ ഗ്രാഫിക്സിന്റെ കാര്യോം. ഇത്തിരി പ്രായം ചെന്ന കമ്പ്യൂട്ടറ് വലിക്കില്ലെന്നും കേട്ടു. അലമ്പില്ലാതെ ഓടുന്ന ല്യൂസിഡ് കളഞ്ഞ് നത്ത് നാരായണനെ വിളിച്ച് കയറ്റിയാല്‍ അബദ്ധമാകുമോ? യൂണിറ്റി സ്റ്റേബിളാകുന്നതുവെരെ കാക്കുന്നത് എന്നേപ്പോലെ പഴേ കമ്പ്യൂട്ടറുപയോഗിക്കുന്നവര്‍ക്ക് നന്നെന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. പോസ്റ്റിൽ പറഞ്ഞതുപോലെ, യൂണിറ്റി അത്ര സ്റ്റേബിളല്ല. ഹാർഡ്‌വെയർ ഉപഭോഗം തീർച്ചയായും നാറ്റിക്ക് കൂടുതലാണ്. എന്റെ അഭിപ്രായത്തിൽ ലൂസിഡാണ് നാറ്റിയേക്കാളും നല്ല വേർഷൻ. :-). പരീക്ഷണകുതുകിയല്ലേൽ നീക്കം ചെയ്യേണ്ട കാര്യമൊന്നും ലൂസിഡിനില്ല. എങ്കിലും യൂണിറ്റി പരീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല ;-)

  മറുപടിഇല്ലാതാക്കൂ
 3. ഞാനും നാറ്റി നര്‍വാള്‍ ഇന്സ്റ്റാള്‍ ചെയ്തു. എന്നാല്‍ എനിക്ക് യൂണിറ്റി ലഭ്യമാകുന്നില്ല. ഹാര്‍ഡ്‌‌വെയര്‍ തുണയ്ക്കുന്നില്ല എന്ന സന്ദേശം ലഭിച്ചിരുന്നു.എന്‍വിഡിയ ഗ്രാഫിക്സ് കാര്‍ഡ് ഉണ്ട്...എന്നാലും കിട്ടുന്നില്ല....മറുപടി പോസ്റ്റ് പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. System->Administrator->Additional Drivers ൽ പോയി എൻവിഡിയ ഗ്രാഫിക്സ് കാർഡിനുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്താൽ യൂണിറ്റി ഉപയോഗിക്കാനാകും.

  മറുപടിഇല്ലാതാക്കൂ