2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ലോക്കാൽസും ഐബസും


ഈയിലെ ഉബുണ്ടു വീണ്ടും ഇൻസ്റ്റോൾ ചെയ്തതിനു ശേഷം വന്ന ഒരു പ്രശ്നം. ഐബസിന്റെ പ്രിഫറൻസസ് വിൻഡോ കിട്ടുന്നില്ല. നെറ്റിൽത്തപ്പിയപ്പോൾ പലർക്കും ഈ പ്രശ്നമുണ്ടെങ്കിലും ശരിയാക്കാനുള്ള വഴിയൊന്നും കിട്ടിയില്ല.

ഇത്തവണ 12.04-ൽ ഇൻസ്റ്റോൾ ചെയ്തപ്പോൾ മലയാളമായിരുന്നു ഇന്റർഫേസ് ഭാഷയായി തിരഞ്ഞെടുത്തത്. പരിഭാഷ അത്ര പോര എന്നു തോന്നിയതുകൊണ്ടും, പകുതി മാത്രം പരിഭാഷപ്പെടുത്തി നിൽക്കുന്നതുകൊണ്ടും സെറ്റിങ്സിൽപ്പോയി മലയാളം എടുത്തുകളഞ്ഞിരുന്നു. ഇതാണ് ഐബസ് പ്രിഫറൻസസ് വരാത്തതിന് കാരണമെന്ന്, പിന്നീട് മലയാളം ഇൻസ്റ്റോൾ ചെയ്ത് നോക്കിയപ്പോഴാണ് മനസിലായത്.

മലയാളം പിന്നെയും എടുത്തുകളഞ്ഞ്,

sudo dpkg-reconfigure locales

എന്ന കമാൻഡ് കൊടുത്ത് ലോക്കാൽസ് വീണ്ടുമൊന്ന് കോൺഫിഗർ ചെയ്തപ്പോൾ കാര്യം ശരിയായി.

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

ഗ്നോം 3ല്‍ മിനിമൈസ്, മാക്സിമൈസ് ബട്ടണുകള്‍


 
ഒരു പോസ്റ്റാക്കാനുള്ള പ്രാധാന്യം ഇതിനുണ്ടോ എന്നറിയില്ല. എങ്കിലും ഒന്നൊന്നര  മണിക്കൂറത്തേക്കു് എന്നെ ഒന്ന് കുഴപ്പിച്ചത് കൊണ്ട് ഇവിടെ പോസ്റ്റുന്നു.

ഗ്നോം 2, കറുവ, യൂണിറ്റി വഴി കറങ്ങിത്തിരിഞ്ഞാണു് ഞാന്‍ ഗ്നോം ഷെല്ലിലെത്തിയതു്. സത്യം  പറയാല്ലോ. തുടക്കക്കാരെ നല്ലവണ്ണം ഒന്നു വിയര്‍ത്തകുളിപ്പിക്കാന്‍ ഗ്നോം ഷെല്‍ ധാരാളമാണു്. ഇതിലെനിക്കു് ഏറ്റവും  പ്രയാസമായി തോന്നിയത് വിന്‍ഡോ ലേയൗട്ടുകളുടെ നിരയിലെ മിനിമൈസ്, മാക്സിമൈസ്/റീസ്റ്റോര്‍ ബട്ടണുകളുടെ അഭാവമായിരുന്നു. 



സമാനമായ ഒരനുഭവം മുന്‍പു വന്നിരുന്നതു് പരിഹരിച്ചത് gconf-editor ഉപയോഗിച്ചായിരുന്നു. അതിനാല്‍ മറ്റൊന്നുമാലോചിക്കാതെ കോണ്‍ഫിഗ് എഡിറ്റര്‍ സന്നിവേശിപ്പിച്ചു. എന്നാല്‍ തുറന്നു നോക്കിയപ്പോള്‍ അതിലെവിടെയും button_layout തിരുത്താനുള്ള ഉപാധി കണ്ടില്ല.

gconf-editor


'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല' എന്ന് പറയും പോലെ അത്രയും സമയം ഞാന്‍ ഗ്നോം ട്വീക്ക് ടൂളിനെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അതില്‍ മാക്സിമൈസ്, മിനിമൈസ് ബട്ടണുകള്‍ ആഡ് ചെയ്യാനുള്ള ഉപാധിയുണ്ട്.

ഇതിനായി ഗ്നോം ട്വീക്ക് ടൂള്‍ തുറക്കുക. ഡാഷ് തുറന്ന ശേഷം (സൂപ്പര്‍ കീ) Advanced Settings എന്നോ Gnome tweek tool എന്നോ തിരഞ്ഞാല്‍ വരുന്ന ഐക്കോണാണ്. Alt+F2 എന്നമര്‍ത്തുമ്പോള്‍ വരുന്ന കമാന്റ് ബോക്സില്‍ gnome-tweak-tool എന്ന് നല്‍കിയും ഗ്നോം ട്വീക്ക് തുറക്കാവുന്നതാണു്. നിലവില്‍ ഗ്നോം ട്വീക്ക് ഇന്‍സ്റ്റാളിയിട്ടില്ലെങ്കില്‍
gnome-tweak-tool


sudo apt-get update;
sudo apt-get install gnome-tweak-tool


എന്ന കമാന്റ് മുഖാന്തരം ഗ്നോം ട്വീക്ക് ഇന്‍സ്റ്റാളിയ ശേഖം ഈ നടപടികള്‍ ചെയ്യുക.



ഇതിലെ ഷെല്‍ എന്ന മെനുവിലെ 'Arrangement of buttons on the titlebar' എന്നതിന്റെ മൂല്യം 'Close only' എന്നത് മാറ്റി 'All' എന്ന് നല്കുക. ക്ലോസ്സിനൊപ്പം വിന്‍ഡോ മാക്സിമൈസ്, മിനിമൈസ് ബട്ടണുകളും വരുന്നതാണു്.

ഇതേമാതിരി പ്രയോജനപ്രദമായ ഒട്ടനവധി ക്രമീകരണങ്ങള്‍ ഗ്നോം ട്വീക്ക് ടൂളില്‍ ലഭ്യമാണു്. എല്ലാം പരീക്ഷിച്ചു നോക്കിക്കോളൂ..
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.