2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മൂന്ന് ടൂളുകൾ

എനിക്കറിയില്ല എന്തുകൊണ്ടാണീ മൂന്ന് ടൂളുകൾ ഉപകാരപ്രദമായി തോന്നുന്നതെന്ന്, പക്ഷേ എനിക്ക് ഇവ വളരെ ഉപകാരപ്രദമായി തോന്നുന്നു. :-P

1. ബ്ലീച്ച് ബിറ്റ് (BleachBit): നമ്മുടെ കമ്പ്യൂട്ടറിലെ അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ബ്ലീച്ച് ബിറ്റ്. കാഷെ, ഇന്റർനെറ്റ് ഹിസ്റ്ററി, കുക്കികൾ, താത്കാലിക ഫയലുകൾ, തമ്പ് നെയിലുകൾ തുടങ്ങി നിരവധി ഫയലുകൾ ഒഴിവാക്കി, കമ്പ്യൂട്ടർ വൃത്തിയാക്കണമെങ്കിൽ ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. ഇവയൊക്കെ നീക്കം ചെയ്യാൻ മറ്റ് മാർഗ്ഗങ്ങളുണ്ടെങ്കിലും കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാൻ ബ്ലീച്ച്ബിറ്റ് സഹായിക്കുന്നുണ്ടെന്നാണ് എന്റെ ഒരു വിശ്വാസം. ഫയർഫോക്സ്, ക്രോമിയം, ഓപ്പണോഫീസ് തുടങ്ങി ഒട്ടനവധി സോഫ്റ്റ്‌വേറുകളെ കൈകാര്യം ചെയ്യാൻ ബ്ലീച്ച്ബിറ്റ് പ്രാപ്തമാണ്. കമ്പ്യൂട്ടറിൽ കിടക്കുന്ന ഫയലുകൾ ഡിലീറ്റ് ചെയ്താലും വേണമെങ്കിൽ റിക്കവർ ചെയ്യാൻ കഴിയും. ഇങ്ങനെ റിക്കവർ ചെയ്യാൻ കഴിയാത്ത വിധത്തിൽ ഫയലുകൾ ഷ്രെഡ് (shred command) ചെയ്ത് കളയാനും ബ്ലീച്ച് ബിറ്റ് ഉപയോഗിക്കാം. (ext4 ഫയൽസിസ്റ്റത്തിൽ ഷ്രെഡിങ് അത്ര ഫലപ്രദമല്ലെന്ന് കേൾക്കുന്നു)

ഇൻസ്റ്റോൾ ചെയ്യാൻ സോഫ്റ്റ്‌വേർ സെന്ററിൽ BleachBit തിരയുക, അല്ലെങ്കിൽ ടെർമിനലിൽ sudo apt-get install bleachbit എന്നു നൽകുക.

2. ബം (BUM - BootUp-Manager): കമ്പ്യൂട്ടർ ബൂട്ട് ചെയ്ത് കേറുമ്പോൾ പ്രവർത്തിക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കാനുള്ള ചെറു സോഫ്റ്റ്‌വേറാണ് ബം. വേണ്ടതും വേണ്ടാത്തതുമായ നിരവധി  പ്രവർത്തനങ്ങൾ ബൂട്ട് ചെയ്ത് കേറുമ്പോൾ നടക്കുന്നുണ്ടാവാം. അത് ഓരോ ഉപയോക്താവിനുമനുസരിച്ച് വ്യത്യാസമായേക്കാം.  ഡിക്ഷ്ണറി സെർവർ ഉപയോഗിക്കുന്നതേയില്ലങ്കിൽ അത് കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ തൊട്ട് പ്രവർത്തിക്കേണ്ട കാര്യമുണ്ടോ? എന്നും എപ്പോഴും കമ്പ്യൂട്ടർ പ്രിന്റർ (Cups) ഉപയോഗിക്കുന്നില്ലെങ്കിൽ എല്ലാ പ്രാവശ്യവും ബൂട്ട് ചെയ്ത് കേറുമ്പോൾ തൊട്ട് അത് സ്റ്റാൻഡ്ബൈ നിൽക്കേണ്ടതെന്തിന്? ഇതുപോലത്തെ വികട ചിന്തകൾ ഉണ്ടെങ്കിൽ ബം ഉപയോഗിച്ച് നോക്കാം.

സോഫ്റ്റ്‌വേർ സെന്ററിൽ  BootUp-Manager എന്നു സേർച്ച് ചെയ്തോ, ടെർമിനലിൽ sudo apt-get install bum എന്നു നൽകിയോ ഇൻസ്റ്റോൾ ചെയ്യാം.




3. പാഴ്സൽലൈറ്റ് (Parcellite): ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ്കൾക്കനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് സിസ്റ്റം വൈഡ് ക്ലിപ്ബോർഡിന്റെ രാഹിത്യം. ഒരു ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്ത കാര്യങ്ങൾ വേറൊരു ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയ്യാൻ കഴിയാതെ വരിക, അല്ലെങ്കിൽ ചിലപ്പോൾ ചില ആപ്ലിക്കേഷൻ ക്ലോസ് ചെയ്താൽ പിന്നെ ആ ആപ്ലിക്കേഷനിൽ നിന്ന് കോപ്പി ചെയ്തത് മറ്റൊരിടത്ത് പകർത്താനാകാതെ വരിക എന്നിവയൊക്കെ. ഉബുണ്ടുവിന്റെ ഓരോ പതിപ്പിറങ്ങുമ്പോഴും ഈ പ്രശ്നം കൂടുതൽ കൂടുതൽ പരിഹരിക്കപ്പെടുന്നുണ്ടെങ്കിലും പൂർണ്ണപരിഹാരമായെന്ന് പറയാനാവില്ല. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരവധി ആപ്ലിക്കേഷനുകൾ ഉബുണ്ടുവിൽ ലഭ്യമാണെങ്കിലും ഏറ്റവും ഉപകാരപ്രദമായി തോന്നിയ ഒന്നാണ് പാഴ്സൽ ലൈറ്റ്. ഒന്നാമത്തെ കാര്യം ലഘുവാണെന്ന് പേരിൽ പറയുന്നുണ്ടെങ്കിൽ കൂടി അതിലും ലൈറ്റ് ആണ് ഈ സാധനം, രണ്ടാമത്തെ ഗുണം മറ്റ് നിരവധി ക്ലിപ്ബോർഡ് മാനേജർ ആപ്ലിക്കേഷനുകൾ നിരവധിയനവധി അനുബന്ധ പരിപാടികൾ ചേർത്ത് അടിസ്ഥാന ഉപയോഗം അപ്രസക്തമാക്കിയവയാണെങ്കിൽ, പാഴ്സൽ ലൈറ്റ് വേണ്ട സൗകര്യവും പഴയ കുറച്ച് ക്ലിപ്ബോർഡ് എൻട്രികളും മാത്രം തന്ന് അടിസ്ഥാന ഉപയോഗം മറന്ന് പോകാതെ നൽകുന്നു. ഈ ആപ്ലിക്കേഷൻ ഒന്നോ രണ്ടോ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് തന്നെ പൂർണ്ണമായും ആക്സസ് ചെയ്യുകയും ചെയ്യാം.

ഇൻസ്റ്റോൾ ചെയ്യാൻ parcellite എന്നു തന്നെ ഉപയോഗിച്ചാൽ മതിയാകും.

അനുബന്ധം:
ഒരിക്കൽ അനൂപൻ ഉബുണ്ടു റ്റ്വീക്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ഉപയോഗത്തിനപ്പുറം നിരവധി കാര്യങ്ങൾക്കുപയോഗിക്കാവുന്ന സോഫ്റ്റ്‌വേറാണ് ഉബുണ്ടു റ്റ്വീക്. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന മെനു സജ്ജീകരിക്കാനും, കെർണലുകൾക്കു പുറമേ വേണ്ടാത്ത ഫയലും സെറ്റിങ്സും എല്ലാം നീക്കം ചെയ്യാനും ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം. ലൂസിഡ് ലിൻക്സ് ഇൻസ്റ്റോൾ ചെയ്തപ്പോൾ ഒഫീഷ്യൽ റെപ്പോസിറ്ററിയിലുള്ള സോഫ്റ്റ്‌വേർ മാത്രമേ ഉപയോഗിക്കുകയുള്ളു എന്നു കരുതിയിരുന്നെങ്കിലും, അധികം വൈകാതെ തന്നെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ലാത്ത ഉബുണ്ടു റ്റ്വീക് ഇൻസ്റ്റോൾ ചെയ്തു. ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ഉബുണ്ടു റ്റ്വീക് ഉപയോഗിക്കാം എന്നതു തന്നെയാണ് കാരണം.


ഉദാഹരണത്തിന് താഴെ കൊടുത്തിരിക്കുന്ന മാർഗ്ഗം മിക്കവർക്കും എപ്പോഴെങ്കിലുമൊക്കെ ആവശ്യം വരുന്നതായിരിക്കും. ഇത് ക്രമീകരിച്ച് വെയ്ക്കാനും ഉബുണ്ടു റ്റ്വീക്കിൽ എളുപ്പവഴിയുണ്ട്.
റൂട്ട് ആക്സസ് വേണ്ട ഫോൾഡറുകളിൽ നിന്നും ഫയലുകൾ നീക്കം ചെയ്യണമെങ്കിലൊക്കെ എപ്പോഴും ടെർമിനലെടുത്ത് sudo rm അല്ലെങ്കിൽ sudo rmdir എന്നൊക്കെ കൊടുക്കുന്നത് ഒരു സുഖമില്ലാത്ത ഏർപ്പാടാണ് [യോജിക്കണമെന്നില്ല ;-)]. ഒരു ഫയലോ ഒരു ഫോൾഡറോ മാത്രം  മായ്ക്കാനോ മാറ്റം വരുത്താനോ ജി.യു.ഐ. തന്നെയാണ് സൗകര്യം എന്നാണെന്റെ പക്ഷം. ഉബുണ്ടുവിലെ ഫയൽമാനേജറായ നോട്ടിലസ്  റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus എന്നു ടെർമിനലിൽ കൊടുത്താൽ മതിയാകും. നോട്ടിലസിൽ ഒരു പ്രത്യേക ഫോൾഡർ റൂട്ട് ആക്സസോടെ തുറക്കാൻ sudo nautilus /usr/share/fonts/ എന്ന രീതിയിൽ കൊടുത്താൽ മതിയാകും. ഫയലുകൾ തുറക്കാനും ഇതേ മാർഗ്ഗം തന്നെ ഉപയോഗിക്കാം, ജി‌എഡിറ്റാണ് താങ്കളുടെ പ്രിയപ്പെട്ട എഡിറ്ററെങ്കിൽ sudo gedit എന്ന് ടെർമിനലിൽ നൽകിയാൽ തുറന്നു വരിക റൂട്ടിന്റെ ശക്തിയോട് കൂടിയ എവിടെയും സേവ് ചെയ്യാനും, എവിടെ കിടക്കുന്ന ഫയലുകൾ വേണമെങ്കിലും തുറക്കാനും ശേഷിയുള്ള ജിഎഡിറ്റായിരിക്കും. നോട്ടിലസിനു നൽകിയതു പോലെ ഒരു പ്രത്യേക ഫയലിന്റെ അഡ്രസ് പറഞ്ഞും ജിഎഡിറ്റ് തുറക്കാവുന്നതാണ്.

ഇത്രയും കൂടെ ചെയ്യാൻ എന്നെപ്പോലെ മടിയായവർക്ക് നോട്ടിലസിനുള്ള സ്ക്രിപ്റ്റുകൾ എടുത്ത് മാനുവലായി ക്രമീകരിച്ച് ഉപയോഗിക്കാം, അല്ലെങ്കിൽ ഉബുണ്ടു റ്റ്വീക്കിൽ പേഴ്സണൽ ടാബിൽ നിന്ന് സ്ക്രിപ്റ്റുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാം. തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകൾ നോട്ടിലസിൽ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ കിട്ടും. ഉബുണ്ടു റ്റ്വീക്, ഉബുണ്ടുവിന്റെ ഒഫീഷ്യൽ റെപ്പോസിറ്ററിയിൽ ലഭ്യമല്ല, അതുകൊണ്ട് ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ അവരുടെ സൈറ്റിൽ ചെന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം.

ഉബുണ്ടു മാനുവലിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് കണ്ണോടിക്കുന്നതും നല്ലതാണെന്നെന്റെ അഭിപ്രായം.

നല്ലുബുണ്ടുവും ഓണാശംസകളും നേരുന്നു.

3 അഭിപ്രായങ്ങൾ:

  1. പുതിയ ഉബുണ്ടുപതിപ്പ് ഇറങ്ങുമ്പോൾ പസ്തുത പതിപ്പ് സി.ഡിയിലാക്കിയതിനു ശേഷം സി.ഡി ഇട്ട് നിലവിൽ കമ്പ്യൂട്ടറിൽ ഉള്ള പതിപ്പിനെ അപ്ഡേറ്റ് ചെയ്യാൻ ചെയ്യാൻ പറ്റുമോ...(റീ ഇൻസ്റ്റാൾ‌ചെയ്യുന്നതിനു പകരം)


    (jayeshjprakash@yahoo.com)

    മറുപടിഇല്ലാതാക്കൂ
  2. സി.ഡി. ഇട്ടും ഇടാതേയും അപ്ഗ്രേഡ് ചെയ്യാൻ പറ്റും, പക്ഷെ അതിനായി വേറൊരു ഐ.എസ്.ഒ. ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുമാത്രം, നമ്മൾ സാധാരണ പുതുതായി ഇൻസ്റ്റാൾ ചെയ്യാനുപയോഗിക്കുന്ന ഫയലല്ല. ‘Alternate install CD‘ എന്ന പേരിൽ അത് ഉബുണ്ടുവിന്റെ സൈറ്റിൽ കാണാം.

    ഇന്റർനെറ്റ് കണക്ഷനുള്ള സിസ്റ്റം ആണെങ്കിൽ നേരിട്ട് അപ്ഗ്രേഡ് ചെയ്യാൻ കഴിയും.

    മറുപടിഇല്ലാതാക്കൂ
  3. "ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ്കൾക്കനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് സിസ്റ്റം വൈഡ് ക്ലിപ്ബോർഡിന്റെ രാഹിത്യം. "

    ഈ പ്രശ്നം ഇപ്പോഴില്ലെന്നു തോന്നുന്നു അല്ലേ?

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.