2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ചില സ്ക്രിപ്റ്റുകൾ

ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കണ്ടിട്ടുള്ളതായിരിക്കാം. പക്ഷേ ഒരാവശ്യം വരുമ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇവിടെ കിടക്കട്ടെ, എനിക്കോർക്കാനും ആവശ്യമുള്ളവരുണ്ടെങ്കിൽ അവർക്കുപയോഗിക്കാനും എളുപ്പമാകുമല്ലോ.

fdupes
ഉബുണ്ടു ഗീക്കിൽ ഡ്യൂപ്ഗുരു-മ്യൂസിക് എഡിഷൻ എന്ന ഒരു ഫയലിന്റെ ഡൂപ്ലിക്കേറ്റ് ഉണ്ടെങ്കിൽ അത് കണ്ടെത്തി പറയുകയും ഡിലീറ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന സ്ക്രിപ്റ്റിനെ കുറിച്ച് കണ്ടപ്പോഴാണ് എത്രയോ കാലമായി ഞാനുപയോഗിക്കുന്ന fdupes എന്ന സ്ക്രിപ്റ്റിനെ കുറിച്ചോർത്തത്. ആദ്യം fdupes ഉബുണ്ടു റെപ്പൊസിറ്ററിയിൽ ലഭ്യമല്ലായിരുന്നു. അതുകൊണ്ട് fdupes-ന്റെ സൈറ്റിൽ നിന്ന് കോഡ് ഡൗൺലോഡ് ചെയ്ത് കമ്പൈൽ ചെയ്തെടുക്കുകയായിരുന്നു. സമീപകാലത്തായി കമാൻഡ് ലൈൻ ഉപയോഗിക്കുന്നത് തീരെ കുറവായതിനാലും fdupes വളരെ പഴയ സ്ക്രിപ്റ്റാണെന്ന് ഒരു തോന്നലുണ്ടായതുകൊണ്ടും ഡ്യൂപ്ഗുരു ഒന്നുപയോഗിച്ചു നോക്കാൻ തീരുമാനിച്ചു, ഇതിനായി ഒരു റെപ്പോസിറ്ററി ലോഞ്ച് പാഡിൽ ഉണ്ടെങ്കിൽ കൂടി,  അതിനൊന്നും മെനക്കെടാതെ .deb ഫയൽ ഡൗൺലോഡ് ചെയ്ത് ജിഡെബി വെച്ച് ഇൻസ്റ്റോൾ ചെയ്തു, സത്യം പറയണമല്ലോ 2007 തൊട്ട് ഇടയ്ക്കൊക്കെ ഉപയോഗിക്കുന്ന fdupes-നെ അപേക്ഷിച്ച് ഇന്റർഫേസ് ഉണ്ടെന്നല്ലാതെ ഒരു ഗുണവും കണ്ടില്ല. സേർച്ചിങിൽ ആകട്ടെ തെറ്റായ ഫലങ്ങളും കേറി വരുന്നു. fdupes മനസ്സിലാക്കാൻ പറ്റുന്ന ചില സന്ദർഭങ്ങളിൽ ഡൂപ്ലിക്കേറ്റ് ഫയലിനെ പിടിക്കില്ല എന്നതൊഴിച്ചാൽ ഒരിക്കലും തെറ്റായ ഫലം കാണിച്ചിട്ടില്ല.

sudo apt-get install fdupes

എന്നു കമാൻഡ് ലൈനിൽ കൊടുത്താൽ fdupes ഇൻസ്റ്റോൾ ചെയ്യാം. fdupes ഉബുണ്ടു റെപ്പോസിറ്ററിയിൽ ഇല്ലായിരുന്നപ്പോൾ തന്നെ കോഡ് കമ്പൈൽ ചെയ്താണ് ഇൻസ്റ്റോൾ ചെയ്തത്. ഉൾപ്പെടുത്തിയതറിയാതെ അതേ മട്ടിൽ തന്നെയാണ് ഇപ്പോഴത്തെ ലൂസിഡിലും ഇൻസ്റ്റോൾ ചെയ്തത്.  (ഇപ്പോൾ ചുമ്മാ ആപ്റ്റ്-ഗെറ്റ് ഇൻസ്റ്റോൾ കൊടുത്തപ്പോൾ പിന്നെയും ഇൻസ്റ്റോൾ ആകുന്നു!)

fdupes [options] DIRECTORY എന്നുകൊടുത്താൽ fdupes നൽകുന്ന ഡയറക്ടറിയിൽ പ്രവർത്തിച്ചു തുടങ്ങും.

കൊടുക്കുന്ന ഡയറക്ടറിയിലെ ഉപഡയറക്ടറിയിലെല്ലാം തിരയാൻ ഉപയോഗിക്കുന്ന -r എന്നൊരു ഓപ്ഷൻ മാത്രമേ ഞാനുപയോഗിക്കാറുള്ളു. പാട്ടെല്ലാം ഒരു ഡയറക്ടറിയിൽ പരന്നങ്ങനെ കിടക്കുകയാണ് എന്നതാണു കാര്യം. ഒരിക്കലോ മറ്റോ മറ്റൊരു ഡയറക്ടറിയിലെ ഫയലുകളുമായി ഒത്തുനോക്കാൻ എന്തോ വിദ്യ പ്രയോഗിച്ചായിരുന്നു. ഇപ്പോൾ ഓർക്കുന്നില്ല.

Readme-യിൽ
-r --recurse
-s --symlinks
-H --hardlinks
-n --noempty
എന്നൊക്കെ കുറെ ഐച്ഛികങ്ങൾ കാണാം.

convert audio files സ്ക്രിപ്റ്റ്
ഇതുപോലെ തന്നെ അദ്ധ്വാനിക്കാതെ ഓഡിയോ ഫയലുകളുടെ ഫോർമാറ്റ് മാറ്റാൻ സഹായിക്കുന്ന ഒരു സ്ക്രിപ്റ്റാണ് nautilus-script-audio-convert. ഉബുണ്ടുവിന്റെ സ്വന്തം ഫയൽമാനേജറായ നോട്ടിലസിലാണിത് പ്രവർത്തിക്കുന്നത്. എം.പി.3-യേക്കാളും വളരെ വലിപ്പക്കുറവാണ് എം.പി.4 ഫോർമാറ്റിനെന്നറിയാമല്ലോ. വലിയ പശ്ചാത്തല പരിപാടി ഒന്നുമില്ലാത്ത കവിതകളെ എം.പി.4 ആക്കുന്നത് കേൾവിയിൽ യാതൊരു നഷ്ടവും വരുത്തുന്നതായി ഇതുവരെ തോന്നിയിട്ടുമില്ല. അതുകൊണ്ട് അത്തരത്തിലുള്ള കവിതകൾ കിട്ടിയാൽ അപ്പോഴേ ഈ സ്ക്രിപ്റ്റ് ഉപയോഗിച്ച് എം.പി.4 ആക്കുകയാണ് പതിവ്.

/home/username/.gnome2/nautilus-scripts എന്ന ഫോൾഡറിലേയ്ക്ക് ഈ സ്ക്രിപ്റ്റ് ഇട്ടാണ് സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കേണ്ടത്. എന്നാൽ സ്ക്രിപ്റ്റ് പ്രവർത്തിക്കേണ്ടതിനുള്ള എന്തെങ്കിലും അനുബന്ധ സംഗതികൾ സജ്ജമല്ലെങ്കിൽ പ്രവർത്തിക്കില്ല. പഴയ ഇൻസ്റ്റലേഷനിൽ ഞാൻ ഇങ്ങനെയായിരുന്നു ഇൻസ്റ്റോൾ ചെയ്തത്. ഒരു വളഞ്ഞ വളഞ്ഞ വളഞ്ഞ വഴിയാണിത്.  മഹാസംഭവമായ എനിക്ക് എല്ലാം മാന്വലായി ചെയ്തുനോക്കണം എന്നാണല്ലോ നമ്മുടെ  ആദ്യ ചിന്ത  :), അതുകൊണ്ടായിരിക്കണം ഞാനന്ന് അങ്ങനെ ചെയ്തത്. ലൂസിഡ് ഇൻസ്റ്റോൾ ചെയ്തപ്പോൾ ഇത്ര ബുദ്ധിമുട്ടുള്ള ഒന്നും ഞാൻ ചെയ്തില്ല, മറിച്ച് സ്ക്രിപ്റ്റ് നമ്മുടെ സാധാരണ സുഡോ ആപ്റ്റ്-ഗെറ്റ് വെച്ച് തന്നെയാണ് ഇൻസ്റ്റോൾ ചെയ്തത്. ഡിപ്പെൻഡെൻസികളെന്തെങ്കിലും ലഭ്യമല്ലെങ്കിൽ അത് സ്വയം ശരിയാക്കിക്കോളും.

ഇൻസ്റ്റോൾ ചെയ്യാൻ കമാൻഡ് ലൈനിൽ


sudo apt-get install nautilus-script-audio-convert

എന്നു കൊടുത്താൽ മതി. ഒരിക്കൽ ഇൻസ്റ്റോൾ ചെയ്താൽ പിന്നെ ഏതെങ്കിലും ഒരു ഓഡിയോ ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കാം.

mp4 ആയി ഫയൽ കൺവേർട്ട് ചെയ്യാൻ aac ഫോർമാറ്റ് തിരഞ്ഞെടുത്താൽ മതി.

പുതിയ വാർത്ത: 11.04 natty narwhal-ൽ ഇൻസ്റ്റോൾ ചെയ്താലും സ്ക്രിപ്റ്റ് പ്രത്യക്ഷപ്പെടണമെന്നില്ല. ടെർമിനലിൽ
cp /usr/share/
nautilus-scripts/ConvertAudioFile $HOME/.gnome2/nautilus-scripts/
എന്നു നൽകിയോ മാനുവലായി സ്ക്രിപ്റ്റ് മാറ്റിയിട്ടോ പ്രത്യക്ഷപ്പെടുത്താവുന്നതാണ്.
nautilus columns

മ്യൂസിക് ഫയലുകളിലെ മെറ്റാറ്റാഗുകൾ നോട്ടിലസിൽ തന്നെ കാണണമെങ്കിൽ ഉപയോഗിക്കേണ്ട സ്ക്രിപ്റ്റാണിത്. ഉപകാരപ്രദം തന്നെ. പാട്ട് കേൾക്കുമ്പോൾ എത്ര അറിയാമെന്നാണെങ്കിലും പാട്ടുകാരേയും ആൽബവും കണ്ടില്ലേൽ എനിക്കെന്തോ ഒരു വിഷമമാണ്. അതുകൊണ്ട് ഒരു പുതിയ പാട്ട് കിട്ടിയാൽ ടാഗ് ഇല്ലെങ്കിൽ kid3qt ഉപയോഗിച്ച് ടാഗ് ചേർക്കുകയാണ് ആദ്യം ചെയ്യുക. ചേർത്ത ടാഗുകൾ നോട്ടിലസിൽ തന്നെ കാണാൻ മുമ്പിത്ര എളുപ്പമായിരുന്നില്ല.

sudo add-apt-repository ppa:nilarimogard/webupd8
sudo apt-get update
sudo apt-get install nautilus-columns
എന്നൊക്കെ കമാൻഡ് ലൈനിൽ കൊടുത്ത് നോട്ടിലസ് കോളംസ് ഇൻസ്റ്റോൾ ചെയ്യാം. എന്നാലും പുതിയ റെപ്പോസിറ്ററി ഒക്കെ ആഡ് ചെയ്യേണ്ടതു കാരണം ഞാനങ്ങനെ ചെയ്തിരുന്നില്ല. അവിടെ ലഭ്യമായിരുന്ന ലൂസിഡിനുള്ള .deb പാക്കേജ്  ഡൗൺലോഡ് ചെയ്ത് , ഡബിൾ ക്ലിക്ക് ചെയ്ത് ജിഡെബി ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുകയാണ് ചെയ്തത് (മാവ്‌റിക്കിനുള്ള പാക്കേജ്).


ജിഡെബിയും ഡിപ്പെൻഡെൻസി എല്ലാം സ്വയം ശരിയാക്കിക്കോളും.

ഒരു സംഗീത ഫോൾഡർ
ഇത് സംഗീതവുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റുകളായി പോയോ? എഴുതി വന്നപ്പോൾ സ്ക്രിപ്റ്റെല്ലാം മറന്നു പോയി. പോസ്റ്റ് വലുതുമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.