2010, ഡിസംബർ 25, ശനിയാഴ്‌ച

എവിടേയും ഓപ്പൺ ടെർമിനൽ

ഒരു ചെറിയ പോസ്റ്റ്. ഗ്നൂലിനക്സിന്റെ മിക്ക ഉപയോക്താക്കൾക്കും അറിയുന്ന ഒരു കാര്യം തുടക്കാർക്ക് സഹാകരമാകും എന്ന് കരുതി പോസ്റ്റുന്നു.

നമുക്കറിയാം, ഗുനൂ ലിനക്സിൽ കമാൻഡ് ലൈൻ എന്നത് അതിന്റെ ജീവാത്മാവും പരമാത്മാവുമാണ്. ഗ്നൂ ലിനക്സിലെ മിക്കവാറും കാര്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ കമാൻഡുകൾ ഉപയോഗികാം. ടെർമിനൽ എന്ന ഐക്കൻ വഴി ഉബുണ്ടുവിൽ (മിക്കവാറും ഗ്നൂ ലിനക്സ് വിതരണങ്ങളിലും) കമാൻഡ് ലൈൻ തുറക്കാൻ സാധിക്കും. എന്നാൽ സ്വതേ ലഭ്യമാക്കിയിരിക്കുന്ന ഐക്കൺ ക്ലിക്ക് ചെയ്താൽ എപ്പോഴും നമ്മുടെ ഹോം ഡയറക്ടറിയിലായിരിക്കും അതിന്റെ തുടക്കം. എന്നാൽ പലപ്പോഴും കാര്യങ്ങൾ മറ്റ് ഡയറക്ടറികൾക്കുള്ളിൽ കിടക്കുന്ന ഫയലുകളിലും മറ്റുമായിരിക്കും നമ്മൾക്ക് ചെയ്ത് തീർക്കേണ്ടതായിട്ടുണ്ടാകുക. cd എന്ന കമാന്റ് വഴി ആവശ്യമുള്ളയിടങ്ങളിലേക്ക് നീങ്ങിയും കമാന്റുകളിൽ നേരിട്ട് സ്ഥാനം സൂചിപ്പിച്ചുമാണ് നമ്മൾ കാര്യം സാധിക്കുക. എന്നാൽ ജി.യു.ഐ. സമ്പർക്കമുഖത്തോട് ഇഷ്ടക്കൂടുതലുള്ളവർ കൂടുതൽ കമാൻഡുകൾ ടൈപ്പ് ചെയ്യുന്നതിനോട് വിരക്തിയുള്ളവരായിരിക്കും. നമ്മൾക്ക് ആവശ്യമുള്ള സ്ഥാനത്ത് കമാൻഡ് ലൈൻ തുറക്കാൻ പറ്റിയാൽ ടൈപ്പ് ചെയ്യുന്ന കമാന്റിന്റെ നീളം കുറക്കാമല്ലോ എന്ന് ചിന്തിക്കുന്നവർക്ക് സഹായകമായ സൗകര്യം നോട്ടിലസിലേക്ക് ചേർക്കാവുന്നതാണ്. അതുവഴി നോട്ടിലസിലെ (മൗസിന്റെ വലതുബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന) കോണ്ടക്സ് മെനുവിൽ Open in Terminal എന്ന കുറുക്കുവഴി ചേർക്കാവുന്നതാണ്. അതിനുശേഷം നോട്ടിലസിൽ ആവശ്യമുള്ള ഡയറക്ടറിയിലേക്ക് നീങ്ങി മെനു വഴി ടെർമിനൽ തുറന്നാൽ കമാന്റ് ലൈൻ ചെന്ന് നിൽക്കുക ആ ഡയറക്ടറിയിൽ തന്നെയായിരിക്കും. അതിനായി:

System->Administration->Synaptic Package Manager എടുക്കുക.

സെർച്ച് ബോക്സിൽ "nautilus-open” എന്ന് ടൈപ്പ് ചെയ്യുക.


nautilus-open-terminal എന്ന് കാണാം, അതിനു മുകളിൽ മൗസിന്റെ വലതുബട്ടൺ ക്ലിക്ക് ചെയ്താൽ വരുന്ന മെനുവിലെ 'Mark for Installation' ഞെക്കുക.

ഇടത്തെ ചെറുചതുരം ടിക്ക് ആയിട്ടുണ്ടാകും, ശേഷം മുകളിലെ 'Apply' ബട്ടണിൽ ഞെക്കുക. മാറ്റം വരുത്തണോയെന്ന് ചോദിച്ച് വരുന്ന വിൻഡോയിലെ 'Apply' ബട്ടൺ അമർത്തി നടപ്പിൽ വരുത്തുക.

ഇനി നോട്ടിലസിൽ തുറന്നിരിക്കുന്ന ഏത് ഡയറക്ടറിക്കു കീഴിലും എളുപ്പത്തിൽ വലത് ബട്ടൺ ക്ലിക്ക് ചെയ്യുക വഴി വരുന്ന മെനുവിലെ 'Open in Terminal' ക്ലിക്കുക വഴി കമാൻഡ് ലൈൻ തുറക്കാം.വാൽക്കഷണം

എവിടെയും ടെർമിനലുകൾ തുറക്കാനുള്ള നോട്ടിലസ് പ്ലഗിൻ ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ വഴിയും സജ്ജീകരിക്കാവുന്നതാണ്. Applications മെനുവിൽ നിന്ന് Ubuntu software center തിരഞ്ഞെടുക്കുക. അവിടെ nautilus open terminal എന്നോ മറ്റോ തിരഞ്ഞാൽ ഈ പ്ലഗിൻ കണ്ടെത്താൻ സാധിക്കും. താഴെക്കൊടുത്തിരിക്കുന്ന പടത്തിലെപ്പോലെ ഇൻസ്റ്റോൾ ബട്ടൻ ഞെക്കിയാൽ ഇത് ഇൻസ്റ്റോൾ ആകും.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ