2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ജിപാർട്ടെഡ്

ഒരു പരീക്ഷണം എന്ന നിലയിലാണ് എന്റെ കമ്പ്യൂട്ടറിൽ ആദ്യമായി ഉബുണ്ടു ഇൻസ്റ്റോൾ ചെയ്തത്. അതുകൊണ്ടുതന്നെ ഹാർഡ് ഡിസ്കിൽ താരതമ്യേന വളരെ കുറച്ച് സ്ഥലം മാത്രമേ (10 ഗിഗ്) അതിനനുവദിച്ചിരുന്നുള്ളൂ. ആറേഴുമാസമായിട്ടും ഒരു കുഴപ്പവുമില്ലാതെ മാന്യമായി ആ സ്ഥലത്ത് പണിയെടുക്കുന്നുണ്ടെങ്കിലും റൂട്ട് പാർട്ടീഷ്യന്റെ വലുപ്പം അൽപം വർദ്ധിപ്പിക്കാം എന്നുവിചാരിച്ചു.

ഉബുണ്ടുവിൽ ലഭ്യമായ നല്ലൊരു പാർട്ടീഷ്യൻ എഡിറ്ററാണ് ജിപാർട്ടെഡ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗ്നോം പാർട്ടീഷ്യൻ എഡിറ്റർ. നല്ലൊരു സചിത്രസമ്പർക്കമുഖത്തോടുകൂടിയുള്ള ഈ ഉപകരണം ഉബുണ്ടുവിനൊപ്പം സ്വതേ ഇൻസ്റ്റോൾ ആകാറില്ല.

സോഫ്റ്റ്‌വെയർ സെന്ററിൽ gparted എന്ന് തിരഞ്ഞാൽ ഇത് കണ്ടെത്തി ഇൻസ്റ്റോൾ ചെയ്യാനാകും. (ഉബണ്ടു സോഫ്റ്റ്‌വെയർ സെന്റർ, ആപ്ലിക്കേഷൻസ് മെനുവിൽ നിന്നും ലഭിക്കും). സോഫ്റ്റ്‌വെയർ സെന്ററിലെ More Info എന്ന ബട്ടണിൽ ഞെക്കി ഇതിനോടൊപ്പമുള്ള അധികസൗകര്യങ്ങളും (ആഡ്-ഓൺ) തരപ്പെടുത്താം.

കമാൻഡ്ലൈൻ ഉപയോഗിക്കാൻ താൽപര്യമുള്ളവർ, താഴെക്കാണുന്ന നിർദ്ദേശം ടെർമിനലിൽ നൽകുക.

sudo apt-get install gparted


ജിപാർട്ടെഡ് ഇൻസ്റ്റോൾ ചെയ്തുകഴിഞ്ഞാൽ സിസ്റ്റം->അഡ്മിനിസ്ട്രേഷൻ മെനുവിൽ ജിപാർട്ടെഡ് പാർട്ടീഷ്യൻ എഡിറ്റർ കാണാനാവും.

നിലവിലുള്ള ഹാർഡ്‌ഡിസ്ക് പാർട്ടീഷ്യനുകൾ‌ ജിപാർട്ടെഡ് തുറക്കുമ്പോൾ കാണാനാകും. ഒഴിഞ്ഞ ഭാഗത്ത് പുതിയ പാർട്ടീഷ്യനുകൾ‌ നിർമ്മിക്കാനും, മൗണ്ട് ചെയ്യാത്ത ഏതു പാർട്ടീഷ്യനും നീക്കം ചെയ്യാനും, വലുപ്പം ക്രമീകരിക്കാനും, സ്ഥാനം മാറ്റാനും ഇതിൽ സാധ്യമാണ്. (മൗണ്ട് ചെയ്യപ്പെട്ടിരിക്കുന്ന പാർട്ടീഷ്യനുകൾക്കൊപ്പം ഒരു താക്കോലിന്റെ ചിഹ്നം താഴെക്കാണുന്ന ചിത്രത്തിൽ ശ്രദ്ധിക്കുക.)


മാറ്റം വരുത്തേണ്ട പാർട്ടീഷ്യനുകളെ അണ്മൗണ്ട് ചെയ്ത് (സ്വാപ്പ് പാർട്ടീഷ്യനാണെങ്കിൽ സ്വാപ്പ്ഓഫ് ചെയ്യുക) ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.മാറ്റങ്ങൾ വരുത്തിയതിനു ശേഷം ടൂൾബാറിലെ ടിക്ക് ബട്ടൻ ഞെക്കി ഈ മാറ്റങ്ങൾ‌ നടപ്പിൽ വരുത്താവുന്നതാണ്.

ഉബുണ്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ റൂട്ട് പാർട്ടീഷ്യൻ ( / ) അണ്മൗണ്ട് ചെയ്യാനാവില്ല. ഉബുണ്ടുവിന്റെ ലൈവ് സി.ഡി. ഉപയോഗിച്ച് ബൂട്ട് ചെയ്ത്, അതിൽ നിന്നും ജിപാർട്ടെഡ് പ്രവർത്തിപ്പിച്ച് റൂട്ട് പാർട്ടീഷ്യനിൽ മാറ്റം വരുത്താനാകും. ലൈവ് സി.ഡി. ഉപയോഗിച്ച് ബൂട്ട് ചെയ്യുമ്പോൾ ജിപാർട്ടെഡ് സ്വതേ ലഭ്യമായിരിക്കും.

1 അഭിപ്രായം: