2012, മേയ് 13, ഞായറാഴ്‌ച

ഇൻസ്റ്റലേഷൻ സമയത്തെ മാന്വൽ പാർട്ടീഷ്യനിങ്.


(മുന്നറിയിപ്പ്: ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത്, ചിലപ്പോൾ, നിങ്ങളുടെ കമ്പ്യുട്ടറിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാൻ കാരണമായേക്കാം. ഇവ ചെയ്യുന്നതിനു മുൻപ് വിലപ്പെട്ട വിവരങ്ങൾ ബാക്കപ്പ് ചെയ്യുക.)


ഒരു പ്രശ്നപരിഹാര പോസ്റ്റാണിത്. അതിലൂടെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യുമ്പോൾ മാന്വൽ ആയി എങ്ങനെ ഡിസ്ക് വിഭജനം (പാർട്ടീഷ്യൻ) നടത്താമെന്ന് നോക്കാം.


സുഹൃത്തിന്റെ വിൻഡോസ് 7 ഓടിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറിൽ ഡ്യുവൽ ബൂട്ടായി ഉബുണ്ടു ഇടാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം. സാധാരണ ഉബുണ്ടുവിന്റെ ലൈവ് സിഡി/പെൻഡ്രൈവിൽ നിന്ന് ബൂട്ട് ചെയ്ത് ഇൻസ്റ്റോൾ ചെയ്യാൻ നിർദ്ദേശം കൊടുത്താൽ, കമ്പ്യൂട്ടറിൽ വിൻഡോസ് ഉണ്ടെങ്കിൽ അതിനൊപ്പം ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാനുള്ള സൗകര്യം ലഭിക്കാറുണ്ട്. എന്നാൽ ഇത് അവിടെകിട്ടുന്നുണ്ടായില്ല. ഡിസ്ക് മൊത്തത്തിൽ എറേസ് ചെയ്ത് ചെയ്യാനുള്ള ഓപ്ഷനും സംതിങ് എൽസ് എന്ന മാന്വൽ പാർട്ടീഷ്യൻ ഓപ്ഷനും മാത്രമാണ് ഉണ്ടായിരുന്നത്.


നിങ്ങൾക്ക് മാന്വലായി പാർട്ടീഷ്യൻ ചെയ്യണമെങ്കിൽ ഇൻസ്റ്റലേഷൻ തൽക്കാലം നിർത്തുക. എന്നിട്ട് ലൈവ് സിഡിയിൽ നിന്നുകൊണ്ടുതന്നെ gparted പ്രവർത്തിപ്പിക്കുക. (സൂപ്പർകീ ഞെക്കുമ്പോൾ വരുന്ന ഡാഷിൽ gp എന്നോ മറ്റോ അടിച്ചാൽ gparted കണ്ടെത്താം - ചിത്രം കാണുക)



gparted-നെക്കുറിച്ചുള്ള പഴയ പോസ്റ്റ് ഇവിടെക്കാണുക. ഇത് വായിച്ച് അടിസ്ഥാനവിവരങ്ങൾ മനസ്സിലാക്കുക.

സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ gparted ഉപയോഗിച്ച് നിലവിലുള്ള പാർട്ടീഷ്യനുകൾ നോക്കിയപ്പോൾ 700 GB ശേഷിയുള്ള അതിൽ നാല് ntfs പ്രൈമറി പാർട്ടീഷ്യനുകളും അവയ്ക്കിടയിൽ കുറേയേറെ (350 GB-യോളം) ഉപയോഗശൂന്യമായ ഒഴിഞ്ഞ സ്ഥലവും ഉണ്ടായിരുന്നു. 

ഒരു ഹാർഡ് ഡിസ്കിൽ പരമാവധി നാല് പ്രൈമറി പാർട്ടീഷ്യനുകളേ നിർമ്മിക്കാനാവൂ. അതുകൊണ്ട് ഇവിടത്തെ ഒഴിഞ്ഞയിടങ്ങളിൽ പൂതിയ പാർട്ടീഷ്യൻ നിർമ്മിക്കാനുമാകില്ല. നാലിലധികം പാർട്ടീഷ്യൻ വേണമെന്നുണ്ടെങ്കിൽ എക്സ്റ്റെന്റെഡ് പാർട്ടീഷ്യൻ നിർമ്മിക്കുക. എന്നിട്ടതിൽ അനേകം ലോജിക്കൽ ഡ്രൈവുകൾ നിർമ്മിക്കാവുന്നതാണ്. എന്നാലും മൊത്തം പ്രൈമറി + എക്സ്റ്റെന്റെഡ് പാർട്ടീഷ്യനുകളുടെ എണ്ണം നാലിലധികം പറ്റില്ല.

സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ ഞാൻ ചെയ്തത്, അവസാനമുണ്ടായിരുന്ന ചെറിയ രണ്ട് പ്രൈമറി പാർട്ടീഷ്യനുകളിലുണ്ടായിരുന്ന ആവശ്വമുള്ള വിവരങ്ങളെ മുൻപിലുള്ള ഒരു പ്രൈമറി എൻ.ടി.എഫ്.എസ്.  പാർട്ടീഷ്യനിലേക്ക് മാറ്റി. പിന്നീട് gparted ഉപയോഗിച്ച് അവസാനത്തെ ചെറിയ പാർട്ടീഷ്യനുകളെ നീക്കംചെയ്യുകയും, അപ്പോൾ കിട്ടിയ മൊത്തം ഒഴിഞ്ഞസ്ഥലത്തെ ഒറ്റ എക്സ്റ്റെൻഡെഡ് പാർട്ടീഷ്യനാക്കി മാറ്റി. ഇതിലൂടെ ഉപയോഗശൂന്യമായി കിടന്നിരുന്ന മൊത്തം സ്ഥലവും ഉപയോഗയോഗ്യമാകുകയും ചെയ്തു.

തുടർന്ന് ലൈവ് സി.ഡിയിലെ ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാനുള്ള ബട്ടൻ ഉപയോഗിച്ച് വീണ്ടും ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാനാരംഭിച്ചപ്പോൾ വിൻഡോസിനൊപ്പം ഉബുണ്ടു ഇടുക എന്ന സൗകര്യം സക്ഷമമായി. ഉബുണ്ടു ഇടുമ്പോൾ ഞാൻ മാന്വൽ പാർട്ടീഷ്യനിങ്ങാണ് ഉപയോഗിക്കാറുള്ളത് എന്നതുകൊണ്ട്, ഞാൻ ആ സൗകര്യം തിരഞ്ഞെടുക്കാതെ സംതിങ് എൽസ് തന്നെ തിരഞ്ഞെടുത്തു. 

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഒരു പാർട്ടീഷ്യൻ അത്യാവശ്യമാണ്. അത് പ്രൈമറിയോ ലോജിക്കൽ ഡിസ്കോ ആകാം. ഇത് ലിനക്സിന്റെ Ext4, Ext3 പോലുള്ള ഫോർമാറ്റിലായിരിക്കണം. സിസ്റ്റത്തിന്റെ റൂട്ട് ഫയൽസിസ്റ്റം അതായത് / ഇതിൽ ഇൻസ്റ്റോൾ ചെയ്യപ്പെടണം എന്നതിൽ അടയാളപ്പെടുത്തണം. മാന്വൽ പാർട്ടീഷ്യൻ നടത്താനുള്ള വിൻഡോയിൽ (ഏറ്റവും താഴെയുള്ള ചിത്രം നോക്കുക) Add.. ബട്ടണിൽ ഞെക്കി കുറഞ്ഞത് പത്ത് ജി.ബി.യെങ്കിലും ശേഷിയുള്ള ഒരു Ext4 പാർട്ടിഷ്യൻ നിർമ്മിച്ച് അതിൽ mount point ആയി / അടയാളപ്പെടുത്തുക.


 വെർച്വൽ മെമ്മറിക്കായി (swap area) ഒരു പാർട്ടീഷ്യനും അഭികാമ്യമാണ്. നിങ്ങളുടെ കമ്പ്യുട്ടറിലെ RAM ന്റേ ശേഷിക്ക് തുല്യമായ ഒരു സ്വാപ്പ് പാർട്ടീഷ്യനും നിർമ്മിക്കുക. ഇങ്ങനെ പാർട്ടിഷ്യൻ ചെയ്തിരിക്കുന്ന ഉദാഹരണചിത്രം താഴെക്കാണിക്കുന്നു.


ഇനി ഇൻസ്റ്റലേഷൻ സാധാരണരീതിയിൽത്തന്നെ മൂന്നേറുക.

6 അഭിപ്രായങ്ങൾ:

  1. പിന്നറിയിപ്പ്: ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത്, ചിലപ്പോൾ, നിങ്ങളുടെ കമ്പ്യുട്ടറിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാൻ കാരണമായേക്കാം. ഇവ ചെയ്യുന്നതിനു മുൻപ് വിലപ്പെട്ട വിവരങ്ങൾ ബാക്കപ്പ് ചെയ്യുക. :)

    മറുപടിഇല്ലാതാക്കൂ
  2. ഉബുണ്ടു 12.04 ഇൻസ്റ്റാൾ ചെയ്തു.....യൂണിറ്റി ഇന്റർഫേസ് മാത്രമേ എനിക്ക് ലഭിക്കുന്നുള്ളൂ....ലോഗിൻ ചെയ്യുമ്പോൾ ഉബുണ്ടു 2D എന്നു തിരഞ്ഞെടുത്താണ് കയറുന്നത് ...എന്നാലും യൂണിറ്റി മാത്രമേ ലഭിക്കുന്നുള്ളൂ..... ഒരു മറുപടി പ്രതീക്ഷിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. ജയേഷിന് ഗ്നോമാണോ വേണ്ടത്? ടെർമിനൽ തുറന്ന് താഴെക്കാണുന്ന കമാൻഡ് കൊടുക്കുക.

    sudo apt-get install gnome-shell

    കൂടുതൽ വിവരങ്ങൾ http://www.techlw.com/2012/02/install-gnome-shell-on-ubuntu-1204.html

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതായത് സുനിലേട്ടാ ...നമ്മുടെ പരമ്പരാഗത ഡെസ്ക്ടോപ്പ്

      ഇല്ലാതാക്കൂ
    2. അപ്പൊ അതുതന്നെ മുകളിൽ പറഞ്ഞപോലെ ചെയ്താൽ മതി.

      ഇല്ലാതാക്കൂ
  4. മുകളിൽ പറഞ്ഞ പ്രകാരം ശ്രമിച്ചു....നടന്നില്ല....തുടർന്ന് സിനാപ്റ്റിക് പാക്കേജ് മാനേജർ ഇൻസ്റ്റാളി....അതുപയോഗിച്ച് ഗ്നോം ഇൻസ്റ്റാൾ ചെയ്തു....ഗ്നോം വിത്തൗട്ട് സ്പെഷ്യൽ എഫക്ട്സ് ഉപയോഗിച്ചപ്പോൾ പരമ്പരാഗത ഡെസ്ക് ടോപ്പ് ലഭിച്ചു....ഇതിൽ ആപ്ലിക്കേഷൻ പാനൽ മുകളിൽ ആണ്...അത് താഴേക്കാക്കാൻ പറ്റുമോ?.......ഒരു സംശയും കൂടി...ബൂട്ട് ചെയ്ത് വരുമ്പോൾ OS തിരഞ്ഞെടുക്കാൻ സാധിക്കുന്ന സ്ക്രീൻ റസലൂഷൻ മാറ്റാൻ വല്ല വഴിയുമുണ്ടോ?.....അത് തീരെ ചെറിയ അക്ഷരത്തിലാണ് ദൃശ്യമാകുന്നത്....?

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.