2010, ഡിസംബർ 31, വെള്ളിയാഴ്‌ച

ഫോണ്ട് സജ്ജീകരണം

ഉബുണ്ടുവിൽ സ്വതേമലയാളം ലഭ്യമാകുമെങ്കിലും ഏറ്റവും പുതിയ യൂനികോഡ് പിന്തുണക്കുന്ന മലയാളം ഫോണ്ടുകൾ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം നൽകാത്തതിനാൽ ചില്ലുകൾ (ഈ പോസ്റ്റിൽ ഉള്ള ചില്ലുകളടക്കം), മലയാളം പൂജ്യം, യൂനികോഡിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് അക്ഷരങ്ങൾ തുടങ്ങിയവ ശരിയായി കാണാൻ സാധിക്കുകയില്ല.

വിക്കിപീഡിയ സ്ക്രീൻഷോട്ട് ശ്രദ്ധിക്കുക.


ബ്രൗസറുകളിൽ ഘടിപ്പിക്കാവുന്ന പ്ലഗിനുകൾ ഉപയോഗിച്ച് ഇതിന് താൽക്കാലികപ്രതിവിധികൾ ഉണ്ടെങ്കിലും പുതിയ യൂനികോഡ് പിന്തുണക്കുന്ന ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുകയെന്നതാണ് ശരിയായ പ്രതിവിധി. അതുവഴി ബ്രൗസറിനു പുറമേ ഏത് ആപ്ലിക്കേഷനിലും അവ ശരിയായി കാണാൻ സാധിക്കും

പൊതുവേ മീരയാണ് ഉബുണ്ടുവിൽ മലയാളത്തിനുപയോഗിക്കുന്ന ഫോണ്ട്. ഫയർഫോക്സ് പോലുള്ള ബ്രൗസറുകളിൽ നിങ്ങൾ മലയാളത്തിനുപയോഗിക്കുന്ന ഫോണ്ട് ഏതാണെന്ന് തീർച്ചപ്പെടുത്തിയതിനു ശേഷം ആ ഫോണ്ടുകളുടെ പുതിയ യൂനികോഡ് പിന്തുണക്കുന്ന പതിപ്പുകൾ ഡൗൺലോഡ് ചെയ്ത് താഴെപ്പറയുന്ന രീതിയിൽ ഇൻസ്റ്റോൾ ചെയ്യുക.

രചനയാണ് ഫയർഫോക്സിൽ മലയാളം വായിക്കുന്നതിനുള്ള എന്റെ ഫോണ്ട്


ഉബുണ്ടുവിൽ ഫോണ്ട് സജ്ജീകരിക്കുക എന്നത് വളരെ എളുപ്പമുള്ള പണിയാണ്. താഴെക്കാണിച്ചിരിക്കുന്ന കണ്ണിയിൽ നിന്ന് പുതിയ യൂനികോഡ് പിന്തുണക്കുന്ന രചന ഫോണ്ട് ഡൗൺലോഡ് ചെയ്യുക.

https://github.com/downloads/junaidpv/Malayalam-Fonts/Rachana.ttf


പുതിയ യൂനികോഡ് പിന്തുണക്കുന്ന കുറച്ച് ഫോണ്ടുകൾ ജുനൈദ് താഴെക്കാണിച്ചിരിക്കുന്ന കണ്ണിയിൽ നിരത്തിയിട്ടുണ്ട്.

https://github.com/junaidpv/Malayalam-Fonts/zipball/master

ഈ ലിങ്കിൽ നിന്ന് എല്ലാ ഫോണ്ടുകളും സിപ്പ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്ത ടി.ടി.എഫ്. ഫയലിൽ ഇരട്ടക്ലിക്ക് ചെയ്താൽ താഴെക്കാണുന്ന പടത്തിലെപ്പോലെ ഫോണ്ട്‌വ്യൂവർ എന്ന ആപ്ലിക്കേഷനിൽ അത് തുറന്നുവരും. ആ വിൻഡോയിൽ താഴെ വലത്തെ അറ്റത്തുകാണുന്ന ഇൻസ്റ്റോൾ എന്ന ബട്ടണിൽ ഞെക്കിയാൽ ഫോണ്ട് സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു.


ബ്രൗസർ റീസ്റ്റാർട്ട് ചെയ്തു നോക്കിയാൽ പുതിയ ചില്ലുകളും മറ്റും ഇപ്പോൾ കാണാൻ സാധിക്കും

(ഫോണ്ട് വ്യൂവർ പ്രവർത്തിക്കുന്നില്ലെങ്കിൽ, ഫോണ്ട് കോപ്പി ചെയ്ത് താഴെ വിവരിച്ചിട്ടുള്ള ../.fonts ലേക്ക് പേസ്റ്റ് ചെയ്യുക)

അൽപ്പം ആഴത്തിൽ

ഉബുണ്ടുവിൽ രണ്ടിടത്തായാണ് ഫോണ്ടുകൾ ഇരിക്കുന്നത്. ഒന്ന് കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോക്താക്കൾക്കായുള്ളതും മറ്റൊന്ന് ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ളതും.

/usr/share/fonts എന്ന ഡയറക്റ്ററിയിൽ (ഫോൾഡറിൽ) ഉപഡയറക്റ്ററികളിലായി എല്ലാ ഉപയോക്താക്കൾക്കുമായുള്ള ഫോണ്ടുകൾ കാണാം.

മലയാളമടക്കമുള്ള ഇൻഡിക് ട്രൂടൈപ്പ് ഫോണ്ടുകൾ /usr/share/fonts/trutype/ttf-indic-fonts-core എന്ന ഡയറക്റ്ററിയിൽ കാണാം


ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ള ഫോണ്ടുകൾ അവരവരുടെ ഹോം ഡയറക്റ്ററിക്കകത്തെ .fonts എന്ന മറഞ്ഞ (hidden) ഡയറക്റ്ററിയിലായിരിക്കും ഉണ്ടാകുക. (എന്റെ യൂസർനെയിം vssun എന്നായതിനാൽ /home/vssun/.fonts ആണ് ആ ഡയറക്റ്ററി - fonts എന്നതിനു മുൻപുള്ള . പ്രത്യേകം ശ്രദ്ധിക്കുക).

നോട്ടിലസ് ഉപയോഗിച്ച് ഹോം ഡയറക്റ്ററി നോക്കിയാൽ .fonts സ്വതേ കാണാൻ കാണാൻ പറ്റില്ല. അത് കാണുന്നതിന് View മെനുവിൽ നിന്ന് Show hidden files എന്ന നിർദ്ദേശം തിരഞ്ഞെടുക്കുകയോ Ctrl+H എന്ന കുറുക്കുവഴി ഉപയോഗിക്കുകയോ ചെയ്യുക.


ഫോണ്ട് വ്യൂവർ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകളെല്ലാം അത് ചെയ്ത ഉപയോക്താവിനു മാത്രമേ ലഭ്യമാകുകയുള്ളൂ. ആ ഫോണ്ടുകൾ .fonts എന്ന ഫോൾഡറിൽ കാണാം.




ഒരേ ഫോണ്ട് തന്നെ /user/share/fonts എന്ന ഡയറക്റ്ററിയിലും, /home/user name/.fonts എന്ന ഡയറക്റ്ററിയിലുമുണ്ടെങ്കിൽ .fonts എന്ന ഡയറക്റ്ററിയിലെ ഫോണ്ട് ആയിരിക്കും പ്രവർത്തിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോണ്ട് എല്ലാ ഉപയോക്താക്കൾക്കുമായി സജ്ജീകരിക്കണമെങ്കിൽ അതിനെ /user/share/fonts എന്ന ഡയറക്റ്ററിയിലെ ഉപഡയറക്റ്ററികളിൽ സ്ഥാപിക്കണമെന്നും മനസിലാക്കുക.

നല്ലുബുണ്ടു നേരുന്നു

19 അഭിപ്രായങ്ങൾ:

  1. ഷിജുവിന്റെയും ഓലപ്പടക്കത്തിന്റേയും പ്രേരണപ്രകാരം

    മറുപടിഇല്ലാതാക്കൂ
  2. /usr/share/fonts/trutype/ttf-indic-fonts-core
    /home/user name/.fonts എന്നീ രണ്ട് ഫോള്‍ഡറുകളിലും മലയാളം ഫോണ്ടുകള്‍ ഇല്ലെങ്കിലും ആണവചില്ലുകള്‍ ഒഴിച്ചുള്ള മലയാളം വായിക്കാന്‍ പറ്റുന്നു. അതെങ്ങനെ എന്നതായിരുന്നു എന്റെ ജിജ്ഞാസ. കമാന്റ് ലൈന്‍ വഴി ഓരോ ഫോണ്ടും റിമൂവ് ചെയ്ത് പരിശോധിക്കാനുള്ള വിമുഖത കാരണമാണ് സംശയം ചോദിച്ചത്. എന്നാല്‍ നോട്ടിലസ്, റൂട്ട് യൂസര്‍ ആയി തുറക്കാനുള്ള വഴി റസിമാന്‍ പറഞ്ഞു തന്നതിനാല്‍ ഹിറ്റ് & എറര്‍ വഴി ഞാന്‍ കള്ളനെ പിടിച്ചു.
    /usr/share/fonts/truetype/freefont/FreeSerif.ttf എന്ന ഫോണ്ടാണ് കള്ളന്‍. അവനാണ് എന്നെ ജിജ്ഞാസിപ്പിച്ച പ്രതിഭാസത്തിന് കാരണം. [ ഞാന്‍ പറയുന്ന കാര്യങ്ങള്‍ സില്ലി ആയി തോന്നുന്നെങ്കില്‍ ക്ഷമിക്കണം, ഉബുണ്ടു ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു, പോരാത്തതിന് ഇതിന്റെ ഒന്നും ഉള്ളറകളെ പറ്റി വലിയ അറിവില്ല താനും :) ]

    മറുപടിഇല്ലാതാക്കൂ
  3. ബ്രൗസറല്ലാതെ മറ്റാപ്ലിക്കേഷനൊന്നും പ്രവർത്തിപ്പിക്കാത്ത മനുഷ്യരോടാണോ സില്ലിനെസ്സിന്റെ കാര്യം പറയണത് :-). ലിനക്സ് പണ്ടൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായി ഉപയോഗിച്ചു തുടങ്ങിയിട്ട് അധികനാളായിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  4. Maashe... Oru chinna help.
    I downloaded the fonts listed here. Basically rachana and anjali but unable to install them. When I double click them, it tries to load for a while but never the font viewer comes up.

    Thanks!

    മറുപടിഇല്ലാതാക്കൂ
  5. നിഷാന്തേ, ഫോണ്ട് കോപ്പി ചെയ്ത് പോസ്റ്റിൽ പറഞ്ഞിട്ടുള്ള /home//.fonts ഡയറക്ടറിയിലോട്ട് പേസ്റ്റ് ചെയ്താലും മതി. ഫോണ്ട് വ്യൂവർ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുമ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. ലോഗൗട്ട് ചെയ്ത് ലോഗിൻ ചെയ്യേണ്ടി വരും പ്രവർത്തനത്തിൽ വരാൻ.

    മറുപടിഇല്ലാതാക്കൂ
  6. (Just to make it clear for new users Sunil may please add this info to the right place within the post). Thanks.


    If you have to copy the font files to the common shared fonts folder, you need to login as root.

    To open nautilus with root privileges,
    Open terminal (Ctrl-Alt- T) or runner (Alt-F2) and type the following:

    gksudo nautilus

    enter the power password when prompted, and you are now root.

    മറുപടിഇല്ലാതാക്കൂ
  7. വിശ്വപ്രഭ: പോസ്റ്റിന്റെ ആദ്യഭാഗം ലളിതമാക്കാനാണ് അവിടെ ഈ വിവരം നൽകാതിരുന്നത്. ഒരു ചെറിയ കുറിപ്പ് ചേർത്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. ഞാനും ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്. അതില്‍ സാധാരണയായി ഫയര്‍ഫോക്സും. അതില്‍ മലയാളം വായിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ ക്രോമില്‍ ബ്ലോഗിന്റെ തലക്കെട്ട് , സൈഡ്ബാറിലെ ബ്ലോഗ് ലിസ്റ്റിലെ ബ്ലോഗിന്റെ തലക്കെട്ട് മുതലായവ ചതുരക്കള്ളിയായാണ് കാണുന്നത്. പോസ്റ്റുകള്‍ വായിക്കാം. ചില്ലു പ്രശ്നവുമില്ല. ഇതെന്തുകൊണ്ടാണ്?

    മറുപടിഇല്ലാതാക്കൂ
  9. ഒരു സ്ക്രീൻഷോട്ട് എവിടെയെങ്കിലും അപ്‌ലോഡ് ചെയ്ത്, ലിങ്ക് തരാമോ?

    മറുപടിഇല്ലാതാക്കൂ
  10. സ്ക്രീൻഷോട്ട് ലിങ്ക് പ്രവർത്തിക്കുന്നില്ല. തപ്പിയപ്പോൾ കിട്ടി.

    http://2.bp.blogspot.com/-L2r4diJcgY8/TiL3zA5BpaI/AAAAAAAAAFQ/AQFW7Yv8L1c/s1600/Screenshot.png

    http://ubuntuvil.blogspot.com/ എന്ന ബ്ലോഗിൽ മാത്രമേ പ്രശ്നമുള്ളൂ എന്നു കരുതുന്നു. എന്റുബുണ്ടുവിൽ (http://entubuntu.blogspot.com/) ഇല്ലല്ലോ അല്ലേ?

    ക്രോമിഒന്റെ പ്രശ്നമാണത്. ക്രോം അടക്കമുള്ള ക്രോമിയം വകഭേദങ്ങൾ പഴയ ചില്ലുകളെ ശരിയായി പിന്തുണക്കാത്തതാണ് പ്രശ്നം. പുതിയ ചില്ലുകൾക്ക് (ഫോണ്ട് പിന്തുണയുണ്ടെങ്കിൽ) ക്രോമിലായാലും പ്രശ്നമില്ല.

    http://ubuntuvil.blogspot.com/ എന്ന ബ്ലോഗ്, പഴയ ചില്ലുകൾ ഉപയോഗിക്കുന്നതാണ് പ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  11. എനിക്ക് ക്രോമിയത്തിൽ പ്രശ്നങ്ങൾ അത്രത്തോളമില്ല. സ്ക്രീൻഷോട്ട് കാണുക.

    https://picasaweb.google.com/lh/photo/v4Qu4uJNe-xP5UBNJg5o9GBwdWplIrl5G-yAJIBcE1Q?feat=directlink

    മറുപടിഇല്ലാതാക്കൂ
  12. ക്രോമിന്റെ മലയാളം റെൻഡറിങ് (പൊതുവേ കോമ്പ്ലക്സ് സ്ക്രിപ്റ്റുകളുടെ റെൻഡറിങ്) ശരിയല്ല. ബഗ് കാണുക.

    മറുപടിഇല്ലാതാക്കൂ
  13. http://entubuntu.blogspot.com/ വും പ്രശ്നം തന്നെ. നോക്കുക.
    Screenshot-2
    ഇതിനു വല്ല പരിപാരവുമുണ്ടോ എന്നാണ് ചോദ്യം. ഉണ്ടെങ്കിൽ എങ്ങനെ എന്നു പറയുക.

    മറുപടിഇല്ലാതാക്കൂ
  14. പുതിയ വേർഷൻ ക്രോമിയത്തിൽ (12) ഈ പ്രശ്നം ഗണ്യമായി കുറവുണ്ട്. പ്രിഫറൻസിൽ, അണ്ടർ ദ് ഹൂഡിൽ, ഫോണ്ട്സ് ആൻഡ് എൻകോഡിങിൽ (കസ്റ്റമൈസ് ഫോണ്ട്സ് ബട്ടൺ ഞെക്കി) അഥവാ chrome://settings/fonts എന്ന വിലാസം ഉപയോഗിച്ചാൽ കിട്ടുന്ന താളിൽ സ്റ്റാൻഡേർഡ് ഫോണ്ടും, ഫിക്സഡ് വിഡ്ത് ഫോണ്ടും മലയാളം ഫോണ്ടേതേലും സെറ്റ് ചെയ്ത് കൊടുത്താലും ഇത്തിരിയൊക്കെ കുറവുണ്ട്. എന്നാലും ലിങ്ക് ഉള്ളയിടങ്ങളിലൊക്കെ വാക്കുകൾ ഓവർലാപ് ചെയ്ത് കിടക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  15. ഫോണ്ടും ഒന്ന് അപ്‌ഡേറ്റ് ചെയ്യുന്നത് നന്നായിരിക്കും. മാവിലായിക്കാരൻ ഉപയോഗിക്കുന്ന ഫോണ്ടിൽ ചില്ലുകൾ‌ വേറിട്ടു നിൽക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. ഡൗൺലോഡ് ഭാഗം ഒന്ന് പുതുക്കിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  17. രചന ഫോണ്ട് ലിങ്ക് പുതുക്കി

    മറുപടിഇല്ലാതാക്കൂ

Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.