2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ടോറന്റും ചൂടും പിന്നെ ഉബുണ്ടുവും

നമ്മുടെ അറയില്‍ പി ദാസ് മുമ്പൊരു പ്രശ്നം പരിഹരിച്ചത് കൊടുത്തിരുന്നല്ലോ. ഇത് അദ്ദേഹം തന്നെ പരിഹരിച്ച മറ്റൊരു പ്രശ്നം ആണ്. ഇതിനു ഉബുണ്ടുവുമായി എത്ര ബന്ധമുന്ടെന്നറിയില്ല, അധികവും ഒരു ഹാര്‍ഡ്‌വെയര്‍ പ്രശ്നമാണ്. പക്ഷെ ഉബുണ്ടുവില്‍ ഇത് കൂടുതല്‍ അനുഭവപ്പെടുന്നുന്ടെന്നു തോന്നുന്നു. അനുഭവപ്പെടുന്നുള്ളവര്‍ ഇതും ഒന്ന് പരിശോധിക്കുക.

പ്രശ്നം
-------- Original Message --------
Subject: പുതിയ പ്രശ്നം!
Date: Mon, 27 Jun 2011 20:34:30 +0530
From: P Das 



ടോറെന്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒന്നൊന്നര മണിക്കൂര്‍ കഴിഉമ്പോള്‍ കമ്പ്യൂട്ടര്‍ തൂങ്ങുന്നു. ഇത്
കുറേ നാളായുള്ളതാണ്. പണ്ടെന്നോ ഒരു കെര്‍ണല്‍ അപ്ഡേറ്റോടെ തുടങ്ങിയതാണെന്നു തോന്നുന്നു.
ഫോറങ്ങളില്‍ അന്ന്വേഷിച്ച് അവിടെ ധാരാളം പേര്‍ക്ക് ഈ പ്രശ്നമുണ്ട് പക്ഷെ കൊള്ളാവുന്ന ഒരു
പ്രതിവിധി ആരും നല്‍കിയിട്ടില്ല. ഉബുണ്ടു വണ്‍, കോംപിസ്, സ്ക്രീന്‍സേവര്‍, സസ്പെന്റ്,
ഹൈബെര്‍നേഷന്‍ എന്നിവ നിര്‍ത്തുക എന്നതാണ് ആകെ കണ്ട പ്രതിവിധികള്‍. ഞാനിതൊക്കെ
ചെയ്തിട്ടും ഫലമൊന്നുമില്ല. പിന്നെ സ്വാപ്പ് മെമ്മറിയുടെ അളവ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും
കണ്ടു. അത്ര അറിവില്ലാത്തതു കൊണ്ട് അത് ചെയ്തില്ല. ബഗ്ഗാണന്ന് ചിലര്‍, അല്ല കോണ്‍ഫിഗറേഷന്‍
പ്രശ്നമാണന്ന് ചിലര്‍. ഗ്രാഫിക്സിന്റെ പ്രശ്നമെന്നാണ് മറ്റു ചിലര്‍ പറയുന്നത്. മോനിറ്റര്‍
ഓഫാകുന്നതോടെ എല്ലാം നില്‍ക്കും - അങ്ങിനെ ഡിസ്പ്ലേ നില്‍ക്കാതിരിക്കുവാന്‍ വല്ല
പരിപാടിയുമുണ്ടോ? gconf editor > gnome powermanagement > timeout >sleep
display 0 എന്ന് നല്‍കി എന്നിട്ടും മാറ്റമൊന്നുമില്ല.. ഞാന്‍ ഒരു എക്സ്റ്റേണല്‍
ഡ്രൈവിലേക്കാണ് ഡൗണുന്നത്. അതൊരു കാരണമാകുമോ?
ദാസ്


പരിഹാരം
---------- Forwarded message ----------
From: P Das



ടോറന്റ് ഡൗൺലോഡുമ്പോൾ പ്രൊസസ്സർ കൂടുതൽ ചൂടാകുമത്രെ, ഫാനിനോ ഹീറ്റ് സിങ്കിനോ പ്രശ്നമുണ്ടെങ്കിൽ ഇങ്ങിനെയുണ്ടാകും.
ഫാനും ഹീറ്റ്സിങ്കും അഴിച്ച് വൃത്തിയാക്കി, ഹീറ്റ്സിങ്കിനെ പ്രൊസെസ്സറുമായി ബന്ധിപ്പിച്ചിരുന്ന പശ അലിഞ്ഞ് അവ തമ്മിൽ മുട്ടുന്നുണ്ടായിരുന്നില്ല. അതിനിടയ്ക്ക് ഒരു കഷണം അലുമിനിയം ഫോയിൽ വച്ചു.
അതിനു ശേഷം ഇപ്പോൾ ഒരു മാസമായി തൂങ്ങുന്നില്ല!
സ്നേഹപൂർവം

ദാസ്

കുറിപ്പ്:  
ഇത് ഉബുണ്ടു, ടോറന്റ് എന്നിവയുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. പ്രൊസസ്സർ ചൂടാകുമ്പോൾ കമ്പ്യൂട്ടർ ഹാങ്ങാകുന്നത് പൊതുവെ കണ്ടുവരുന്ന പ്രതിഭാസമാണല്ലോ.

അലൂമിനിയം ഫോയിൽ വയ്ക്കുന്നതിനേക്കാൾ തെർമൽ ഗ്രീസ് (http://en.wikipedia.org/wiki/Thermal_grease‌) ഉപയോഗിക്കുക എന്നതാണ് യഥാർത്ഥ പ്രതിവിധി. രണ്ട് ലോഹഭാഗങ്ങൾ തമ്മിൽ സാധാരണ രീതിയിൽ ചേർത്ത് വച്ചൽ താപസംവഹനം നടക്കുമെങ്കിലും അവയ്ക്കിടയിലുള്ള നേരിയ വിടവുകൾ അതിന് തടസ്സമുണ്ടാക്കും. വിടവുകളിലെ വായു വഴിയുള്ള താപസംവഹനം വളരെ കുറവായിരിക്കും. അലൂമിനിയം ഫോയിൽ വയ്ക്കുമ്പോഴും വിടവുണ്ടാകാനുള്ള സാധ്യതയുണ്ട്.
തെർമൽ ഗ്രീസ് കമ്പ്യൂട്ടർ അനുബന്ധങ്ങൾ വിൽക്കുന്ന കടയിൽ വാങ്ങാൻ കിട്ടുമല്ലോ.

2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മീഡിയാവിക്കി സജ്ജീകരണം

വിക്കിപീഡിയ പോലുള്ള ജനപ്രിയവിക്കികൾ സജ്ജീകരിച്ചിരിക്കുന്ന വെബ് ആപ്ലിക്കേഷനാണ് മീഡിയാവിക്കി.

വിക്കിപീഡിയ ഒരു ഹരമായതുകൊണ്ട്, മീഡിയാവിക്കിയുടെ പ്രവർത്തനം പഠിക്കണമെന്ന ആഗ്രഹം കലശലായിരുന്നു. എന്നാൽ ഒരു വെബ്സെർവറൂം വെബ് അപ്ലിക്കേഷനും ഡാറ്റാബേസും അതിനെ ബന്ധിപ്പിക്കുന്ന രീതിയുമൊന്നും പിടീയില്ലാത്തതിനാൽ സാഹസത്തിന് ഇതുവരെ മുതിർന്നില്ല.

എന്നാൽ ഉബുണ്ടുവിൽ മീഡിയാവിക്കി സജ്ജീകരിക്കുന്നത്, വളരെ ലളിതമായ പണിയാണെന്ന് ഇപ്പോഴാണ് മനസിലാക്കിയത്. തുടക്കക്കാർക്ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തിൽ വിശദവിവരങ്ങൾ താഴെക്കൊടുക്കുന്നു.  

ആദ്യഘട്ടം

ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്ററിലൂടെ കിട്ടുന്ന മീഡിയാവിക്കി പതിപ്പ് 1.5.5 ആണ്. അതുകൊണ്ട് മീഡിയാവിക്കി പ്രവർത്തിക്കുന്നതിനാവശ്യമായ ഘടകങ്ങൾ മാത്രം ഉബുണ്ടു സോഫ്റ്റ്വെയർ സെന്ററിൽ നിന്നും ഇൻസ്റ്റോൾ‌ ചെയ്ത്, മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ്, http://mediawiki.org എന്ന അതിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തിടുന്നതാണ് നല്ലത്.

ടെർമിനൽ തുറന്ന് താഴെക്കാണുന്ന കമാൻഡ് കൊടുത്താൽ മീഡിയാവിക്കിക്കുവേണ്ട പശ്ചാത്തലസൗകര്യങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ആകും.
sudo apt-get install apache2 mysql-server php5 php5-mysql

മീഡിയാവിക്കിയുടെ പഴയ പതിപ്പായാലും മതി എന്നുള്ളവർ ഈ നിർദ്ദേശത്തിനവസാനം ഒരു ഇടവിട്ട് mediawiki എന്നു കൂടി ചേർക്കുക. (കൂടുതൽ വിവരങ്ങൾ‌ ഇവിടെ കാണുക).
ഇൻസ്റ്റലേഷൻ സമയത്ത് മൈഎസ്‌ക്യുഎൽ സെർവറിന് ഒരു റൂട്ട് പാസ്വേഡ് നൽകാൻ ആവശ്യപ്പെടും. അപ്പോൾ നൽകുന്ന പാസ്വേഡ് ഓർത്തു വക്കുക.

ഇനി താഴെക്കാണുന്ന കണ്ണിയിൽ നിന്നും ഏറ്റവും പുതിയ മീഡിയാവിക്കി ഡൗൺലോഡ് ചെയ്യുക.

http://www.mediawiki.org/wiki/Download


ഡൗൺലോഡ് ചെയ്ത് കിട്ടുന്ന mediawiki-1.17.0.tar.gz എന്ന ഫയലിൽ ഇരട്ടഞെക്ക് ഞെക്കിയാൽ അത് ഫയൽ റോളർ എന്ന ആർക്കൈവ് മാനേജറിൽ തുറന്നു വരും. ആർക്കൈവ് മാനേജറിലെ Extract എന്ന ബട്ടൺ ഉപയോഗിച്ച് അതിനെ സൗകര്യപ്രദമായ ഏതെങ്കിലും ഫോൾഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക.

mediawiki-1.17.0 എന്നതായിരിക്കും എക്സ്ട്രാക്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന ഫോൾഡർ. ഇതിന്റെ പേര് ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. (ഞാൻ അതിന് mw എന്ന് പേരുകൊടുത്തു)

ഇനി mw എന്നഈ ഫോൾഡറിനെ /var/www എന്ന ഫോൾഡറിനകത്തേക്കിടുക.

/var/www എന്ന ഫോൾഡറിൽ മുകളിൽപ്പറഞ്ഞ ഫോൾഡർ ഇടണമെങ്കിൽ അഡ്മിൻ അധികാരം വേണം ഫയൽ മാനേജറായ നോട്ടിലസ് നേരിട്ടെടുക്കുന്നതിനു പകരം ടെർമിനലിൽ sudo nautilus എന്ന നിർദ്ദേശം ടൈപ്പ് ചെയ്യുക. ഇപ്പോൾ വരുന്ന ഫയൽ മാനേജർ അഡ്മിൻ അധികാരമുള്ളതായിരിക്കും. ഇതുപയോഗിച്ചോ sudo mv എന്ന നിർദ്ദേശമുപയോഗിച്ചോ മേൽപ്പറഞ്ഞ mw എന്ന ഫോൾഡറിനെ /var/www എന്ന ഫോൾഡറിനകത്തേക്ക് മാറ്റുക.

ഇനി അപ്പാച്ചി വെബ്സെർവർ റീസ്റ്റാർട്ട് ചെയ്യുക. അതിനായി താഴെക്കാണുന്ന നിർദ്ദേശം ടെർമിനലിൽ നൽകുക.

sudo /etc/init.d/apache2 restart


ഇതോടെ മീഡിയാവിക്കി സജ്ജീകരണത്തിന്റെ ഒന്നാം ഘട്ടം തീർന്നു.

ഇനി ബ്രൗസർ തുറന്ന് http://localhost/mw എന്ന് ടൈപ്പ് ചെയ്താൽ (mw എന്നതിനു പകരം ഫോൾഡറിന് നിങ്ങൾ കൊടൂത്ത പേര് ഉപയോഗിക്കുക) മീഡിയാവിക്കി സെറ്റപ്പ് പേജ് വരും.

രണ്ടാംഘട്ടം

പടിപടിയായുള്ള മീഡിയാവിക്കിയുടെ സെറ്റപ്പാണ് ഈ ഘട്ടം. ബ്രൗസറീൽ കാണുന്ന set up the wiki എന്ന് ലിങ്ക് പിന്തുടരുക. ഓരോ പടിയിലും നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ക്രമീകരണം നടത്താവുന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‌ മാത്രം താഴെപ്പറയുന്നു. മറ്റു പടികളിൽ വെറുതേ‌ കണ്ടിന്യൂ ചെയ്യുക.








ആദ്യപടിയിൽ വിക്കിയിൽ ഉപയോഗിക്കുന്ന ഭാഷ തിരഞ്ഞെടുക്കാം. (ഇൻസ്റ്റോൾ ചെയ്യാനുപയോഗിക്കുന്ന ഭാഷയും വിക്കി ഉപയോഗിക്കുന്ന ഭാഷയും - ഞാൻ ഇവിടെ മലയാളം തിരഞ്ഞെടുത്തു)

മൂന്നാം പടിയിൽ ഏറ്റവും താഴെയായി മൈ എസ്.ക്യു.എൽ. റൂട്ട് പാസ്വേഡ് നൽകണം. ആദ്യഘട്ടത്തിൽ മൈ എസ്.ക്യു.എൽ. ഇൻസ്റ്റാൾ ചെയ്തപ്പോൾ നൽകിയ പാസ്വേഡ് ഇവിടെ കൊടുക്കുക.









അഞ്ചാമത്തെ പടിയിൽ വിക്കിക്ക് ഒരു പേരുനൽകാം (testwiki എന്നാണ് ഞാനിവിടെ കൊടുത്തത്) കൂടാതെ അഡ്മിനിസ്ട്രേറ്റർ അക്കൗണ്ടും പാസ്വേഡും ഇവിടെ നൽകാം. (ചിത്രം കാണുക)

എട്ടാമത്തെ പടിയിൽ കണ്ടിന്യൂ നൽകിക്കഴിയുമ്പോൾ localsettings.php എന്ന ഫയൽ ഡൗൺലോഡാകും. ഈ ഫയൽ സേവ് ചെയ്ത്, നേരത്തേ നിങ്ങൾ മീഡിയാവിക്കി ഇട്ട അതേ ഫോൾഡറീൽ കൊണ്ടിടുക. എന്റെ കാര്യത്തിൽ /var/www/mw എന്നതാണ് ആ ഡയറക്റ്ററി. ഫയൽ ഈ ഡയറക്റ്ററിയിൽ കൊണ്ടിടാൻ sudo nautilus ഉപയോഗിച്ച് ഫയൽ മാനേജർ തുറക്കേണ്ട കാര്യം പ്രത്യേകം പറയേണ്ടല്ലോ അല്ലേ?

ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിക്കി പ്രവർത്തിക്കാനും തയ്യാറായി.

ബ്രൗസറിൽ ഇനി http://localhost/mw ടൈപ്പ് ചെയ്ത് എന്റർ ചെയ്തു നോക്കൂ.. (mw എന്നതിനു പകരം നിങ്ങൾ‌നൽകിയ ഫോൾഡറീന്റെ പേരുപയോഗിക്കുക)

അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കുമല്ലോ?

2011, ജൂലൈ 15, വെള്ളിയാഴ്‌ച

മോണിറ്റർ ഓഫാക്കലും ലോക്കിടലും

ചില അവസരങ്ങളിൽ സ്ക്രീൻ ഓഫാക്കിയിടുന്നത് നല്ലതാണ്. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളിൽ ഊർജ്ജോപയോഗത്തിൽ മുന്നിൽ നിൽക്കുന്ന ഭാഗമാണ് മോണിറ്റർ. കമ്പ്യൂട്ടറിനോട് നേരിട്ട് സംവേദനം നടത്തേണ്ടതില്ലാത്ത അവസരങ്ങളിൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാതെ ഊർജ്ജലാഭത്തിനു വേണ്ടി അങ്ങനെ ചെയ്യാവുന്നതാണ്. അതിനു വേണ്ടി ഈ കമാന്റ് ഉപയോഗിക്കാം (ഹാർഡ്‌വെയർ പിന്തുണയില്ലാത്ത പഴയ സിസ്റ്റങ്ങളിൽ ഇത് ചിലപ്പോൾ പ്രവർത്തിക്കില്ല.)

xset dpms force off

മൗസൊന്ന് അനക്കുകയോ കീബോർഡിലെ കീകളിലൊന്ന് അമർത്തുകയോ ചെയ്താൽ മോണിറ്റർ ഓണാകുകയും ചെയ്യും. മോണിറ്റർ ഓഫാക്കിയിടുക മാത്രമാണ് ഇതുവഴി ചെയ്യുന്നത് കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാധാരണഗതിയിൽ തന്നെയായിരിക്കും.

കമ്പ്യൂട്ടറിന്റെ പ്രവർത്തന വേഗം നമ്മുടെ കൈവേഗത്തേക്കാൾ വളരെ കൂടുതലായതിനാൽ ചിലപ്പോൾ‌ ഈ കമാന്റടിച്ചാൽ മോണിറ്റർ ഒന്ന് ചിമ്മി തുറന്നെന്ന് വരും. കമാന്റ് പ്രവർത്തിക്കുന്നതിനിടയിൽ നടന്ന കീബോർഡിലേയോ മൗസിലെയോ പ്രവർത്തനങ്ങൾ കാരണമാകും അത്. അതൊഴിവാക്കാൻ ഈ കമാന്റ് പ്രവർത്തിക്കുന്നതിന് മുൻപ് അൽപസമയത്തെ ഇടവേള നൽകുന്നത് നന്നായിരിക്കും, എതാണ്ട് ഒന്നോ രണ്ടോ സെക്കന്റ് മാത്രം, അതിനായി:

sleep 2 && xset dpms force off

എന്ന് ഉപയോഗിക്കാം. 2 സെക്കന്റ് നേരം കഴിഞ്ഞ് മാത്രം മോണിറ്റർ ഓഫാക്കാനുള്ള നിർദ്ദേശം നടപ്പിലാക്കുകയാണിത്. അതുവഴി കീബോർഡിൽ നിന്നും മൗസിൽ നിന്നുമൊക്കെ കൈയ്യെടുക്കാനുള്ള സമയം അനുവദിക്കുന്നു.

നേരത്തേ പറഞ്ഞത് പോലെ മൗസിൽ തൊടുമ്പോൾ തന്നെ മോണിറ്റർ പഴയപടിയാകുന്നതിനാൽ ഇതു ചെയ്ത് നമ്മൾ പുറത്ത് പോയാൽ ആർക്കും കമ്പ്യൂട്ടർ നേരിട്ട് ഉപയോഗിക്കാം അതൊഴിവാക്കാൻ സ്ക്രീൻ ലോക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഗ്നോം പണിയിടം ഉപയോഗിക്കുന്നത് സിസ്റ്റങ്ങളിൽ ആദ്യം,

gnome-screensaver

എന്ന കമാന്റ് നൽകി നോക്കുക, അപ്പോൾ screensaver പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് എന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ,

gnome-screensaver-command -l

എന്ന കമാന്റ് വഴി സ്ക്രീൻ ലോക്ക് ചെയ്യാം. സാധാരണ ഉബുണ്ടു വിതരണത്തിലെ "Lock Screen" (ഷോർട്ട്കീ: Ctrl+Alt+L) എന്ന മെനുഐറ്റത്തിന് സമാനമാണ് ഇത്.

മുകളിൽ വിവരിച്ച രണ്ട് കമാന്റുകളും ഒറ്റവരിയിലാക്കിയാൽ:

gnome-screensaver-command -l && sleep 2 && xset dpms force off

സ്ക്രീൻ ലോക്ക് ചെയ്യുകയും രണ്ട് സെക്കന്റ് നേരത്തെ ഇടവേളക്ക് ശേഷം മോണിറ്റർ ഓഫാകുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ പിന്നീട് മൗസനക്കുകയോ മറ്റോ ചെയ്താൽ പാസ്‌വേഡ് നൽകാനുള്ള സ്കീനായിരികും ഉണ്ടാവുക.

ഈ കമാന്റിങ്ങനെ ഇടക്കിടെ ടൈപ്പ് ചെയ്യുന്നതൊഴിവാക്കി ഡെസ്ക്ടോപ്പിൽ ഒരു ബട്ടണോ മറ്റോ ആയി ചേർത്താൽ ഒരു ബട്ടൺ ക്ലിക്ക് വഴി കാര്യം സാധിക്കാം.

അതിനായി ആദ്യം ഈ കമാന്റ് ടെക്സ്റ്റ് എഡിറ്റർ തുറന്ന് പേസ്റ്റ് ചെയ്യുക ശേഷം ഒരു ഫയലായി സേവ് ഫയൽ സിസ്റ്റത്തിൽ എവിടെയെങ്കിലും സൗകര്യമുള്ളിടത്ത് സേവ് ചെയ്യുക, 'lock.sh' എന്നോ മറ്റോ പേര് നൽകാവുന്നതാണ്. ശേഷം ഫയലിനെ എക്സിക്യൂട്ടബിൾ ആക്കുക. ലളിതമായ ഒരു കമാന്റ് വഴി എക്സക്യൂട്ടബിൾ ആക്കാവുന്നതാണ്:

chmod 744 lock.sh

അല്ലെങ്കിൽ ഫയലിൽ മൗസിന്റെ വലത് ബട്ടൺ അമർത്തി 'Properties' ഐറ്റം എടുത്ത് വരുന്ന ഫയൽ പ്രോപ്പർട്ടീസ് വിൻഡോയിലെ 'Permissions' എന്ന ഭാഗത്ത് താഴെയുള്ള 'Allow executing file as program' എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്ത് അടക്കുക.

ശേഷം ഡെസ്ക്ടോപ്പിലെ പാനലുകളിലെവിടേയെങ്കിലും മൗസിന്റെ വലത് ബട്ടൺ ക്ലിക്കി കിട്ടുന്ന മെനുവിലെ 'Add to Panel...' ഞെക്കുക. തുറന്ന് വന്ന 'Add to Panel' വിൻഡോയിലെ മുകൾ ഭാഗത്തുള്ള 'Custom Application Launcher' തിരഞ്ഞെടുത്ത് 'Add' ബട്ടൺ ഞെക്കുക. വരുന്ന വിൻഡോയിലെ 'Command' എന്ന ഭാഗത്തെ 'Browse' ബട്ടൺ ഞെക്കി സേവ് ചെയ്ത് ഫയൽ (lock.sh) തിരഞ്ഞെടുക്കുക. 'Name', 'Comment' എന്നിവയിൽ ആവശ്യമുള്ള വിവരങ്ങൾ നൽകുക (ചിത്രം കാണുക). ആവശ്യമെങ്കിൽ ഐക്കണും മാറ്റാവുന്നതാണ്.



ശേഷം 'Close' ഞെക്കുക. പാനലിൽ ബട്ടൺ വന്നിട്ടുണ്ടാകും. ഇനി ഈ ബട്ടണിൽ ഞെക്കി മോണിറ്റർ ലോക്കാക്കുകയും ഓഫാക്കുകയും ചെയ്യാം.

ഗ്നോം പണിയിടം ലോക്ക് ചെയ്യുന്ന കമാന്റാണ് മുകളിൽ നകിയിരിക്കുന്നത്. മറ്റ് പണിയിടങ്ങൾ ഉപയോഗിക്കുന്നവർ അതിനായുള്ള കമാന്റ് ഉപയോഗിക്കേണ്ടി വരും.

ഇതിനേക്കാൾ അൽപം കടന്ന ഒരു മെനു ഐറ്റം ഉബുണ്ടുവിൽ സ്വതേ ലഭ്യമാണ്, 'Restart', 'Shutdown' എന്നിവയുടെ കൂടെ കാണുന്ന 'Suspend' എന്ന മെനുഐറ്റമാണത്. അത് ഞെക്കിയാൽ മോണിറ്റർ കൂടാതെ ഹാർഡിക്സ് തുടങ്ങിയവയും ഓഫാകും, കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിർത്തിവെക്കും. പ്രോഗ്രാമുകൾ പ്രവർത്തിക്കില്ല. കീബോർഡിൽ ക്ലിക്കിയാൽ പഴയപടിയാകുകയും ചെയ്യും.

2011, ജൂൺ 2, വ്യാഴാഴ്‌ച

യൂണിറ്റി ഞൊടുക്കുവിദ്യകൾ

ഉബുണ്ടു നാറ്റി നാർവാളിൽ സ്വതേയുള്ള സമ്പർക്ക മുഖമായ യൂണിറ്റി എളുപ്പത്തിലുള്ള ഉപയോഗത്തിനായി സൃഷ്ടിച്ച ഒന്നാണ്. ഉബുണ്ടുവിൽ നേരത്തേയുണ്ടായിരുന്ന മിക്ക എളുപ്പവഴികളോടുമൊപ്പം ഉപയോഗ എളുപ്പത്തിനായി മറ്റ് നിരവധി മാർഗ്ഗങ്ങളും ലഭ്യമാണ് (ഉദാഹരണത്തിന് പൊതു അവലോകനത്തിനായി ആസ്ക് ഉബുണ്ടുവിലെ ഈ താൾ കാണുക). അവയിൽ ചിലതും ഒന്നുരണ്ട് ലഘുമാറ്റങ്ങളും കൊടുക്കുന്നു. ഉബുണ്ടുവിനൊപ്പം തന്നെയുള്ള സഹായത്തിലും (help) യൂണിറ്റി സംബന്ധിച്ച നിരവധി വിവരങ്ങൾ ലഭ്യമാണ്.
കീബോർഡ് ഷോർട്ട്കട്ടുകൾ
കീബോർഡ് ഷോർട്ട്കട്ട്സ് വാൾപേപ്പർ
  • സൂപ്പർ കീ (വിൻഡോസ് കീ അല്ലെങ്കിൽ മെറ്റാ കീ) : ഒരു പ്രാവശ്യം അമർത്തിയാൽ യൂണിറ്റി ലോഞ്ചറും ആപ്ലിക്കേഷൻ സേർച്ച് ചെയ്യാനുള്ള സൗകര്യവും (ഡാഷ്) പ്രത്യക്ഷപ്പെടും. കീബോർഡ് ഉപയോഗിച്ചു തന്നെ ഏത് സോഫ്റ്റ്‌വേറും തുറക്കാനാകും
  • സൂപ്പർ കീ : ഞെക്കിപ്പിടിച്ചാൽ യൂണിറ്റി ലോഞ്ചർ മാത്രമായി പ്രത്യക്ഷപ്പെടും. അക്കൂടെ ലോഞ്ചറിലുള്ള ആപ്ലിക്കേഷന്റെ നമ്പറും ഞെക്കി തുറക്കാനാകും
  • സൂപ്പർ+f : ലോഞ്ചറിൽ നിന്ന് ഫയലും ഫോൾഡറുമടങ്ങുന്ന ഡാഷ് തുറക്കും
  • സൂപ്പർ+a : ലോഞ്ചറിൽ നിന്ന് ആപ്ലിക്കേഷനുകളുടെ ഡാഷ് തുറക്കും
  • സൂപ്പർ+t : ട്രാഷ് തുറക്കും 
  • F10: തുറന്നിരിക്കുന്ന ആപ്ലിക്കേഷന്റെ ആദ്യ മെനു ടോപ്പ് ബാറിൽ തുറക്കാൻ ഉപയോഗിക്കാം. പിന്നീട് ആരോ കീകൾ ഉപയോഗിച്ച് ഏറ്റവും വലതുഭാഗത്തുള്ള സെഷൻ മെനു വരെ തുറക്കാം.
  • കണ്ടോൾ+ഓൾട്ട്+ആരോ കീ : വർക്ക് സ്പേസുകൾ മാറാനായി വ്യത്യസ്ത ആരോ കീകൾ ഉപയോഗിക്കാനാകും.
  • കണ്ട്രോൾ+w : തുറന്നിരിക്കുന്ന എല്ലാ വിൻഡോകളും ഒരുമിച്ച് കാണാൻ ഉപയോഗിക്കാം.
  • ഓൾട്ട് : തുറന്നിരിക്കുന്ന ആപ്ലിക്കേഷന്റെ മെനു ടോപ്പ് ബാറിൽ കാണാൻ ഓൾട്ട് കീ ഞെക്കിയാൽ മതി. തെളിഞ്ഞുവരുന്ന മെനുവിലെ അടിവരയിട്ട അക്ഷരം ഞെക്കിയാൽ ആവശ്യമുള്ളത് എടുക്കാം.
  • ഓൾട്ട്+F2 : കമാൻഡ് റൺ ചെയ്യാനുള്ള ഡാഷ് തുറക്കും.
  • കണ്ട്രോൾ+ഓൾട്ട്+t : ടെർമിനൽ തുറക്കും


മൗസ്

  • യൂണിറ്റി ലോഞ്ചറിലെ ആപ്ലിക്കേഷനുകൾ വെറുതേ തുറക്കാനും മിനിമൈസ് ചെയ്ത് വെയ്ക്കാനും മാത്രമുള്ളതല്ല. അവയിൽ മിഡിൽ ക്ലിക്ക് ചെയ്താൽ അതേ ആപ്ലിക്കേഷന്റെ മറ്റൊരു വിൻഡോ തുറന്നു വരും.
  • തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകൾ തമ്മിൽ മാറണമെങ്കിൽ ടോപ് ബാറിൽ (ആപ്ലിക്കേഷന്റെ മെനുവിലല്ല) ചുമ്മാ മിഡിൽ ക്ലിക്ക് ചെയ്താൽ മതി.
  • ഏതെങ്കിലും ഫയലുകൾ ലോഞ്ചറിൽ ഉള്ള സോഫ്റ്റ്‌വേറിൽ തുറക്കണമെങ്കിൽ ലോഞ്ചറിലെ ഐകോണിലേയ്ക്ക് വലിച്ചിട്ടാൽ മതി (ഡ്രാഗ് ആൻഡ് ഡ്രോപ്). ഉദാ: chinni chinni-urumi.mp3 എന്നൊരു ഫയൽ ബാൻഷി മ്യൂസിക് പ്ലെയറിൽ തുറക്കണമെങ്കിൽ ഫയൽ മൗസുപയോഗിച്ച് വലിച്ച് ബാൻഷി ഐകോണു മുകളിലേയ്ക്കിടുക.
  • ഫയൽ അല്ലെങ്കിൽ ഡയറക്ടറി ട്രാഷ് ചെയ്യാൻ അവ സെലക്ട് ചെയ്ത് വലിച്ച് ലോഞ്ചറിലെ ട്രാഷിലോട്ട് ഇട്ടാൽ മതി.

ലോഞ്ചറിലെ ഐകോണുകളുടെ വലിപ്പം കുറയ്ക്കാൻ

2011, മേയ് 26, വ്യാഴാഴ്‌ച

ഉബുണ്ടു യൂണിറ്റി

സകലരും പുതിയ ഉബുണ്ടുവിൽ ലഭ്യമായ യൂണിറ്റി യൂസർ ഇന്റർഫേസിനെ കുറ്റം പറയുന്നതു കണ്ടാണ് എന്നാലൊന്ന് പരീക്ഷിച്ചു കളയാം എന്നു തീരുമാനിച്ചത്. നത്ത് നാരായണന്റെ (കട: ദേവദാസ്, Natty Narwhal) ആൽഫാ പതിപ്പൊന്ന് ഒരിക്കൽ ഡൗൺലോഡ് ചെയ്ത് വിർച്വൽ മെഷീനിലിട്ട് ഓട്ടിയാരുന്നെങ്കിലും അധികം താമസിയാതെ കളയുകയാണുണ്ടായിരുന്നത്. ഗ്നോം 3-യും അതുപോലെ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് പരീക്ഷിച്ചായിരുന്നു. എങ്കിലും പഴയ 10.04 (ലൂസിഡ് ലിൻക്സ്) കളയാൻ മനസ്സുവന്നിരുന്നില്ല.

സി.ഡി. ഇമേജ് ഡൗൺലോഡ് ചെയ്ത് 10.04-ൽ ഉണ്ടായിരുന്ന സൗകര്യം ഉപയോഗിച്ച് യു.എസ്.ബി. ഡ്രൈവ് ബൂട്ടബിളാക്കി അതിൽ നിന്നാണ് ഇൻസ്റ്റോൾ ചെയ്തത്. ഇൻസ്റ്റലേഷൻ താരതമ്യേന ലളിതമായിരുന്നു. പഴയ ഇൻസ്റ്റലേഷനേക്കാളും രണ്ട് മൂന്ന് ചോദ്യങ്ങൾ കൂടുതൽ ചോദിക്കുന്നുണ്ടെന്ന് തോന്നുന്നു. ടൈം സോൺ സെലക്റ്റ് ചെയ്യുമ്പോൾ ഇന്ത്യയാണെങ്കിൽ ജമ്മു-കാശ്മീർ ഇന്ത്യയുടെ കൂടെയും പാകിസ്താനാണെങ്കിൽ പാകിസ്താന്റെ കൂടെയും കാണിക്കുന്നത് കൊള്ളാം. പൊതുവേ ആൾക്കാർ അങ്ങനെ നോക്കില്ലാത്തതിനാൽ, ഉപയോക്താക്കൾക്ക് കാഴ്ചയിൽ സംതൃപ്തി ലഭിച്ചേക്കും :) 10.04 പൂർണ്ണമായും കളഞ്ഞ് ഫ്രെഷ് ഇൻസ്റ്റലേഷനാണ് ചെയ്തത്. 10.04 അവിടെക്കിടന്നാൽ അറിയാതെ നത്ത് നാരായണനെ എടുത്തുകളയാൻ തോന്നിയേക്കും എന്നൊരു തോന്നലുണ്ടായിരുന്നു.

എല്ലാവർക്കും അറിയാവുന്നതുപോലെ യൂണിറ്റിയാണ് പുതിയ ഉബുണ്ടുവിന്റെ സ്വന്തം ഡെസ്ക്ടോപ്പ് എൻവിയോണ്മെന്റ്, എന്നാലും പഴയ ഗ്നോം രൂപവും ഒപ്പം ലഭ്യമാണ് ലോഗിൻ ചെയ്യുമ്പോൾ വേണ്ടതെന്താണെന്ന് തിരഞ്ഞെടുത്തു കൊടുക്കാൻ കഴിയും. പഴയ ഫെഡോറ വേർഷനുകൾ ഉപയോഗിച്ചിട്ടുള്ളയാളാണെങ്കിൽ ഗ്നോമും കെ.ഡി.ഇ.യും തന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നത് ഓർക്കുമല്ലോ. മൂന്ന് ഉപയോക്തൃസമ്പർക്കമുഖമെങ്കിലും പുതിയ ഉബുണ്ടുവിൽ ലഭ്യമാണ്. യൂണിറ്റി, യൂണിറ്റി 2ഡി, ഉബുണ്ടു ക്ലാസിക് (ഗ്നോം 2) എന്നിവയാണവ. യൂണിറ്റി 2ഡി, യൂണിറ്റിക്ക് സമാനമാണ്, പക്ഷേ ക്യൂട്ടി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ലൈറ്റ്‌വെയ്റ്റാണ്.

പ്രാഥമിക അങ്കലാപ്പിന് യൂണിറ്റി യൂസർ ഇന്റർഫേസ് മതിയാവുമെങ്കിലും സംഗതി താരതമ്യേന ലളിതമാണ്. ഇടത് വശത്ത് സ്വതേയുള്ള ലോഞ്ചർ എന്ന മെനു, നമ്മൾ വീണ്ടുംവീണ്ടും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഡോക്ക് ചെയ്ത് വെയ്ക്കാനുള്ളതാണ്. സാധാരണ ഉപയോക്താക്കൾ ഒരു കമ്പ്യൂട്ടറിൽ ഏതാനം ആപ്ലിക്കേഷനുകൾ മാത്രമെ ആവർത്തിച്ചുപയോഗിക്കാറുള്ളു എന്ന ആശയത്തിലാണ്  യൂണിറ്റി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. നമ്മൾ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ ലോഞ്ചറിൽ നിന്ന് നീക്കം ചെയ്യുകയും നിരന്തരം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കൂട്ടിച്ചേർക്കുകയും ചെയ്താൽ ഉപയോഗ എളുപ്പം കൂടുമെന്നാണ് എന്റെ അഭിപ്രായം. ഞാനെന്തായാലും ലിബ്രെ ഓഫീസ് എല്ലാം എടുത്തു കളഞ്ഞ് എനിക്കു വേണ്ടവ മാത്രം ചേർത്ത് അത് സാമാന്യം ഉപയോഗിക്കാവുന്നതാക്കിയതിനു ശേഷം വലിയ കുഴപ്പം തോന്നുന്നില്ല. ലോഞ്ചറിലെ ഐകോണുകളുടെ വലിപ്പം (compiz-config ഇൻസ്റ്റോൾ ചെയ്ത്) കുറെ കുറച്ചപ്പോൾ കണ്ണിനും ഒരു ആശ്വാസമുണ്ട്. യൂണിറ്റിയുടെ ഒരു കുഴപ്പം അതിത്തിരി ബഗ്ഗിയാണെന്നതാണ്. എന്നാലും യൂണിറ്റി തന്നെ ക്രാഷാവുന്ന വിധത്തിലുള്ള ബഗ്ഗുകൾ ഉണ്ടെന്നു തോന്നുന്നില്ല. ഇടയ്ക്ക് ക്ലോക്ക് ഇരിക്കുന്ന പാനലിലെ ഐകോണുകൾ മൗസ്‌ക്ലിക്കിനും മറ്റും പ്രതികരിക്കാതെ പോവുകയൊക്കെ ചെയ്യുന്നുണ്ട്. കീബോഡ് ഷോർട്ട്കട്ടുകൾ താങ്കൾക്കറിയാമെങ്കിൽ (ചുമ്മാ ഗൂഗിളിലോ മറ്റോ സേർച്ച് ചെയ്താൽ കിട്ടും) അവിടെ നിന്ന് പ്രവർത്തിക്കേണ്ടവ ഒക്കെ പ്രവർത്തിക്കും. ഡിസ്പ്ലേയും റെസ്പോൺസും സംബന്ധിച്ചിച്ച ബഗുകളാണ് ഉള്ളവയിൽ അധികവും. ഉപയോഗത്തിൽ ഒരു 2008-ലെ ഗ്നോമിന്റെ അവസ്ഥയിലാണ് യൂണിറ്റി എന്നു പറയാം. ഗ്നോമിനേക്കാളും  യൂണിറ്റിയുടെ വികസനം വളരെയധികം ചട്ടപ്പടി ആയിട്ടായതിനാലും വലിയ ഉപയോക്തൃ ബേസ് ഉള്ളതിനാലും മൂന്നു നാല് മാസങ്ങൾ കൊണ്ട് അവശേഷിക്കുന്ന അസ്ഥിരതയൊക്കെ പോയി യൂണിറ്റി വളരെ സ്റ്റേബിളാകും എന്ന് പ്രതീക്ഷിക്കാം.

ഗുണങ്ങൾ
ലോഞ്ചറിലോട്ട് സോഫ്റ്റ്‌വേറുകൾ ഡ്രോപ്പ് ചെയ്യാനും അവിടെ നിന്ന് തുറക്കാനുമുള്ള സൗകര്യമാണ് ഏറ്റവും പ്രധാനം. നമുക്കു വേണ്ട ആപ്ലിക്കേഷനുകളെല്ലാം മൗസെത്തും ദൂരത്ത് എപ്പോഴുമുണ്ടാകും. സാധാരണ ഉപയോക്താക്കളുടെ ഉപയോഗത്തിന് ഡെസ്ക്ടോപ്പ് റിയൽ എസ്റ്റേറ്റ് ഫലപ്രദമായി വിനിയോഗിച്ചിരിക്കുന്ന ആദ്യ ഉപയോക്തൃസമ്പർക്ക മുഖമാണ് യൂണിറ്റി എന്നു തോന്നുന്നു. ഒരു സോഫ്റ്റ്‌വേർ തുറന്നാൽ പിന്നെ അതിന്റെ ഭാഗമല്ലാത്ത വളരെക്കുറച്ച് സ്ഥലം മാത്രമേ കാണാനാകൂ. ആ അവസ്ഥയിലും മൗസ് ഒന്ന് അനക്കിവെച്ച് ലോഞ്ചറിൽ നിന്നോ കീബോർഡ് മാത്രമുപയോഗിച്ചോ മറ്റേതൊരു ആപ്ലിക്കേഷനും തുറക്കുവാനും കഴിയും. പഴയ ഗ്നോമിലും കൈറോ-ഡോക്ക് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള പരിപാടികൾ പരിമിതമായിട്ടെങ്കിലും ചെയ്യാമായിരുന്നെങ്കിലും അവയെക്കാളെല്ലാം വളരെ സൗകര്യപ്രദമായാണ് പുതിയ ലോഞ്ചറിന്റെ നിർമ്മിതി. ഗ്നോമിനേക്കാളും വേഗത്തിലുള്ള റെസ്പോൺസാണ് മറ്റൊരു കാര്യം. ആപ്ലിക്കേഷനുകൾ എടുക്കാൻ ഇടയ്ക്ക് മൗസിലോട്ട് കൈ തീരെ പോവേണ്ട എന്നതൊരു നല്ല ഗുണമാണെന്നെന്റെ അഭിപ്രായം. സൂപ്പർ കീ (വിൻഡോസ് കീ) ഒന്ന് ഞെക്കി വേണ്ട ആപ്ലിക്കേഷന്റെ പേരിന്റെ ഒരു ശകലം ടൈപ്പ് ചെയ്ത് നൽകി ഒരു എന്ററും അടിച്ച് ഏതാപ്ലിക്കേഷൻ വേണമെങ്കിലും തുറക്കാം. ഗ്നോമിനെ അപേക്ഷിച്ച് ഇതുവരെ കണ്ട ഏറ്റവും വലിയ ഗുണം യൂണിറ്റിയുടെ കാണാവുന്ന ഭാഗങ്ങൾ (ലോഞ്ചർ, ബാർ) അനക്കമറ്റു പോയാലും തുറന്നിരിക്കുന്ന ആപ്ലിക്കേഷനുകളെ അത് ബാധിക്കുന്നില്ല എന്നതാണ്. ഗ്നോം പുനഃക്രമീകരിക്കുക എന്നാൽ എനിക്ക് സെഷൻ ക്ലോസ് ചെയ്തു മാത്രമേ ഫലപ്രദമായി വന്നിട്ടുള്ളു. unity --replace എന്ന ഒറ്റ കമാൻഡിൽ (Alt+F2 അടിച്ച ശേഷം) ഏതനങ്ങാതിരിക്കുന്ന ലോഞ്ചറിനേയും ബാറിനേയും വീണ്ടും അനക്കാനും കഴിയുന്നുണ്ട്. അത്തരം അനക്കമറ്റ അവസ്ഥ അത്ര പെട്ടന്നൊന്നും വരികയില്ല, ഒന്നു വരണമെന്ന് മനസ്സിരുത്തി എന്തെങ്കിലുമൊക്കെ ചെയ്തപ്പോഴാണ് മിക്കപ്പോഴും അങ്ങനെ വന്നത്. ഗ്നോം 2-ൽ മിക്കവാറും എല്ലായ്പോഴും എല്ലാ ഡിസ്ട്രിബ്യൂഷനുകളിലും കാണാവുന്ന പ്രശ്നമായിരുന്നു ഐകോണുകളുടെ ഓടി നടക്കൽ. അത് യൂണിറ്റിയിൽ ഇതുവരെ കണ്ടില്ല. പുതിയ രീതിയിലുള്ള സ്ക്രോൾബാർ - മറഞ്ഞിരിക്കുകയും മൗസെത്തുമ്പോൾ മാത്രം പ്രത്യക്ഷമാവുകയും ചെയ്യുന്ന രീതിയിലുള്ളത് - അധികം മൗസ് ഓട്ടെണ്ട എന്നതിനുപരി എന്തെങ്കിലും ഗുണം കാര്യമായി ചെയ്യുന്നുണ്ടോയെന്നറിയില്ലെങ്കിലും രസമുണ്ട്. ഉപയോക്താക്കൾക്ക് പരിചിതമല്ലാത്ത സമ്പർക്കമുഖമായതിനാൽ, ഉബുണ്ടു ഫോറം ഉണർന്നിരിപ്പുണ്ട്. നിസ്സാരമായ പ്രശങ്ങൾക്കു വരെ യൂണിറ്റി എന്ന് ടാഗ് ചെയ്താൽ അവിടെ ഇപ്പോൾ പെട്ടന്ന് പരിഹാരം ലഭിക്കുന്നുണ്ട്.

ദോഷങ്ങൾ
ലേണിങ് കർവ് എന്ന് പറയുന്ന സംഗതിയൊന്നുമില്ലെങ്കിലും, ചീത്ത വാർത്തകളും കേൾക്കുന്നതു കൊണ്ട് ഒരു സുഖം ആദ്യം തോന്നില്ല. പഴയ ഗ്നോം2-നെ അപേക്ഷിച്ച് ഇത്തിരിയൊക്കെ ബഗ്ഗിയാണ്. ഹാർഡ്‌വെയർ ഉപയോഗം യൂണിറ്റിയ്ക്ക് കൂടുതലാണ് (യൂണിറ്റി 2ഡി എന്ന കാഴ്ചയിൽ സമാനവും അടിസ്ഥാന സാങ്കേതികതയിൽ വ്യത്യസ്തവുമായ സൗകര്യം പ്രതിവിധിയാണ്). യൂണിറ്റി ശരിക്കും പ്രവർത്തിക്കാൻ ലാപ്‌ടോപ്പ് ക്ലീൻ ചെയ്യേണ്ടി വന്നു. ചില ആപ്ലിക്കേഷനുകൾ യൂണിറ്റിയുമായി പൂർണ്ണമായും ഇന്റഗ്രേറ്റ് ആയിട്ടില്ല. (എന്റെ പ്രിയപ്പെട്ട ഒരു ആപ്ലിക്കേഷനായ പാഴ്സെലൈറ്റ് സിസ്റ്റം ട്രേയിൽ സ്വതേ  കാണിച്ചിരുന്നില്ല (ഒടുവിൽ gsettings set com.canonical.Unity.Panel  systray-whitelist "['all']" എന്ന് കമാൻഡ് ലൈനിൽ നൽകി എല്ലാം പാസാക്കി വിടേണ്ടി വന്നു, അല്ലെങ്കിൽ dconf-tools ഇൻസ്റ്റോൾ ചെയ്ത ശേഷം dconf-editor ഉപയോഗിച്ചും ഇതു ചെയ്യാം). ആപ്ലിക്കേഷനുകളുടെ പേര് ശരിക്കും ഓർമ്മയില്ലെങ്കിൽ അതു തുറക്കൽ അത്രയെളുപ്പമല്ല, ഉദാഹരണത്തിന് സ്റ്റോറേജ് ഡിവൈസ് മാനേജർ എന്ന ആപ്ലിക്കേഷൻ storage എന്നെങ്കിലും ഓർമ്മയുണ്ടെങ്കിലേ കിട്ടുകയുള്ളു. ആ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള കമാൻഡ് ആയ pysdm എന്നു സേർച്ച് ചെയ്താൽ കൂടി കിട്ടില്ല (പ്രതിവിധി: Alt+F2 എന്നിട്ട് gksudo pysdm ;-)] . ബൂട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ വൈഫൈ-ബ്ലൂടൂത്ത് ബട്ടൺ ഓണാണെങ്കിൽ മാത്രമേ എന്റെ ലാപ്‌ടോപ്പിൽ വൈഫൈ ലഭിക്കുന്നുള്ളു (പ്രതിവിധി ഇതുവരെ കിട്ടിയിട്ടില്ല). ലോഞ്ചറിലെ ആപ്ലിക്കേഷൻ എന്ന ബട്ടണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ സ്വഭാവമനുസരിച്ച് എടുക്കാമെങ്കിലും ഒരു ഗുമ്മില്ല. ലോഞ്ചറിൽ (സോഫ്റ്റ്‌വേർ സെന്ററിലും) പുതിയ ആപ്ലിക്കേഷനുകളുടെ "പരസ്യം" കാണിക്കുന്നത് ആദ്യം ഗുണപ്രദമായി തോന്നുമെങ്കിലും പിന്നീടത്ര രസമായി തോന്നണമെന്നില്ല.  യൂണിറ്റിയുടെ ലൈസൻസ് സ്വതന്ത്രമാണെങ്കിലും സങ്കീർണ്ണമാണ്. സ്വതന്ത്ര സോഫ്റ്റ്‌വേർ പഞ്ചഗുസ്തിയിൽ പെട്ട് ഗ്നോമിൽ തങ്ങളുടെ സേവനങ്ങൾ ഉൾപ്പെടുത്താൻ കഴിയാതിരുന്ന, ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സ്വന്തമായി ബാസാറും ലോഞ്ച്പാഡും വികസിപ്പിക്കേണ്ടി വന്ന, അതേസമയം ലിനക്സ് പ്രചരിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനി മുൻകരുതലെടുത്തതിൽ അവരുടെ കാഴ്ചപ്പാടിൽ തെറ്റുണ്ടാവാനിടയില്ല. സോഫ്റ്റ്‌വേർ ലൈസൻസ് സങ്കീർണ്ണത സാധാരണ ഉപയോക്താക്കളെ ഒട്ടു ബാധിക്കുകയുമില്ല.

അന്തിമവിധി
സംഗതി അത്ര മോശമൊന്നുമല്ല. ആർക്കും അനായാസം ഉപയോഗിക്കാം. അടുത്ത ഉബുണ്ടു വേർഷനിൽ ഗ്നോം 2 ഇല്ലെന്നും ഗ്നോം 3 ആണെന്നും കേൾക്കുന്നു. മറ്റ് ലിനക്സ് വിതരണങ്ങളും വൈകാതെ തന്നെ ഗ്നോം 3-യിലോട്ട് മാറുമെന്നാണ് കേൾക്കുന്നത്. അതോടെ യൂണിറ്റിയുടെ ചീത്തപ്പേര് പൂർണ്ണമായും മാറും എന്നാണ് ഗ്നോം 3-ലെ എന്റെ അനുഭവം വെച്ച് തോന്നുന്നത് :) പണ്ട് ആപ്ലിക്കേഷൻ ബോർഡറിലെ ക്ലോസ്, മിനിമൈസ്, മാക്സിമൈസ് ബട്ടണുകൾ ഇടത്തോട്ട് മാറ്റിയപ്പോൾ ആരെങ്കിലും യൂണിറ്റി സ്വതേയുള്ള സമ്പർക്കമുഖമാകാനുള്ള പോക്കാണെന്ന് നിരൂപിച്ചിരുന്നില്ലല്ലോ. മത്തായി ചുമ്മാ കിണറ്റിൽ ചാടില്ലല്ലോ.

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഉബുണ്ടു 11.04 : നാറ്റി നർവാൾ



ഉബുണ്ടുവിന്റെ പുതിയ പതിപ്പ് 11.04 പുറത്തിറങ്ങി. നാറ്റി നർവാൾ എന്നു പേരിട്ടിരിക്കുന്നഈ പതിപ്പ് 2011 ഏപ്രിൽ 28-നാണ് പുറത്തിറങ്ങിയത്. പതിപ്പിന്റെ നമ്പറായ 11.04 എന്നതിലെ 11 എന്നത് 2011 എന്ന വർഷത്തേയും 04 എന്നത് ഏപ്രിൽ മാസത്തെയും സൂചിപ്പിക്കുന്നു. അടുത്ത പതിപ്പ് 2011 ഒക്ടോബർ മാസം പുറത്തിറങ്ങും. ഉബുണ്ടുവിന്റെ കഴിഞ്ഞ പതിപ്പുകളിൽ നിന്ന് ആദ്യം കാണുന്ന മാത്രയിൽ തന്നെ നിരവധി പ്രത്യേകതകളുമായിട്ടാണ് ഈ പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്.

ഡൗൺലോഡ്


എല്ലാ തവണത്തെയും പോലെ ഇത്തവണയും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ഉബുണ്ടു ഡൗൺലോഡ് ചെയ്യുന്നതിനു ഉബുണ്ടൂവിന്റെ ഔദ്യോഗിക സൈറ്റിലുള്ള കണ്ണി സന്ദർശിച്ചാൽ മതിയാകും. ടോറന്റ് പോലുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്നതിനു ഈ കണ്ണി ഉപയോഗിക്കുക. ഇങ്ങനെ ഡൗൺലോഡ് ചെയ്ത ISO ഇമേജ് ഒരു സി.ഡിയിലേക്ക് പകർത്തിയോ അല്ലെങ്കിൽ പെൻഡ്രൈവിലേക്ക് പകർത്തിയോ ഇൻസ്റ്റാൾ ചെയ്യാം.

ഉബുണ്ടു 10.10 ഉപയോഗിക്കുന്നവർക്ക് 11.04 നേരിട്ട് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യാം. അതിനായി ആദ്യം alt+f2 കീകൾ പ്രസ് ചെയ്യണം തുറന്നു വരുന്ന വിൻഡോവിൽ update-manager -d എന്നു ടൈപ്പ് ചെയ്ത് Run അമർത്തുക. തുടർന്ന് Upgrade എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിശദമായി അറിയുന്നതിനു ഈ കണ്ണി ഞെക്കുക.

സവിശേഷതകൾ

നാറ്റി നെർവാളിന്റെ സവിശേഷതകൾ താഴെ പറയുന്നു.

  • ലിനക്സ് കേർണലിന്റെ ഏറ്റവും പുതിയ പതിപ്പായ 2.6.38-8-generic കേർണൽൽ
  • സാധാരണ ഉപയോഗിച്ചു വരുന്ന ഡെസ്ക്ടോപ്പിനു പകരം യൂനിറ്റി ഡെസ്ക്ടോപ്പ്
  • ഇതുവരെ ഉപയോഗിച്ചിരുന്ന ഓപ്പണോഫീസ് ഓഫീസ് സ്യൂട്ടുകൾക്കു പകരം ലിബ്രെ ഓഫീസ്
  • ബാൻഷീ മീഡിയ പ്ലേയർ എന്ന പുതിയ മീഡിയ പ്ലേയർ


ഇതിൽ സാധാരണ ഒരു ഉപയോക്താവിനെ സംബന്ധിച്ചെടുത്തോളം പ്രധാനമായി കാണുന്ന വ്യത്യാസം യൂനിറ്റി ഡെസ്ക്ടോപ്പ് തന്നെയായിരിക്കും. ഒരു സാധാരണ യൂസറെ സംബന്ധിച്ചെടുത്തോളം ഇതുവരെ ഉപയോഗിച്ചുവന്ന ഡെസ്ക്ടോപ്പ് സമ്പ്രദായങ്ങളിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നം സ്വാഭാവികമായി ഉണ്ടാകും. ഉബുണ്ടു നാറ്റി നെർവാൾ ആദ്യമുപയോഗിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം ഈ ഗൂഗ്‌ൾ ബസ്സിൽ വിവരിച്ചിരുന്നു.

യഥാർത്ഥത്തിൽ യൂനിറ്റി ഡെസ്ക്ടോപ്പ് ലാപ്പ്ടോപ്പുകൾക്കോ ഡെസ്ക്ടോപ്പുകൾക്കോ പകരം നോട്ടുബുക്കുകൾക്കോ , ടച്ച് സ്ക്രീൻ ഉപയോഗിക്കാവുന്ന ടാബ്‌ലറ്റുകൾക്കോ ആണു കൂടുതൽ ഇണങ്ങുക.

യൂനിറ്റി ഡെസ്ക്ടോപ്പിന്റെ പ്രവർത്തനമറിയാൻ ഈ യുട്യൂബ് വീഡിയോ കാണുക.



യൂനിറ്റി ഡെസ്ക്ടോപ്പ് എങ്ങനെ ഒഴിവാക്കാം?

പ്രവർത്തിപ്പിച്ചു ശീലം വരുന്നതു വരെ യൂനിറ്റി ഡെസ്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത തോന്നാം. ഞാൻ നേരത്തെ എന്റെ ബസ്സിൽ സൂചിപ്പിച്ചതു പോലെ അപ്‌ഗ്രേഡ് ചെയ്യണ്ടായിരുന്നു എന്നു വരെ ചിന്തിച്ചേക്കാം. വിഷമിക്കേണ്ട. ഒരു നിമിഷം കൊണ്ട് നിങ്ങളുടെ പഴയ ഉബുണ്ടു ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് തന്നെ മടങ്ങിയെത്താം. അതെ അപ്‌ഗ്രേഡ് ചെയ്താലും. അതെങ്ങനെയെന്ന് താഴെ വിശദീകരിക്കുന്നു.

ആദ്യം നിങ്ങൾ ഉപയോഗിച്ചു വരുന്ന യൂസർ ലോഗൗട്ട് ചെയ്യണം. ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ യൂസർ നേം ഞെക്കുക. താഴെ കാണുന്ന പാനലിൽ Unity 2D എന്നെഴുതിക്കാണാം. അതുമാറ്റി ഉബുണ്ടു ക്ലാസിക് തെരഞ്ഞെടുക്കുക. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും തെരഞ്ഞെടുക്കുക. സാധാരണ ലോഗിൻ ചെയ്യുന്നതു പോലെ പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക. സാധാരണ ഉപയോഗിച്ചു വരുന്ന ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് നിങ്ങൾ മാറിയിട്ടുണ്ടാകും. :)

ഉബുണ്ടു 10.10-ലേതു പോലെ വിൻഡോയിലെ ബട്ടണുകൾ ഇതിലും മാക് ഒ.എസിലേതു പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. അതുമാറ്റി പഴയ രീതിയിലാക്കണമെങ്കിൽ ഈ കണ്ണിയിൽ പറയുന്നതു പോലെ ചെയ്യൂ.
മലയാളം

കമ്പ്യൂട്ടറിൽ മലയാളം സാധാരണ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആദ്യം നോക്കിയത് മലയാളം സപ്പോർട്ടാണ്. പഴയ പതിപ്പുകളിലേതു പോലെ 11.04-ഉം യൂനികോഡ് 5.0 അധിഷ്ഠിതമായ മലയാളം ഫോണ്ടുകൾ തന്നെയാണുപയോഗിച്ചിരിക്കുന്നത്. ഇതു കാരണം മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ചില്ലക്ഷരങ്ങൾക്കു പകരം ® എന്നാകും കാണുക. അതൊഴിവാക്കാൻ യൂനികോഡ് 5.1 അധിഷ്ഠിതമായ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തുപയോഗിക്കുക. ഫോണ്ട് സജ്ജീകരണത്തെക്കുറിച്ച് കൂടുതലറിയാൻ എന്റുബുണ്ടുവിലെ ഈ പോസ്റ്റ് കാണുക.

മലയാളം ടൈപ്പ് ചെയ്യാൻ ലിപിമാറ്റരീതികളായ മൊഴിയോ, സ്വനലേഖയോ, അല്ലെങ്കിൽ ഇൻസ്ക്രിപ്റ്റോ ഉപയോഗിക്കാം. ഓൾട്ടെർനേറ്റീവ് ഇൻപുട്ടിനായി ഐബസ് ആണ് ഉബുണ്ടുവിലുള്ളത്. ഇത് ലോഗിൻ ചെയ്യുമ്പോൾ തന്നെ പ്രവർത്തന സജ്ജമാകാൻ താഴെ വിവരിച്ചിട്ടുള്ളതു പോലെ ചെയ്യുക.

System > Preferences > Startup Applications


Add എന്ന ബട്ടൺ ഞെക്കുക

Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon


എന്നു നൽകുക, ലോഗൗട്ട് ചെയ്ത് ലോഗിൻ, റീസ്റ്റാർട്ട് എന്നിവയിലേതെങ്കിലും ചെയ്യുക. അതിനു ശേഷം കണ്ട്രോൾ+സ്പേസ് അടിച്ചാൽ ഐബസ് പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം മലയാളം ലഭ്യമാകണമെന്നുണ്ടെങ്കിൽ ഐബസിൽ മലയാളം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി എന്റുബുണ്ടുവിലെ ഈ പോസ്റ്റ് സന്ദർശിക്കുക.

കൂടുതൽ വായനയ്ക്ക്


ഒരു പുതിയ ഉബുണ്ടു അനുഭവം ആശംസിക്കുന്നു.
Creative Commons License
എന്റുബുണ്ടു (entubuntu.blogspot.com) ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് അൺപോർട്ടട് അനുമതി പ്രകാരം ഉപയോഗിക്കാം.